ArticleKeralaLatest

ഗവർണറെ കൊല്ലാൻ ശ്രമിച്ച ബീനാദാസ് എന്ന പെൺകുട്ടി

“Manju”

അനൂപ് എം സി

 

വർഷം : 1932 !
സ്ഥലം : കൽക്കട്ട
ഗവർണറെ കൊല്ലാൻ ശ്രമിച്ച ബീനാദാസ് എന്ന പെൺകുട്ടി

യൂണിവേസിറ്റിലെ കൺവൊക്കേഷൻ ഹാൾ
സന്ദർഭം : വിദ്യാർത്ഥികൾക്ക് ഗ്രാജുവേഷൻ കൊടുക്കുന്ന ചടങ്ങ്
വിശിഷ്ടാതിഥിയായ ഗവർണ്ണർ സ്റ്റാൻലി ജാക്സൺ പ്രസംഗിക്കാനെഴുന്നേറ്റു ….

പെട്ടന്നാണ് ഹാളിനെ മുഴക്കിക്കൊണ്ടൊരു വെടി ശബ്ദം മുഴങ്ങിയത്. ….
ഒന്നല്ല ! തുടർച്ചയായ് അഞ്ച് തവണ ! അതും ഗവർണ്ണർക്ക് നേരെ !
അഞ്ചാമത്തെ വെടിയുണ്ട ഗവർണ്ണറുടെ ചെവിയിൽ ചൂളം മുഴക്കിക്കൊണ്ട്
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്നു പോയി ..
ഒട്ടും താമസിയാതെ തന്നെ തോക്ക് കൈവശം വെച്ച
ആ മെലിഞ്ഞ പെൺകുട്ടിയെ പോലീസ് പിടികൂടി.

ബീനാ ദാസ് !
അതായിരുന്നു അവരുടെ പേര്.
അങ്ങനെ ഗവർണ്ണറെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് വെറും 21 വയസുള്ള
ബീനാ ദാസിനെ 9 വർഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു.

അറിയുമോ ഈ ബീനാ ദാസിനെ?
ബേണി മാധബ് ദാസിൻ്റെയും സരളാദേവിയുടെയും രണ്ടാമത്തെ മകളെ?

അച്ഛനും അമ്മയും ചേച്ചി കല്യാണിദാസും സാമൂഹ്യ സേവകർ…..
പെൺകുട്ടികൾക്ക് തുല്യനീതി ഉറപ്പാക്കുന്നതിൽ വിശ്വസിച്ചവർ…

സ്വതന്ത്ര രാജ്യത്തെ ഊണിലും ഉറക്കത്തിലും പോലും ശ്വസിച്ചവർ….
വിപ്ലവത്തിലൂടെ മാത്രം സ്വാതന്ത്രമെന്ന് വിശ്വസിച്ചവർ …
ഇങ്ങനെ ജീവിച്ച മാതാപിതാക്കളുടെ മകൾക്കെങ്ങനെ മാറി ചിന്തിക്കാനാവും?

അവരിൽ ബ്രിട്ടീഷക്രമങ്ങൾക്കെതിരെ ഒരു
കനൽ സദാ എരിഞ്ഞു കൊണ്ടിരുന്നു
അവർ കുടുംബത്തോടൊപ്പം വിപ്ലവ സംഘടനകളിൽ അംഗമായി ..

സ്കൂൾ പഠനകാലത്ത്, അധികൃതർ സംഘടിപ്പിച്ച വൈസ്രോയുടെ ഭാര്യയ്ക്കുള്ള
സ്വീകരണ ചടങ്ങ് പോലും അപമാനമായി കരുതി
ഒഴിഞ്ഞു നിന്ന ആ തീപ്പൊരിയെ എണ്ണ പകർന്ന് ആളിക്കത്തിച്ചത് സാക്ഷാൽ
‘സുഭാഷ് ബാബു ‘ വിൻ്റെ പ്രസംഗങ്ങൾ തന്നെയായിരുന്നു. ബോസിനെ കേട്ട് കേട്ട്
അവർ സ്വാതന്ത്രത്തിനു വേണ്ടി അഗ്നി കണക്ക് ജ്വലിച്ചു കൊണ്ടിരുന്നു.
അങ്ങനെ ഭാരതം അവർക്കൊരു പേരിട്ടു – അഗ്നികന്യ

