KeralaLatest

വിശ്വഹിന്ദു പരിഷത്തിന്‍റെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും.

“Manju”

 

തിരുവനന്തപുരം • സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തില്‍. സാമൂഹിക അകലം ഉള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഉടന്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ് പല ആരാധനാലയങ്ങളും. വിശ്വഹിന്ദു പരിഷത്തിന്‍റെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും. സര്‍ക്കാര്‍ തീരുമാനം വരുമാനം ലക്ഷ്യമിട്ടാണെന്നും ഹിന്ദുസംഘടനകളുമായി ആലോചിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ചൊവ്വാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അമ്പലങ്ങളില്‍ ദര്‍ശന സമയം ക്രമീകരിച്ചിട്ടുണ്ട്. ക്ലോക്ക് റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാകില്ല. ദര്‍ശനം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശനം വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി നിയന്ത്രിക്കും. രാവിലെ 8.15 മുതല്‍ 11.15 വരെയും വൈകിട്ട് 4.15 മുതല്‍ 6.30 വരെയുമാണ് ദര്‍ശനം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി. രാവിലെ 9.30 മുതൽ 1.30 വരെയാണ് ദര്‍ശനം.
പള്ളികള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന് സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി, ചങ്ങനാശേരി അതിരൂപതകള്‍ തീരുമാനിച്ചു. കൊല്ലം ലത്തീന്‍ രൂപത പള്ളികള്‍ 13 വരെ തുറക്കില്ല. മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനം 30 വരെ ഉണ്ടാകില്ല. എന്നാല്‍ യാക്കോബായ സഭാ ദേവാലയങ്ങള്‍ നാളെ തുറക്കും. പരുമല പള്ളി വിശ്വാസികൾക്കായി തുറന്ന് കൊടുക്കണോ എന്ന് ഓർത്തോഡോക്സ് സഭ സൂനഹദോസിൽ തീരുമാനമാകും. പരുമല തിരുമേനിയുടെ കബറിടംമാത്രം ദർശനത്തിനു തുറന്ന് കൊടുത്ത്, തീർഥാടകരെ ക്രമീകരിക്കാനാണ് ആലോചന.
നഗരങ്ങളിലെ മസ്ജിദുകള്‍ തുറക്കില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ അറിയിച്ചു. തൃശൂര്‍, കൊച്ചി നഗരങ്ങളിലും പശ്ചിമ കൊച്ചിയിലും മസ്ജിദുകള്‍ 30 വരെ തുറക്കില്ല. മലപ്പുറം ജില്ലയിലെ മസ്ജിദുകള്‍ ചൊവ്വാഴ്ച തുറക്കില്ലെന്നു കോ ഒാര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. മമ്പുറം മഖാം, മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ്, തിരുവനന്തപുരം പാളയം, കോഴിക്കോട് പാളയം, പട്ടാളപ്പള്ളി, കാസര്‍കോട് മാലിക് ദീനാര്‍ മസ്ജിദുകളും തുറക്കില്ല.

Related Articles

Back to top button