IndiaLatest

ബംഗാളിൽ ലോക്ഡൗണ്‍ ജൂലൈ 31വരെ നീട്ടി; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

“Manju”

 

കൊൽക്കത്ത• ബംഗാളിൽ ലോക്ഡൗൺ ജൂലൈ 31 വരെ നീട്ടിയതായി മുഖ്യമന്ത്രി മമതാ ബാനർജി. ജൂൺ 30 വരെയുണ്ടായിരുന്ന ലോക്ഡൗൺ ജൂലൈ അവസാനം വരെ ഇളവുകളോടെ നീട്ടുന്നതായാണ് ബുധനാഴ്ച ബംഗാള്‍ മുഖ്യമന്ത്രി അറിയിച്ചത്. കോവിഡ് രോഗം പടരുന്ന സാഹചര്യത്തിലാണു തീരുമാനമെന്ന് മൂന്ന് മണിക്കൂറോളം നീണ്ട സർവകക്ഷി യോഗത്തിൽ മമത അറിയിച്ചു. സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കും.

ബുധനാഴ്ച ബംഗാളിൽ 445 പുതിയ കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 15,173 ആയി. 4,890 പേരാണ് ബംഗാളിൽ ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്ന് മരിച്ച 11 പേരുൾപ്പെടെ സംസ്ഥാനത്തു രോഗം ബാധിച്ചു മരിച്ചത് 591 പേർ. കോവിഡ് രോഗം അല്ലാതെ മറ്റു രോഗം ബാധിച്ചു ചികിത്സ തേടുന്നവർക്കു കൂടുതൽ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനും തീരുമാനമായി. കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രോഗങ്ങൾ ബാധിക്കുന്നവർ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്നു രാഷ്ട്രീയ കക്ഷികൾ യോഗത്തിൽ നിലപാടെടുത്തു.

സ്വകാര്യ ആശുപത്രികൾ ഉപയോഗിക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ബിസിനസ് ചെയ്യാനുള്ള സമയമല്ല ഇത്. ഇത് മഹാമാരിയുടെ സമയമാണ്. അതുകൊണ്ടുതന്നെ സേവന മനോഭാവത്തോടെ ആശുപത്രികൾ പ്രവർത്തിക്കണമെന്നും മമതാ ബാനർജി ആവശ്യപ്പെട്ടു.

Related Articles

Back to top button