തുടർന്ന് അഗ്നികന്യകയും കൂട്ടുകാരും സൈമൺ കമ്മീഷണെതിരെ ശബ്ദമുയർത്തി . തൽഫലമായി നിരവധി ഇംഗ്ലീഷുകാരികൾക്ക് കോളേജിൽ നിന്ന് രാജിവെച്ചൊഴിയേണ്ടതായ് വന്നു.

‘കരേങ്കേ യാ മരേങ്കേ’ ഇതായിരുന്നു അവരുടെ മുദ്രാവാക്യം.
ആ മുദ്രാവാക്യം പ്രാവർത്തികമാക്കാനാകും
ഗവർണ്ണർ തൻ്റെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നുവെന്നറിഞ്ഞപ്പോൾ
ബീന ദാസ് അയാളെ വധിക്കാൻ തീരുമാനിച്ചത് .
കൈത്തോക്കെത്തിച്ച കമലദാസ് ഗുപ്ത , അവരുടെ പ്രിയ സഖിയായിരുന്നു.

അങ്ങനെ തൻ്റെ ബിരുദദാന ചടങ്ങിനെത്തിയ ഗവർണ്ണറെ
അയാളുടെ പ്രസംഗത്തിനിടെ അവർ നിറയൊഴിച്ചു.

പക്ഷെ ! അവരുടെ ഉദ്ദേശം സാധിച്ചില്ല.
രണ്ട് തവണ നിറയൊഴിച്ചതോടെ
ബീനാ ദാസിൻ്റെ കൈയ്യിൽ കയറി പിടിച്ചത് ഹസൻ സുഹ്രവർദ്ദിയാണ്.

ഹസൻ അവരെ പിടിച്ചു വെക്കാൻ ശ്രമിക്കുമ്പോഴും
അവർ നിറയൊഴിച്ചു കൊണ്ടിരുന്നു.
ആയുസിൻ്റെ ബലം കൊണ്ട് മാത്രം ഗവർണ്ണർ രക്ഷപ്പെട്ടു.
ഹസന് പ്രതിഫലമായി നൈറ്റ്ഹുഡ് പദവി ലഭിച്ചു.
ബീനാ ദാസിന് 9 വർഷം തടവും !

കോടതിയിൽ അവരിങ്ങനെയാണ് പറഞ്ഞത്

” സെനറ്റ് ഹൌസിൽ നടന്ന അവസാനത്തെ സമ്മേളന ദിവസം ഗവർണർക്കു നേരെ നിറ ഒഴിച്ചതായി ഞാൻ കുറ്റസമ്മതം നടത്തുന്നു . അതിന്റെ പൂർണ ഉത്തരവാദത്വവും ഞാൻ ഏറ്റെടുക്കുന്നു . എന്റെ ആത്മാഹുതി ഞാൻ തീരുമാനിച്ചതാണ് , പക്ഷെ മരിക്കുകയാന്നെങ്കിൽ അത് അഭിമാനത്തോടെ , എന്റെ രാജ്യത്തെ പതിറ്റാണ്ടുകളായി അടച്ചമർത്തി ,വാക്കുകൾക്കതീതമായ അപമാനഭാരവും വേദനകളും അവൾക്കു സമ്മാനിച്ച കിരാത ഭരണകൂടത്തിനോടുള്ള യുദ്ധത്തിൽ ആവണം എന്നാണ് ഞാൻ ആഗ്രഹിച്ചത് . ഞാൻ ഗവർണർക്കു നേരെ നിറയൊഴിച്ചത് അവരാൽ ഇപ്പോൾ അടിച്ചമർത്തപ്പെട്ട എന്റെ ജന്മനാടിനോടുള്ള പ്രേമത്തിന് വേണ്ടി ആണ് . ഞാൻ ചെയ്തതൊക്കെയും എന്റെ രാജ്യത്തിന് വേണ്ടി ആണ് , രാജ്യത്തിന് വേണ്ടി ഞാൻ ചെയ്ത ഹിംസ , ഞാൻ എന്ന വ്യക്തിയുടെ സഹജഗുണങ്ങൾക്കു നേരെ ഉള്ള അക്രമവും ആയിരുന്നു ”

