InternationalLatest

‘തോക്കില്ലാതെ എതിരാളിയെ കീഴ്പ്പെടുത്തും’; ഘാതക് കമാൻഡോകൾ അതിർത്തിയിൽ

“Manju”

 

ന്യൂഡൽഹി • അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുള്ള സൈനികർക്ക് ആയോധനകലയിൽ ചൈനയുടെ പരിശീലനം; തോക്ക് ഉപയോഗിക്കാതെ എതിരാളിയെ കീഴ്പ്പെടുത്തുന്നതിൽ വൈദഗ്ധ്യമുള്ള ഘാതക് കമാൻഡോകളെ സംഘർഷബാധിത മേഖലകളിൽ നിയോഗിച്ച് ഇന്ത്യ. കിഴക്കൻ ലഡാക്ക് അതിർത്തിയിലുടനീളം മിസൈൽ, യുദ്ധവിമാന സന്നാഹങ്ങൾ അണിനിരത്തിയതിനു പുറമേയാണ്, പതിവുവിട്ട യുദ്ധമുറകൾക്കും ഇരു സേനകളും തയാറെടുക്കുന്നത്. അതിർത്തിയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്.

ആയോധനകലയിൽ പ്രത്യേക പരിശീലനം നൽകാനുള്ള സംഘത്തെ ടിബറ്റിലെത്തിച്ചതായി മേഖല ഡപ്യൂട്ടി കമാൻഡർ ലഫ്. ജനറൽ വാങ് ഹയ്ജിയാങ്ങിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് െചയ്തു. ഗൽവാൻ താഴ്‍വരയിൽ ഇരു സേനകളും ഏറ്റുമുട്ടിയതിന്റെ തലേന്നാണു പരിശീലന സംഘത്തെ അതിർത്തിയിലെത്തിച്ചത്. ദ്രുതഗതിയിലുള്ള പ്രതികരണങ്ങൾക്കു സൈനികരെ സജ്ജരാക്കാൻ ആയോധനകല ഉപകരിക്കുമെന്നും ഹയ്ജിയാങ് പറഞ്ഞു.

ഇതിനു പ്രതിരോധം തീർക്കാനാണു കമാൻഡോ സംഘത്തെ ഇന്ത്യ രംഗത്തിറക്കിയിരിക്കുന്നത്. സംഘർഷം മൂർധന്യാവസ്ഥയിലുള്ള പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ഗൽവാൻ, ഡെപ്സാങ് എന്നിവിടങ്ങളിൽ സേനാംഗങ്ങൾക്കൊപ്പം കമാൻ‍‍ഡോകളും നിലയുറപ്പിച്ചിട്ടുണ്ട്. അതിർത്തിയിലെ വിവിധ സേനാ ബറ്റാലിയനുകൾക്കു കീഴിലുള്ള പ്ലറ്റൂണുകളിലെ കമാൻഡോ സംഘമാണിത്.

അതിർത്തിയിൽ തോക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണു ധാരണയെങ്കിലും ചൈനയുടെ ഭാഗത്തു നിന്ന് ഇനിയും അതിക്രമം ഉണ്ടായാൽ ഏത് ആയുധവുമുപയോഗിക്കാൻ ഇന്ത്യൻ സേനയ്ക്കു പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.

അടിയന്തര ഘട്ടങ്ങളിലാണു തോക്ക് ഉപയോഗിക്കുകയെന്നും അതിർത്തിയിൽ പതിവുള്ള കയ്യാങ്കളിയിൽ എതിരാളിയെ ഉശിരോടെ നേരിടാനാണ് സൈനികർക്കു തുണയായി കമാൻഡോകളെ എത്തിച്ചതെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു.

Related Articles

Back to top button