പൊതുമരാമത്ത് വകുപ്പ് ‘ഇ’ ഓഫിസ് സംവിധാനത്തിലേക്ക്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പൂര്‍ണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ ഇത് നടപ്പാക്കാന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന പി.ഡബ്ല്യു.ഡി മിഷന് ടീം യോഗം തീരുമാനിച്ചു.
വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് ഇ-ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പൂര്‍ണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ വകുപ്പിലെ ഫയല്‍ നീക്കത്തില്‍ സുതാര്യത ഉറപ്പുവരുത്താനും കഴിയും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സെക്ഷന്‍ ഓഫിസ് മുതല്‍ സെക്രട്ടറിയറ്റ് വരെ ഇ-ഓഫിസിന് കീഴിലാകും.
ചീഫ് എന്‍ജിനീയര്‍ ഓഫിസ് മുതല്‍ സെക്ഷന്‍ ഓഫിസ് വരെ ഒരു സോഫ്റ്റ് വെയറാണ് നിലവില്‍ വരിക. അടിയന്തരമായി തീരുമാനമെടുക്കേണ്ട ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാകും. ഫയലുകള്‍ തപാലില്‍ അയക്കുന്നതിനുള്ള സമയവും ലാഭിക്കാനാകും. ഫയല്‍ നീക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനും സൗകര്യമുണ്ടാകും. ഇ-ഓഫിസ് സംവിധാനം നിലവില്‍ വരുമ്പോള്‍ ഫയല്‍ നീക്കത്തിന് കൃത്യമായ സമയക്രമം കൊണ്ടുവരാനും ഉദ്ദേശിക്കുന്നുണ്ട്