InternationalLatest

ഉറക്കത്തിനിടെ അരുംകൊല; ദുബായിൽ ഇന്ത്യൻ ദമ്പതികളെ കൊന്ന പ്രതി പിടിയിൽ

“Manju”

ദുബായ് • ദുബായിൽ ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തി കവർച്ച നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്തു. ഹിരൺ ആദിയ, വിധി ആദിയ എന്നിവരാണ് കൊല്ലപ്പെട്ടത്. അറേബ്യൻ റാൻചസ് മിറാഡറിലെ വില്ലയിൽ ഇൗ മാസം 18നായിരുന്നു സംഭവം. നേരത്തെ ദമ്പതികളുടെ വില്ലയിൽ അറ്റകുറ്റപ്പണികൾക്ക് ചെന്നിരുന്ന ഏഷ്യക്കാരനായ യുവാവാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തി പ്രതി രക്ഷപ്പെട്ടതായി ഇവരുടെ മകളാണ് പൊലീസിൽ വിവരമറിയിച്ചത്.

മതിലിലൂടെ വലിഞ്ഞ് കയറി ബാൽക്കണി വഴിയാണ് പ്രതി വില്ലയ്ക്കകത്തേയ്ക്ക് പ്രവേശിച്ചത്. ഇൗ സമയം ഹിരൺ ആദിയയും ഭാര്യ വിധി ആദിയയും ഒരു മുറിയിലും രണ്ട് പെൺമക്കള്‍ മറ്റൊരു മുറിയിലും ഉറക്കത്തിലായിരുന്നു. മുറിയിലേയ്ക്ക് പ്രവേശിച്ച പ്രതി സ്വർണാഭരണങ്ങൾ എടുക്കുന്നതിനിടെ ഹിരൺ ഉണരുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പ്രതി ഹിരണിനെ കുത്തി. ഹിരണിന്റെ നിലവിളി കേട്ട് വിധി ഞെട്ടിയുണർന്നതോടെ അവരെയും കുത്തി. നിലവിളി നിർത്താനായി പ്രതി ഇരുവരെയും പലതവണ കുത്തിയതായും പൊലീസ് പറഞ്ഞു.

നിലവിളി കേട്ട് ഉറക്കമുണർന്ന 18കാരിയായ മകൾ മുറിയിൽ ചെന്ന് നോക്കിയപ്പോൾ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. പെൺകുട്ടിയെ കണ്ട പ്രതി ഒാടി രക്ഷപ്പെടാൻ ശ്രമിച്ചു. പെൺകുട്ടി ബഹളം വച്ച് ആളുകളെ അറിയിക്കാൻ ശ്രമിച്ചപ്പോൾ അവരെയും കുത്തി. എന്നാൽ നിസാര പരുക്കുകളേ ഏറ്റുള്ളൂ. പിന്നീട് പെൺകുട്ടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ വില്ലയ്ക്ക് 1,000 മീറ്റർ അകലെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യാനും സാധിച്ചു.

ഇന്ത്യൻ ദമ്പതികളെ കവർച്ചക്കാർ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ നേരത്തെ പറഞ്ഞിരുന്നു. നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ പിന്നീട് കണ്ടെത്തുകയും ചെയ്തു. 18 കാരിയായ മകളെ കൂടാതെ, 13 വയസുള്ള മകളും കൂടി ദമ്പതികൾക്കുണ്ട്. ഇവരിപ്പോൾ ബന്ധുക്കളുടെ കൂടെയാണുള്ളത്.

Related Articles

Back to top button