EntertainmentIndiaLatest

സിൽക്ക് സ്മിത, ശ്രീനാഥ്, സുശാന്ത്…; കാരണമറിയാത്ത ആത്മഹത്യകൾ

“Manju”

 

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ബോളിവുഡിനെമാത്രമല്ല, ആരാധക വൃന്ദത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ബാന്ദ്രയിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തുന്നത്. ഒരു മാസത്തിനിടെ ബോളിവുഡിനെ ഞെട്ടിച്ച് രണ്ടാമത്തെ ആത്മഹത്യയാണ് വന്നതും. ‘ക്രൈം പട്രോൾ’ നടി പ്രേക്ഷ മേത്തയാണ് ഇൻഡോറിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളത്തിലേത് ഉൾപ്പെടെ നിരവധി ഇന്ത്യൻ നടീനടൻമാരാണ് ജീവിതത്തിൽനിന്ന് ഒളിച്ചോടി ആത്മഹത്യയിൽ അഭയം പ്രാപിച്ചത്. ഈ പട്ടികയ്ക്ക് സുശാന്തിന്റെ മരണത്തോടെ അവസാനമുണ്ടാകട്ടെയെന്ന് പ്രത്യാശിക്കാം. ഇന്ത്യയെ ഞെട്ടിച്ച അഭിനേതാക്കളുടെ ആത്മഹത്യകളിലൂടെ…

അഭിഷേക് കപൂറിന്റെ ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സുശാന്ത് സിങ് രാജ്പുത്തിനെ (34) ജൂൺ 14 ഞായറാഴ്ച രാവിലെയാണ് ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ധോണിയുടെ ബയോപിക് ചിത്രമായ ‘ധോണി: ദി അൺടോൾഡ് സ്റ്റോറി’യിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടന്റെ ആത്മഹത്യയിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആത്മഹത്യ ചെയ്ത കാരണം വ്യക്തമായിട്ടില്ല.

ജനപ്രിയ സീരിയലായ ‘ബാലിക വധു’വിലെ ആനന്ദി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ പ്രത്യുഷയെ 2016 ഏപ്രിൽ 1നാണ് മുംബൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിഗ് ബോസ്–7ലെ മത്സരാർഥി കൂടിയായിരുന്നു പ്രത്യുഷ. ബാലിക വധുവിനു പുറമേ ഹം ഹെയ്ൻ നാ, സസുറൽ സിമാർ കാ, ഗുൽമോഹർ ഗ്രാൻഡ് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.

തമിഴ് നടൻ സായ് പ്രശാന്തിനെ 2016 മാർച്ച് 13നാണ് വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാനീയത്തിൽ കലർത്തിയ വിഷം കഴിച്ചായിരുന്നു ആത്മഹത്യ. മുന്തിനം പാർതേനെ, നേരം, വടകറി എന്നിവയാണ് അഭിനയിച്ച ചിത്രങ്ങൾ. ഏകാന്തതയും വിഷാദവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തെലുങ്ക് നടൻ ഉദയ് കിരണിനെ 2014 ജനുവരി 5 ന് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കിരണിന് വിഷാദരോഗം ബാധിച്ചിരുന്നു. 2001 ൽ തെലുങ്കിലെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടി.

ബ്രിട്ടിഷ്-അമേരിക്കൻ നടി ജിയ ഖാൻ 2013 ജൂൺ 3ന് ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. നടൻ സൂരജ് പഞ്ചോളി മകളെ കൊലപ്പെടുത്തിയതാണെന്ന് ജിയയുടെ അമ്മ അവകാശപ്പെട്ടതിനെ തുടർന്ന്, 2018 ൽ സൂരജിനെതിരെ കൊലപാതകം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു.

മലയാള നടൻ ശ്രീനാഥിനെ 2010 ഏപ്രിൽ 23ന് കോതമംഗലത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാലിനി എന്റെ കൊട്ടുകാരി, ഇത് ഞങ്ങളുടെ കഥ, ഒരു സിബിഐ ഡയറി കുറിപ്പ്, കിരീടം തുടങ്ങി നിരവധി ഹിറ്റ് മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽനിന്ന് 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവസേന സ്ഥാനാർഥിയായിരുന്നു. 2000ൽ മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടി.

മലയാള നടൻ സന്തോഷ് ജോഗി 2010 ഏപ്രിൽ 13നാണ് ആത്മഹത്യ ചെയ്തത്. മലയാള ചിത്രമായ ‘മായാവി’യിൽ വില്ലനായി അഭിനയിച്ച സന്തോഷ് 2006ലെ മോഹൻലാൽ നായകനായ കീർത്തിചക്രയില്‍ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിൽ അഭിനയിച്ചിരുന്നു. തൃശൂരിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സന്തോഷിനെ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങൾ കാരണം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് റിപ്പോർട്ടുകൾ.

ദക്ഷിണേന്ത്യൻ നടി മയൂരി 2005 ജൂൺ 16ന് ചെന്നൈയിൽ ആത്മഹത്യ ചെയ്തു. 22 വയസ്സുകാരിയായ മയൂരി തമിഴ്, മലയാളം, കന്നഡ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. സമ്മർ ഇൻ ബെത്‌ലഹേം, ആകാശ ഗംഗ, പ്രേം പൂജാരി, ചന്ദമാമ, മൻ‌മധൻ, അരയന്നങ്ങളുടെ വീട് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

1996 സെപ്റ്റംബർ 23ന് ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ സിൽക്ക് സ്മിതയെ മരിച്ച നിലയിൽ കണ്ടെത്തി. 1980കളിലെ പ്രധാന നടിയായിരുന്ന സിൽക്ക് സ്മിത 450 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സിൽക്ക് സ്മിത വിഷാദത്തിലായിരുന്നുവെന്ന് പറയുന്നു.

Related Articles

Back to top button