KeralaLatest

പൂജപ്പൂര സെൻട്രൽ ജയിലിൽ 59 തടവുകാർക്ക് കോവിഡ് പോസിറ്റീവ്

“Manju”

തിരുവനന്തപുരം • പൂജപ്പൂര സെൻട്രൽ ജയിലിൽ 99 തടവുകാരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 59 പേർക്കും കോവിഡ് പോസിറ്റീവ്. ഇവർക്കാർക്കും വൈറസ് ബാധയുടെ ലക്ഷണമില്ല എന്നത് ആരോഗ്യ വകുപ്പിനെ ഞെട്ടിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും തടവുകാരെ ആന്റിജൻ പരിശോധനയ്ക്കു വിധേയമാക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചു.

2 ദിവസത്തിനകം നിർബന്ധമായും പരിശോധന നടത്താൻ നിർദേശം നൽകിയതായി ജയിൽ ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു.‌ അസുഖബാധിതനായി കുഴഞ്ഞുവീണു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച തടവുകാരനു കോവിഡ് സ്ഥിരീകരിച്ചതോടെയാണു പരിശോധന നടത്തിയത്. രോഗ ഉറവിടം വ്യക്തമല്ല. തുടർന്നു പി ബ്ലോക്ക് 7 ലെ 99 പേരിൽ ആന്റിജൻ പരിശോധന നടത്തുകയായിരുന്നു.

പോസിറ്റീവായവരെ ജയിലിലെ പ്രത്യേക സ്ഥലത്തേക്കു മാറ്റി. ജയിൽ പൂർണമായും ക്വാറന്റീനിൽ ആക്കി. ജോലിയിൽ ഉണ്ടായിരുന്ന 35 ഉദ്യോഗസ്ഥരോടു ജയിലിൽ തുടരാൻ നിർദേശിച്ചു. 970 തടവുകാരാണു സെൻട്രൽ ജയിലിൽ ഉള്ളത്. ഇന്നും നാളെയുമായി എല്ലാവർക്കും ആന്റിജൻ പരിശോധന നടത്തും.

ജയിൽ വകുപ്പിനു കീഴിൽ പൂജപ്പുരയിലെ കഫ്റ്റീരിയയിലും പമ്പിലും ജോലി ചെയ്യുന്ന തടവുകാരെ നേരത്തേ തന്നെ ജയിലിനുള്ളിൽ പ്രത്യേക സംവിധാനത്തിലേക്കു മാറ്റിയിരുന്നു. ഇവർക്കു ജനങ്ങളുമായി നേരിട്ടു സമ്പർക്കമുള്ളതിനാലായിരുന്നു ഇത്. കോവിഡ് വ്യാപനം ശക്തമായതോടെ ജയിലുകളിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയിരുന്നു.

പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനു വിഡിയോ കോൺഫറൻസ് സംവിധാനവും നടപ്പാക്കി. പരോളിൽ പോയവർ തിരികെ വരുമ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. ഈ നിയന്ത്രണങ്ങൾക്കിടയിലും കോവിഡ് വ്യാപകമായി പടർന്നതാണു കടുത്ത ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്.

Related Articles

Back to top button