ജയിൽ ശിക്ഷയ്ക്ക് ശേഷവും അവർ വെറുതെയിരുന്നില്ല.
ആദർശങ്ങളിൽ നിന്ന് പിന്നോക്കം പോയതുമില്ല.
Quit India സമരങ്ങളിൽ പങ്കെടുത്തു.
വീണ്ടും ജയിൽ ശിക്ഷകളേറ്റു വാങ്ങി.
1947 ൽ ജതിഷ് ചന്ദ്ര ഭൗമികിനെ വിവാഹം കഴിച്ചു.
അവരൊരുമിച്ച് സ്വാതന്ത്ര്യo വരെ പോരാടിക്കൊണ്ടിരുന്നു.

പക്ഷെ സ്വാതന്ത്രത്തിന് ശേഷം ബീനാ ദാസ് ഏറെക്കുറെ നിശബ്ദയായി.
അധികാരത്തിനായുള്ള വടം വലികളിൽ അവരുടെ സാന്നിധ്യമുണ്ടായില്ല.
ഭാരത വിഭജനങ്ങൾ അവരെ മാനസികമായി ഏറെത്തളർത്തിയിരുന്നു.
ബംഗാൾ അഭയാർത്ഥികളോടുള്ള കോൺഗ്രസ്സിൻ്റെ
ക്രൂരമായ നിലപാട് അവരെ നിരാശയാക്കി.
ഇതു മൂലമാകണം കടുത്ത ദാരിദ്രമുണ്ടായിട്ടും
അവർ സ്വാതന്ത്രസമര പെൻഷൻപോലും സ്വീകരിച്ചില്ല!

ഭർത്താവിൻ്റെ മരണശേഷം അവർ സമൂഹത്തിൽ നിന്നകന്ന് ഋഷികേശിലേക്ക് പോയി
അവിടെയേതെങ്കിലും ആശ്രമത്തിൽ കഴിഞ്ഞിരിക്കാം ….

ഒടുവിൽ ഏതാനും വർഷങ്ങൾക്ക് ശേഷം …..

1986 …. ഡിസംബർ 26 ……
ഋഷികേശ് ലെ ഒരു അഴുക്ക് ചാലിന് മുമ്പിൽ കൂടി നിൽക്കുന്ന ചെറുതല്ലാത്ത ഒരാൾക്കൂട്ടം ..
അവിടെ ഒരു ഓടയിൽ നിന്ന് അഴുകി ജീർണ്ണിച്ച ഒരു മൃതദേഹം ഏതാനും വഴിപോക്കർ കണ്ടെടുത്തുവത്രേ !
അതറിഞ്ഞ് കൂടിയതാണ് ആൾക്കൂട്ടം … തുടർന്ന് അധികൃതർ ആ മൃതദേഹം ഏറ്റുവാങ്ങി… !

ഒരു മാസത്തിന് ശേഷമാണത്രേ ആളെയറിഞ്ഞത്
അതെ – ബീനാ ദാസ് അഥവാ അഗ്നികന്യ !

വേദനയാണ് … !
അത് അധികരിച്ചുണ്ടാവുന്ന ഒരു നിർവികാരതയാണ് മനസ്സിൽ !

അവശേഷിക്കുന്നത് ചില ചോദ്യങ്ങൾ മാത്രമാണ് …..

