KeralaLatest

കീഴാളർക്കായി ജീവിതം ഉഴിഞ്ഞു വച്ച പൊയ്‌കയിൽ കുമാരഗുരുദേവൻ

“Manju”

പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്ന മതത്തിന്റെ സ്ഥാപകനാണ് പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ.കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവായിരുന്നു . പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ 48ആം ചരമദിനമാണ് ഇന്ന്.

1921, 1931 എന്നീ വർഷങ്ങളിൽ ശ്രീമൂലം പ്രജാസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.യോഹന്നാന്റെ ചെറുപ്പകാലത്തുതന്നെ കുടുംബം ക്രിസ്തുമതത്തിൽ ചേർന്നെങ്കിലും ക്രിസ്തീയസമുദായത്തിനുള്ളിലെ ജാതീയ ഉച്ചനീചത്വങ്ങൾ മൂലം 1908-ൽ ഇതിൽ നിന്നും പിന്മാറി. ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം അദ്ദേഹം ഉയർത്തിപ്പിടിച്ചു

തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂർ ഗ്രാമത്തിൽ പറയസമുദായത്തിലാണ് 1878 കുംഭം അഞ്ചിന് കുമാരൻ ജനിച്ചത്. ക്രിസ്ത്യൻ ജന്മിമാരായ ശങ്കരമംഗലം കുടുംബക്കാരുടെ അടിമപ്പണിക്കാരായിരുന്നു കുമാരന്റെ മാതാപിതാക്കൾ. കടുത്ത ജാതിവിവേചനം നിലനിന്ന കാലമാണല്ലോ അത്. ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനശ്രമങ്ങൾ കേരളത്തിൽ വിജയിച്ചതിന് ഒരു കാരണം ഈ ജാതിവിവേചനമായിരുന്നു. അടിമപ്പണി സഹിക്കാനാകാതെ കൗമാരകാലത്തുതന്നെ മാർത്തോമാസഭയിൽ ചേർന്ന കുമാരൻ, യോഹന്നാൻ എന്ന പേര് സ്വീകരിച്ചു. ഉപദേശിമാരുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായ യോഹന്നാൻ പിന്നീട് പ്രഭാഷകനും മതപ്രചാരകനുമായി മാറി.

കുട്ടിക്കാലത്തുതന്നെ കുമാരൻ അയിത്തത്തെയും അന്ധവിശ്വാസത്തെയും ചോദ്യംചെയ്തു. മന്ത്രവാദത്തിനുവന്ന മടവതിയുടെ ശംഖും മണിയും കുറ്റിക്കാട്ടിൽ എറിഞ്ഞതും അടിയാളർക്ക് ഭക്ഷണം നൽകിയിരുന്ന പട്ടപ്പാള എറിഞ്ഞുടച്ചതും കുട്ടിക്കാലത്തെ സംഭവങ്ങളാണ്. ജാതിക്കെതിരെ ശക്തമായ പ്രസംഗങ്ങൾ നടത്തി ദളിതരെ ബോധവൽക്കരിക്കാനും അവകാശബോധമുള്ളവരാക്കിമാറ്റാനും ശ്രമിച്ചു. സ്കൂളുകളും തൊഴിൽകേന്ദ്രങ്ങളും സ്ഥാപിച്ച് വിദ്യാഭ്യാസത്തിനും സ്വതന്ത്രമായ തൊഴിലിനുമുള്ള അവസരം സൃഷ്ടിക്കാൻ ശ്രമിച്ചു.

