IndiaLatestSports

ആര്‍.പ്രഗ്നാനന്ദയ്ക്ക് ശേഷം നിദ അൻജുമിന്റെ കുതിപ്പ്

“Manju”

ന്യൂഡല്‍ഹി: ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ കുതിപ്പിന്റെ യുവ മുഖമായി ആര്‍.പ്രഗ്നാനന്ദയ്ക്ക് ശേഷം നിദ അൻജും ചേലാട്ട്. ലോക ചെസില്‍ ആര്‍.പ്രഗ്നാനന്ദയുടെ അമ്ബരപ്പിച്ച കുതിപ്പിനു തൊട്ടു പിന്നാലെ ലോക ദീര്‍ഘദൂര കുതിരയോട്ടത്തിലേക്ക് നിദ അൻജും എന്ന വനിതയിലൂടെ ഇന്ത്യ പ്രവേശിച്ചു. ചന്ദ്രനിലേയ്ക്കും സൂര്യനിലേയ്ക്കുമുള്ള ശാസ്ത്രത്തിന്റെ കുതിപ്പിന് സമാന്തരമായി കായിക രംഗത്തും ഇന്ത്യ ലോകത്തെ അമ്ബരപ്പിക്കുന്നതിന്റെ യുവ മുഖങ്ങളാവുകയാണ് ആര്‍.പ്രഗ്നാനന്ദയും നിദ അൻജുമും.

ലോക ദീര്‍ഘദൂര കുതിരയോട്ടത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്‌ഇഐയുടെ 120 കിലോമീറ്റര്‍ എൻഡ്യൂറൻസ് ചാമ്ബ്യൻഷിപ്പില്‍ നാലുഘട്ടങ്ങളും നിദ അൻജൂമിലൂടെ കഴിഞ്ഞ ദിവസം ഫ്രാൻസില്‍ ഇന്ത്യ ആദ്യമായി തരണം ചെയ്തു. ലോക ചെസിനെ വിറപ്പിച്ച്‌ ഫൈനലില്‍ രണ്ടാമതെത്തിയ ആര്‍.പ്രഗ്നാനന്ദയ്ക്ക് 18 വയസും ചരിത്രം കുറിച്ച നിദയ്ക്ക് 21 വയസുമാണ്. രാജ്യത്തിന്റെ പുതുതലമുറയുടെ പ്രതിനിധികളായ ഇരുവരും തെക്കേ ഇന്ത്യയിലെ അയല്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് എന്ന സാമ്യവുമുണ്ട്.

നിദ അൻജും യുവ റൈഡര്‍മാര്‍ക്കായി നടത്തുന്ന ഇക്വസ്‌ട്രിയൻ വേള്‍ഡ് എൻഡ്യൂറൻസ് ചാമ്ബ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പുതിയ ചരിത്രം രചിച്ചത്. 7.29 മണിക്കൂര്‍ മാത്രം സമയമെടുത്താണ് നിദ ചാമ്ബ്യൻഷിപ്പ് ഫിനിഷ് ചെയ്തത്. ഒന്നിലേറെ തവണ 160 കിലോമീറ്റര്‍ ദൂരത്തില്‍ കുതിരയോട്ടം പൂര്‍ത്തിയാക്കി, 3 സ്റ്റാര്‍ റൈഡര്‍ പദവി നേടിയ ഏക ഇന്ത്യൻ വനിതയുമാണ് നിദ.

ദീര്‍ഘദൂര കുതിരയോട്ട ചാമ്ബ്യൻഷിപ്പിലെ 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരപാത കുതിരയ്ക്ക് യാതൊരു പോറലുമേല്‍ക്കാതെ റൈഡര്‍ മറികടക്കണം. ഓരോ ഘട്ടത്തിനു ശേഷവും വിദഗ്ധ വെറ്ററിനറി ഡോക്ടര്‍മാര്‍ കുതിരയുടെ ആരോഗ്യകായിക ക്ഷമത പരിശോധിക്കും. ഇതില്‍ കുതിരയുടെ ആരോഗ്യത്തിന് ക്ഷതമേറ്റു എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെങ്കില്‍ റൈഡര്‍ പുറത്താകും. 25 രാജ്യങ്ങളില്‍ നിന്നമുള്ള 70 മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന നിരക്കൊപ്പമാണ് നിദ എപ്‌സിലോണ്‍ സലോഎന്ന കുതിരയുമൊത്ത് ഫ്രാൻസിലെ പോര്‍ക്കളത്തില്‍ ഇറങ്ങിയത്. മത്സരത്തിനിടയില്‍ 33 കുതിരകള്‍ പുറത്തായി. നിദയും കുതിരയും ആദ്യ ഘട്ടത്തില്‍ 23-ാംമതായും, രണ്ടാമത്തേതില്‍ 26-ാംമതായും, മൂന്നില്‍ 24-ാംമതായും ഫൈനലില്‍ 21-ാംമതായും നാലു ഘട്ടങ്ങള്‍ ഫിനിഷ് ചെയ്തു.