ആർക്കു വേണ്ടിയായിരുന്നു ബീനാ ദാസ് തനിക്ക് ലഭിക്കേണ്ട
ബിരുദം പോലും വേണ്ടന്ന് വെച്ച്
ഗവണ്ണറെ നിറയൊഴിച്ച് ജയിൽ വാസം സ്വീകരിച്ചത്?

ആർക്കു വേണ്ടിയാണവരുടെ ജീവിതം അഗ്നി പോൽ എരിഞ്ഞൊടുങ്ങിപ്പോയത്?

എനിക്ക് വേണ്ടി ….
നിങ്ങൾക്ക് വേണ്ടി …..
നമുക്ക് വേണ്ടി ….

എന്നിട്ട്? എന്നിട്ടെന്തുണ്ടായി ?
എന്താണവർക്ക് നമ്മൾ പകരം കൊടുത്തത് ?

1960 ൽ രാജ്യം അവർക്ക് പദ്മശ്രീ നൽകിയാദരിച്ചിരുന്നുവത്രേ !
തടഞ്ഞു വെച്ച ആ പഴയ ബിരുദ സർട്ടിഫിക്കറ്റ് രാജ്യം അവർക്ക് 2012 ൽ നൽകിയത്രേ !

നല്ലത് !
അത്രയെങ്കിലും ആദരവുണ്ടായല്ലോ ഭാഗ്യം !

പക്ഷെ …..

ആരോരുമറിയാതെ അഴുക്ക് ചാലിൽ വീണണഞ്ഞു പോയ ഒരു അഗ്നി കന്യക !
ആരെന്ന് തിരിച്ചറിയാൻ പോലുമാവാത്ത വിധമായ്പ്പോയ ഒരു അഗ്നികന്യക !
എന്തൊരു വിധിയാണത് ?! ആരാണുത്തരവാദികൾ ?!

ലജ്ജിക്കണം !
ഞാനും , നിങ്ങളും ലജ്ജിക്കണം !
നേരിട്ടവരുടെ ദു:സ്ഥിതിയിൽ പങ്കാളിയല്ലെങ്കിൽക്കൂടി
ഈയൊരഗ്നി കന്യയെ അറിയാൻ വൈകിയതിൽ നാം ലജ്ജിക്കണം!
ചരിത്ര പാഠങ്ങളിൽ വെറും ഒരു പേരായ്പ്പോലും
ബീനാദാസില്ലാതിരുന്നതിൽ ലജ്ജ തോന്നുന്നു.

അങ്ങനെയെത്രയെത്ര അഗ്നി കന്യമാർ ഭാരതഭൂവിൽ
ആരുമറിയാതെ എരിഞ്ഞടങ്ങി … !

ഇനിയെങ്കിലും …….
അറിയണം!
നമുക്ക് വേണ്ടി പോരാടിയൊടുങ്ങിപ്പോയ
പിതൃ – മാതൃ പരമ്പരകളെ സ്മരിക്കണം …

ഇനിയെങ്കിലും …
അനാവശ്യമായ ചരിത്രത്താളുകളെ കീറിയെറിയണം !

എന്നിട്ടവയെ ധീരദേശാഭിമാനികളെക്കൊണ്ട് നിറക്കണം !

നമ്മുടെ കുഞ്ഞുങ്ങൾ വീര്യമുള്ളവരാകട്ടേ !
രാജ്യാഭിമാനികളാകട്ടെ !

മുടങ്ങിപ്പോയ പിതൃ ഋണവും ഋഷി ഋണവും വീട്ടിത്തീർക്കുവാനായ് ….
അഗ്നി പോൽ ജ്വലിച്ച് അഗ്നികന്യയെന്ന പേരന്വർത്ഥമാക്കിയ ആ
ധീര മാതാവിൻ്റെ പാദങ്ങളിൽ സ്മരണാഞ്ജലികളൊടെ …

 

Related Articles

Back to top button