AlappuzhaKeralaLatest

ചെങ്ങന്നൂര്‍ നഗരസഭയിലെ രോഗം ഭേദമായ ആദ്യ കോവിഡ് രോഗിക്ക് യാത്രയയപ്പ് നല്‍കി.

“Manju”

അജിത് ജി. പിള്ള

 

ചെങ്ങന്നൂര്‍: നഗരസഭാ പ്രദേശത്ത് ആദ്യമായി കോവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ് രോഗം ഭേദമായ ആള്‍ക്ക് യാത്രയയപ്പ് നല്‍കി. സുഖംപ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയ തിട്ടമേല്‍ വാഹയില്‍ രതീഷ് ചന്ദ്രന്‍ (37) നാണ് ഇന്നലെ ജില്ലാ ആശുപത്രി പരിസരത്ത് നഗരസഭ ചെയര്‍മാന്‍ കെ.ഷിബുരാജന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കിയത്. മുംബൈയില്‍ നിന്ന് കഴിഞ്ഞ 19 ന് ചെങ്ങന്നൂരിലെത്തിയ രതീഷ് നഗരസഭ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ രോഗം സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 23 ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 30 നും ഒന്നിനും നടത്തിയ രക്തത്തിന്റേയും സ്രവ പരിശോധനയുടേയും ഫലം നെഗറ്റീവിയതിനെ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യ്ത് 14 ദിവസത്തേയ്ക്ക് നഗരസഭാ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. നിരീക്ഷണ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് രതീഷിന് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ബൊക്ക നല്‍കി വീട്ടിലേക്ക് യാത്രയാക്കിയത്. തഹസില്‍ദാര്‍ എം.ബിജുകുമാര്‍, കൗണ്‍സിലര്‍ ഭാര്‍ഗ്ഗവി ടീച്ചര്‍, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എം.കെ.രാജീവ്, കോവിഡ് കെയര്‍ ക്ലിനിക്കിന്റെ ചുമതലയുള്ള ഡോ.കെ.ജിതേഷ്, സിഐ എം.സുധിലാല്‍, അഗ്നിശമനസേന സ്റ്റേഷന്‍ ഓഫീസര്‍ എം.കെ.ശംഭു നമ്പൂതിരി, നഗരസഭാ സെക്രട്ടറി ജി.ഷെറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റി.രാജന്‍, എല്‍എച്ച്എന്‍ വി.ആര്‍.വത്സല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.ആര്‍.രാജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നഗരസഭ മൂന്നാം വാര്‍ഡില്‍ താമസക്കാരനായ രതീഷിന് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് നഗരസഭ പൂര്‍ണ്ണമായും ഹോട്ട്‌സ്‌പോട്ടാക്കുകയും പിന്നീട് വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കുകയും ചെയ്തത് വിവാദമായിരുന്നു. മുംബൈയില്‍ നിന്ന് ട്രെയിനില്‍ എറണാകുളത്തെത്തുകയും അവിടെനിന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസി ബസ്സില്‍ പത്തനംതിട്ടയില്‍ വന്നിറങ്ങുകയുമായിരുന്നു. അവിടെനിന്ന് ആംബുലന്‍സില്‍ നഗരസഭയുടെ കോവിഡ് കെയര്‍ സെന്ററില്‍ നേരിട്ട് പ്രവേശിക്കുകയും ചെയ്തിരുന്നു. രതീഷ് ഒരു തവണപോലും വാര്‍ഡില്‍ പ്രവേശിക്കുകയോ വീട്ടുകാര്‍ രതീഷിനെ കാണാന്‍ എത്തുകയോ ചെയ്യാതിരുന്നിട്ടും വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കിയതിനെതിരെ ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ജില്ലാകളക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പത്ത് ദിവസത്തിനു ശേഷമാണ് വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്.

Related Articles

Back to top button