KeralaLatest

പരിസ്ഥിതി പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ടിൻ്റെ പാരമ്പര്യവുമായി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി

“Manju”

വി.എം.സുരേഷ് കുമാർ വടകര

വടകര :  കഴിഞ്ഞ കാൽനൂറ്റാണ്ടായി സമൂഹ്യ വനവൽക്കരണത്തിനും ബോധവൽക്കരണത്തിനും നേതൃത്വം നൽകി വടകര താലൂക്കിലെ കുറുന്തോടിയിൽ പ്രവർത്തിക്കുന്ന തുഞ്ചൻ സ്മാരക ലൈബ്രറി പരിസ്ഥിതി പ്രവർത്തന രംഗത്ത് ശ്രദ്ധേയമാകുന്നു.

1995 മുതൽ വനം വകുപ്പുമായി സഹകരിച്ചു കൊണ്ടാണ് ലൈബ്രറി കുറുന്തോടി പ്രദേശത്ത് പരിസ്ഥിതി രംഗത്ത് തുടർച്ചയായ പ്രവർത്തനം കാഴ്ചവെച്ചത് . ആദ്യകാലത്ത് വനം വകുപ്പിൻ്റെ വൃക്ഷതൈനേഴ്സറികളും ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു . ലൈബ്രറിയുടെ പ്രവർത്തന ഫലമായി കുറുന്തോടി പ്രദേശത്തെ എല്ലാ വീടുകളിലും നൂറു കണക്കിന് വൻ മരങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.
കുറുന്തോടിയെ പച്ച പുതപ്പിച്ച പ്രവർത്തനമാണ് കാൽ നൂറ്റാണ്ടായി ലൈബ്രറി നടത്തി വരുന്നത് . ഈ പ്രദേശത്തെ ഗൃഹനിർമ്മാണമുൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾക്ക് ഇങ്ങനെ വെച്ചുപിടിപ്പിച്ച മരങ്ങളെയാണ് ജനങ്ങൾ പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് .
ഇതു കൂടാതെ ജനങ്ങളിൽ പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനായി ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ ,പരിസ്ഥിതി ക്വിസ് മത്സരങ്ങൾ എന്നിവയും എല്ലാ വർഷവും നടത്തി വരുന്നു . ഈ വർഷം കോഴിക്കോട് നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെയാണ് ലൈബ്രറി പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചത് .
സൗജന്യ വൃക്ഷതൈ വിതരണം ,സമൂഹത്തിന് വെളിച്ചമായി പ്രവർത്തിച്ച മൺമറഞ്ഞ നേതാക്കളുടെ പേരിലുള്ള ‘സ്മൃതി വൃക്ഷം , ജൈവകൃഷി ,പരിസ്ഥിതി ക്വിസ് തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്.കോഴിക്കോട് നെഹ്രു യുവകേന്ദ്ര ജില്ലാ കോ-ഓഡിനേറ്റർ സനൂപ്. സി പരിസ്ഥിതി വാരാചരണം ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണൻ ,സെക്രട്ടരി ടി.പി.രാജീവൻ ,സൈദ് കുറുന്തോടി, ലിഷ അനിൽ,എം.പി.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.60 വർഷത്തിൽ എത്തി നിൽക്കുന്ന കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി കൊറോണാ കാലത്തും പരിസ്ഥിതി പ്രവർത്തനത്തിൽ മാതൃകയാവുകയാണ് .

 

Related Articles

Back to top button