KeralaLatest

പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുല്ലപ്പള്ളി

“Manju”

 

തിരുവനന്തപുരം• ആരോഗ്യമന്ത്രി കെ.കെ. ശൈലജ കോവിഡ് റാണി പദവിക്കു ശ്രമിക്കുന്നുവെന്ന പരാമർശത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പറഞ്ഞ വാക്കുകൾ ശരിയാണ്. ആരെയും ആക്ഷേപിച്ചിട്ടില്ല. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്താണ് പ്രചരണം നടത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ആരും ഇല്ലാത്ത മേനി നടിക്കേണ്ട. ആരോഗ്യമന്ത്രി അത്ര വലിയ പ്രവര്‍ത്തനം നടത്തിയിട്ടില്ല . ആരോഗ്യമന്ത്രിയെ ബ്രിട്ടിഷ് പത്രം ‘റോക് ഡാന്‍സര്‍’ എന്നു വിശേഷിപ്പിച്ചു. ഏതൊരു മന്ത്രിയും ചെയ്യുന്നതു പോലെ ഗസ്റ്റ്ഹൗസിൽ അവലോകനയോഗം മാത്രമേ നിപ കാലത്തു നടത്തിയിട്ടുള്ളൂ. അതുകൊണ്ടാണ് ഗസ്റ്റ് ആർട്ടിസ്റ്റ് എന്നു താൻ വിശേഷിപ്പിച്ചത്. നിപ കാലത്ത് മണ്ഡലത്തിൽ തന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. അതിനു തെളിവും ഉണ്ട്. നിപയെ പ്രതിരോധിച്ചതിന്റെ അവകാശികൾ ആരോഗ്യപ്രവർത്തകരാണ്. ആ വിജയത്തിന്റെ കിരീടം ആരെങ്കിലും ധരിച്ചു പോകാൻ അനുവദിക്കില്ല – മുല്ലപ്പള്ളി പറയുന്നു.
ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണു താൻ ആരോഗ്യമന്ത്രിയെ ‘രാജകുമാരി, റാണി’ എന്നീ പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിച്ചത്. അതിൽ ഉറച്ചു നിൽക്കുന്നു. സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടത്തുന്ന വ്യക്തിയല്ല താൻ. എന്നും അവരുടെ ഉന്നമനത്തിനായി മുന്നിൽ നിൽക്കുന്ന പൊതുപ്രവർത്തകനാണു താൻ. ആരോപണം ഉന്നയിക്കുന്ന സിപിഎം നേതാക്കൾ എത്രയോ തവണ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇത്രയും മ്ലേച്ഛമായ പദങ്ങൾ ഉപയോഗിക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. ലതികാ സുഭാഷിനേയും രമ്യ ഹരിദാസിനേയും എത്ര മോശം പദങ്ങൾ ഉപയോഗിച്ചാണ് സിപിഎം വിശേഷിപ്പിച്ചത്. തനിക്കെതിെര കോൺഗ്രസിനുള്ളിൽ തനിക്കെതിരെ അഭിപ്രായങ്ങളുയരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ ദിസവം പ്രതിപക്ഷ നേതാവിന്റെ ഉപവാസം ഉദ്ഘാടനം ചെയ്യവേയായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ പരിഹാസം പേറുന്ന വിമർശനം മുല്ലപ്പള്ളി ചൊരിഞ്ഞത്. അന്ന് നിപ രാജകുമാരി, ഇപ്പോൾ കോവിഡ് റാണി പദവികൾക്കാണു മന്ത്രിയുടെ ശ്രമമെന്നായിരുന്നു വിമർശനം. നിപ കാലത്ത് ഗസ്റ്റ് ആർട്ടിസ്റ്റിനെപ്പോലെയാണ് ആരോഗ്യമന്ത്രി കോഴിക്കോട് വന്നു പോയതെന്നും കുറ്റപ്പെടുത്തി.
ആരോഗ്യമന്ത്രിക്കെതിരായ പരാമർശത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പു പറയണമെന്ന് മന്ത്രി എ.കെ.ബാലൻ ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയുമായുള്ള സമ്പർക്കം ചെന്നിത്തല ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവന നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്‍റെ ലക്ഷണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു‍. ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണ് മുല്ലപ്പളളി പ്രകടിപ്പിക്കുന്നത്. എംപിയായിരുന്ന സമയത്ത് കോഴിക്കോട് നിപ ബാധയുണ്ടായപ്പോള്‍ തിരിഞ്ഞുനോക്കാത്ത നേതാവായിരുന്നു മുല്ലപ്പള്ളിയെന്നും ഫെയ്സ്ബുക് പോസ്റ്റില്‍ പി.ജയരാജന്‍ കുറ്റപ്പെടുത്തി.
മുല്ലപ്പള്ളിക്കെതിരായ ലിനിയുടെ ഭര്‍ത്താവിന്റെ പ്രതികരണത്തെത്തുടർന്ന് സജീഷ് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് പ്രകടനം നടത്തി. വടകരയിലെ വീട്ടിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലും പ്രകടനം നടന്നു.

Related Articles

Back to top button