Latest

ഭോപ്പാലിൽ നിന്ന് ചെങ്ങന്നൂരിലേയ്ക്ക് കൊണ്ടു വന്ന മൃതദേഹം നാലര മണിക്കൂർ ചെക്ക് പോസ്റ്റിൽ തടഞ്ഞിട്ടു.

“Manju”

ചെങ്ങന്നൂർ: ഭോപ്പാലിൽ നിന്ന് ചെങ്ങന്നൂരിലേയ്ക്ക് കൊണ്ടുവന്ന വയോധികന്റെ മൃതദേഹം നാലര മണിക്കൂർ കുമളി ചെക്ക് പോസ്റ്റിൽ തടഞ്ഞിട്ടു. ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ ആലപ്പുഴ ജില്ലാ കളക്ടർ എം.അലക്സാണ്ടറുമായി ബന്ധപ്പെട്ടാണ് മൃതദേഹം നാട്ടിലെത്തിച്ചത്.ഭോപ്പാലിലുള്ള മകൾ മേഴ്സിയുടെ വീട്ടിലായിരുന്ന ചെങ്ങന്നൂർ മംഗലം ചെന്നാട്ട് പടിഞ്ഞാറേതിൽ സി.എ.കൊച്ചിട്ടി (കുഞ്ഞുമോൻ-72) കഴിഞ്ഞ 10 ന് രാത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് വീട്ടിൽ വെച്ച് മരണമടഞ്ഞത്.കഴിഞ്ഞ 11 ന് ഉച്ചയോടെ ഇരുമ്പ് പെട്ടിയിൽ ഐസ് നിറച്ചാണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവന്നത്.ഇന്നലെ രാവിലെ 8 മണിയോടെ കുമളി ചെക്ക് പോസ്റ്റിൽ എത്തിയ ആംബുലൻസ് കോവിഡ് 19 ജാഗ്രതയിൽ രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ കടത്തിവിടാതെ പിടിച്ചിടുകയായിരുന്നു. ഐസ്സ് ഉരുകി തീർന്ന് മ്യതദേഹം കേടാകുമെന്നു അറിയിച്ചിട്ടും അധികൃതർ കടത്തി വിടാൻ തയ്യാറായില്ല. കൊച്ചിട്ടിയുടെ മകൻ മുൻ കൗൺസിലർ കൂടിയായ ജോസ് മംഗലം നഗരസഭാ ചെയർമാൻ കെ.ഷിബു രാജനുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്.ചെയർമാൻ കെ.ഷിബു രാജൻ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് കോവിഡ് 19 ജാഗ്രതയിൽ രജിസ്റ്റർ ചെയ്ത് അര മണിക്കൂറിനകം യാത്രാ അനുമതി നൽകി. സാധാരണ രജിസ്റ്റർ ചെയ്താൽ 14 മണിക്കൂറിനു ശേഷമാണ് യാത്രാനുമതി ലഭിക്കുന്നത്. മൃതദേഹം ആംബുലൻസിൽ എത്തിക്കുന്നതിനാൽ ഡി.എം.ഒ.യുടെ അനുമതിയും വേണ്ടിവന്നു.ചെയർമാൻ ഡപ്യൂട്ടി ഡി.എം.ഒ. ഡോ. ദീപ്തിയുമായി ബന്ധപ്പെട്ട് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അനുമതി വാങ്ങുകയായിരുന്നു.

മൃതദേഹം അന്യസംസ്ഥാനത്തു നിന്നു കൊണ്ടുവരുന്നതിനാലും മറ്റു രേഖകൾ പരിശോധിക്കുന്നതിനുള്ള സമയ കുറവുകൊണ്ടും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാര ചടങ്ങുകൾ നടത്താമെന്ന് ചെയർമാൻ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ യുടെ അനുമതി ലഭിച്ചത്. ഇതേ തുടർന്നാണ് ഉച്ചയ്ക്ക് 12.30 ഓടെ മൃതദേഹം ചെക്ക് പോസ്റ്റ് കടത്തിവിട്ടത്.മൃദദേഹം പള്ളിയിലും, വീട്ടിലും പ്രവേശിപ്പിക്കാതെ മംഗലം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിലെ സെല്ലിനു സമീപം വെച്ച് സംസ്കാര ചടങ്ങുകൾ നടത്തി സെല്ലിൽ വെക്കുകയായിരുന്നു.നഗരസഭാ ചെയർമാൻ കെ.ഷിബുരാജന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ പോലീസ്, ജില്ലാ ആശുപത്രിയിലെ ആരോഗ്യ വിഭാഗം ജീവനക്കാർ, നഗരസഭാ കൗൺസിലർമാർ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

Related Articles

Back to top button