തുടര്‍ന്നുള്ള ലോക ചാമ്ബ്യൻഷിപ്പുകള്‍ക്കായുള്ള പരിശീലനത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയ്ക്കായി കൂടുതല്‍ നേട്ടങ്ങള്‍ക്കായി പരിശ്രമിക്കും. എന്റെ അടുത്ത ലക്ഷ്യം മോഗോള്‍ ഡെര്‍ബിയാണ്“. നിദ പറഞ്ഞു.1,000 കിലോമീറ്റര്‍ (620 മൈല്‍) വ്യാപിച്ചുകിടക്കുന്ന മംഗോളിയൻ പച്ച പുല്‍ മൈതാനത്തിലൂടെ, നടത്തിവരുന്ന കുതിരയോട്ടമാണ് മോഗോള്‍ ഡെര്‍ബി. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും കഠിനവുമായ ദീര്‍ഘദൂര കുതിരയോട്ടമാണിത്.

കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം ദുബായിയില്‍ താമസിക്കുമ്ബോള്‍ കുതിരകളുമായി കൂട്ടുകൂടിയതാണ് നിദയെ ഈ ലോക നേട്ടത്തിലേക്ക് എത്തിച്ചത്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ മരുഭൂമികളും മലകളും അരുവിയും താണ്ടി അബുദാബി എൻഡ്യൂറൻസ് ചാമ്ബ്യൻഷിപ്പില്‍ സ്വര്‍ണ്ണ വാള്‍ നേടിയാണ് നിദ ലോക ചാമ്ബ്യൻഷിപ്പുകളിലേക്ക് പ്രവേശിക്കുന്നത്. പ്രശസ്ത എൻഡ്യൂറൻസ് റൈഡറായ അലി അല്‍ മുഹൈരിയുടെ മാര്‍ഗനിര്‍ദേശപ്രകാരം താക്കത്ത് സിങ് റാവുവാണ് നിദയെ പരിശീലിപ്പിച്ചത്.

കായികക്ഷമത, വൈദഗ്ദ്ധ്യം, ഏകാഗ്രത എന്നിവ റൈഡര്‍ക്കും കുതിരയ്ക്കും ഒരുപോലെ ആവശ്യമായ ഈ 120 കിലോമീറ്റര്‍ കുതിരയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത് കായിക രംഗത്തെ ലോകോത്തര നേട്ടമാണ്. എഫ്‌ഇഐ ചാമ്ബ്യൻഷിപ്പ് പൂര്‍ത്തിയാക്കിയതിലൂടെ നിദ ലോകത്തിലെ ഏറ്റവും മികച്ച എൻഡ്യൂറൻസ് റൈഡര്‍മാരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ടു.

എൻഡ്യൂറൻസ് ചാമ്ബ്യൻഷിപ്പില്‍ ദീര്‍ഘകാല വിജയ ചരിത്രമുള്ള യുഎഇ, ബഹ്റിൻ,ഇറ്റലി, ഫ്രാൻസ്, ജര്‍മ്മനി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയാണ് നിദ മത്സരിച്ചത്. ചൈന, ലിബിയ തുടങ്ങി ആദ്യമായി മത്സരത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങളും നിദയ്ക്കെതിരെ മത്സരപാതയിലുണ്ടായിരുന്നു. ചാമ്ബ്യൻഷിപ്പില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം, വെള്ളി മെഡലുകള്‍ യുഎഇ നേടി. ടീം മത്സരങ്ങളില്‍ ബഹ്റിനും ഫ്രാൻസുമാണ് ജേതാക്കള്‍.

യുകെയിലെ ബെര്‍മിങ്ഹാം സര്‍വ്വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദവും റഫാള്‍സ് വേള്‍ഡ് അക്കാദമിയില്‍ നിന്ന് ഐബി ഡിപ്ലോമയും നേടിയ വ്യക്തിയാണ് നിദ. റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. അൻവര്‍ അമീൻ ചേലാട്ടാണ് പിതാവ്. മിൻഹത്ത് അൻവര്‍ അമീനാണ് മാതാവ്. സഹോദരി: ഡോ. ഫിദ അഞ്ജും ചേലാട്ട്.

 

 

Related Articles

Back to top button