KeralaLatestMalappuram

ഓട്ടോകള്‍ക്ക് സൗജന്യമായി ഇന്ധനം നിറയ്‌ക്കാൻ ഒരുലക്ഷം രൂപ പമ്പിലേല്‍പ്പിച്ച്‌ യുവാവ്

“Manju”

സിന്ധുമോള്‍ ആര്‍

 

പെരിന്തല്‍മണ്ണ: ഓട്ടോകള്‍ക്ക് സൗജന്യമായി ഇന്ധനം നിറയ്ക്കാം എന്ന​ വാര്‍ത്ത കണ്ട് ഓട്ടോക്കാരെല്ലാം ഓടിയെത്തി. നൂറുകണക്കിന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് നഗരത്തിലെ പെട്രോള്‍ പമ്പില്‍ ഓട്ടോറിക്ഷകള്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതറിഞ്ഞ് തടിച്ചുകൂടിയത്. രാജ്യത്ത് പെട്രോളിനും ഡീസലിനും ദിവസവും വില ഉയരുമ്പോള്‍ സൗജന്യമായി എണ്ണ അടിച്ച്‌ തരാമെന്ന് പറഞ്ഞ ആ നല്ല മനസിന് ഓട്ടോക്കാര്‍ നന്ദിയും പറഞ്ഞു.

പെരിന്തല്‍മണ്ണയിലെ യുവാവാണ് ഓട്ടോക്കാര്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കാന്‍ ഒരു ലക്ഷം രൂപ പെട്രോള്‍ പമ്പില്‍ ഏല്‍പ്പിച്ചത്. തിങ്കളാഴ്ച വെെകിട്ടായിരുന്നു സംഭവം. കുറച്ചധികം ഓട്ടോകളില്‍ പെട്രോള്‍ അടിച്ചു കഴിഞ്ഞ ശേഷമാണ് സംഭവത്തിനു പിന്നിലെ കഥയറിയുന്നത്. അപ്പോഴേക്കും പല ദിക്കുകളില്‍നിന്നായെത്തിയവര്‍ 37,000 രൂപയുടെ ഇന്ധനം നിറച്ചുകഴിഞ്ഞിരുന്നു.

ഓട്ടോറിക്ഷക്കാര്‍ക്ക് സൗജന്യമായി ഇന്ധനം നിറച്ച്‌ നല്‍കണമെന്നായിരുന്നു യുവാവ് പമ്പ് ഉടമയോട് ആവശ്യപ്പെട്ടത്. യുവാവിന്റെ ഒപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. യുവാവ് പറഞ്ഞത് അനുസരിച്ച്‌ ഒരു ലക്ഷം രൂപ പമ്പുടമ വാങ്ങിവെച്ചു. പിന്നാലെ പെരിന്തല്‍മണ്ണയിലെ വാട്സാപ്പ് ​ഗ്രൂപ്പുകളിലൂടെ സന്ദേശം പായുകയും ഓട്ടോകള്‍ നിരനിരയായി കുതിച്ചെത്തുകയും ചെയ്തു.
ഇടയ്ക്ക് ചെറിയതോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണ് തുക പെട്രോള്‍ പമ്പിലേല്‍പ്പിച്ച യുവാവ്. ജൂബിലിറോഡ് സ്വദേശിയും ഓട്ടോഡ്രൈവറുമാണ്. ഇയാള്‍ സ്ഥലംവിറ്റ പണം വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍നിന്നാണ് ഒരുലക്ഷം രൂപ പമ്പ് ജീവനക്കാരെ ഏല്‍പ്പിച്ചത്. പമ്പിലെത്തിയ യുവാവ് ഓട്ടോറിക്ഷക്കാര്‍ പാവപ്പെട്ടവരാണെന്നും വരുന്നവര്‍ക്കെല്ലാം അഞ്ചുലിറ്റര്‍വീതം ഇന്ധനം നിറച്ചുകൊടുക്കാനും പറഞ്ഞു. ഇതനുസരിച്ച്‌ പമ്പുകാര്‍ ഓട്ടോകള്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കാന്‍ തുടങ്ങി. ഇതിനിടയിലാണ് യുവാവിനൊപ്പമുണ്ടായിരുന്ന മകന്‍ വീട്ടിലെത്തിയപ്പോള്‍ വിവരം പറഞ്ഞത്.
ചില ഓട്ടോക്കാരും പറഞ്ഞതോടെ വീട്ടുകാര്‍ ചന്തയില്‍ പരിചയമുള്ള കച്ചവടക്കാരനുമായി ബന്ധപ്പെട്ടു. ഇയാള്‍ പമ്പിലെത്തി വിതരണം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ 105 ഓട്ടോകളില്‍ ഇന്ധനം നിറച്ചിരുന്നു. ഇതോടെ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തി ബാക്കി പണം തിരിച്ചേല്‍പ്പിച്ചു. സൗജന്യമായി ഇന്ധനം നിറച്ചവര്‍ സാധിക്കുമെങ്കില്‍ പണം തിരികെ നല്‍കണമെന്നറിയിച്ചുള്ള സന്ദേശങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതറിഞ്ഞ ഓട്ടോ ഡ്രൈവര്‍മാരില്‍ ചിലര്‍ തിരികെ എത്തി പണം നല്‍കുന്നതായിട്ടാണ് വിവരം.

Related Articles

Back to top button