തേവർക്കാട്ട് പള്ളിക്കൂടത്തിൽനിന്ന് കഷ്ടിച്ച് എഴുതാനും വായിക്കാനും പഠിച്ചു. മാർത്തോമ്മാ സഭയിലെ മറ്റു പതിനാറ് ഉപദേശിമാരോടൊപ്പം വേർപാടുസഭയിൽ ചേർന്നു. പൊയ്കയിൽ യോഹന്നാൻ ഉപദേശി എന്നറിയപ്പെട്ടു. പാട്ടെഴുതാനും പാടാനും പ്രത്യേകകഴിവുണ്ടായിരുന്നു യോഹന്നാന്. സുവിശേഷങ്ങളിൽ പാണ്ഡിത്യവും വാദപ്രതിവാദസാമർഥ്യവും പ്രകടിപ്പിച്ച അദ്ദേഹം മികച്ച പ്രഭാഷകനായി വളരെ വേഗം പ്രശസ്തനായി. എന്നാൽ മതപരിവർത്തനം ചെയ്തിട്ടും കേരളത്തിലെ ക്രൈസ്തവസഭകളിൽ ജാതിവ്യവസ്ഥ നിലനിൽക്കുന്ന സ്ഥിതിയായിരുന്നു. പറയൻ യോഹന്നാൻ എന്നും പുലയൻ യോഹന്നാൻ എന്നും അദ്ദേഹത്തെ പള്ളികളിൽ പരിഹസിച്ചിരുന്നു. ഇത്തരം പരിവർത്തിത ക്രൈസ്തവർക്കുവേണ്ടി പ്രത്യേകം പള്ളികൾ പണിതതും അദ്ദേഹം എതിർത്തു. ഇതിനെ തുടർന്ന് യോഹന്നാനെ സഭയിൽ നിന്നും പുറത്താക്കി. ജന്മിത്ത വ്യവസ്ഥയിൽ നിന്നും മോചനം ലഭിക്കുവാനായി ക്രൈസ്തവമതം സ്വീകരിച്ച അധസ്ഥിതർക്കെതിരേ സഭയുടെ ഉള്ളിൽ തന്നെയുള്ള ഉച്ചനീചത്വങ്ങൾക്കെതിരേ യോഹന്നാൻ ശ ക്തമായി പോരാടി. അക്കാലത്ത് പുല്ലാടടുത്ത് പുലരിക്കാട്ടെ ക്രിസ്തീയസെമിത്തേരിയിൽ കീഴ്ജാതിക്കാരന്റെ ശവം സംസ്കരിച്ചതിൽ ഉയർന്ന ക്രൈസ്തവർ പ്രതിഷേധമുണ്ടാക്കി. ഒരു ദളിതക്രൈസ്തവ യുവതിയും സവർണ്ണ ക്രൈസ്തവയുവാവും തമ്മിലുള്ള വിവാഹം യോഹന്നാൻ നടത്തിക്കൊടുത്തതിലും എതിർപ്പുണ്ടായി. അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ഒരു പുത്തനുണർവ് നൽകുന്നതായിരുന്നു യോഹന്നാന്റെ ആശങ്ങൾ. ഇത്തരം സാധാരണക്കാരിലൂടെ യോഹന്നാൻ നടത്തിയ സമരങ്ങളെ അക്കാലത്ത് അടിലഹള എന്നു വിളിച്ചിരുന്നു.

തന്റെ സമരപോരാട്ടങ്ങൾ ബന്ധുവായ കൊച്ചുകാലായിൻ പത്രോസ്സിന്റെ സഹായത്തോടെ മുമ്പോട്ടു കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ പ്രസംഗം നടക്കുന്ന സ്ഥലങ്ങൾ ക്രിസ്ത്യാനികളാൽ ആക്രമിക്കപ്പെട്ടു. പിന്നീട് യോഹന്നാന്റെ പ്രസംഗം നടക്കുന്ന എല്ലായിടങ്ങളിലും അക്രമം ഒരു പതിവായി മാറി. യോഹന്നാന്റേയും അനുയായികളുടേയും പേരിൽ കള്ളക്കേസുകൾ ഉണ്ടാക്കി. അവരെ അറസ്റ്റു ചെയ്തുവെങ്കിലും, നിരപരാധിത്വം മനസ്സിലായ കോടതി വെറുതെവിടുകയാണുണ്ടായത്.

അദ്ദേഹം മാർത്തോമാസഭ വിട്ട് ബ്രദറൺ സഭയിൽ ചേർന്നു. എന്നാൽ സഭയുടെ വിവേചനം അയിത്തജാതികളെ സംഘടിപ്പിച്ച് ജാതിവ്യവസ്ഥക്കെതിരെ കലാപം തുടരാൻ അദ്ദേഹത്തിന് പ്രചോദനമായി. 1909-ൽ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന വേർപാടുസഭ സ്ഥാപിച്ചു. കേരളത്തിലെ അയിത്തജാതിക്കാരുടെ വിമോചനപ്രസ്ഥാനമായി പ്രത്യക്ഷരക്ഷാദൈവസഭ അറിയപ്പെട്ടു. അധഃകൃതരുടെ മതപരിവർത്തനത്തിനുശേഷമുള്ള ഒരു പ്രൊട്ടസ്റ്റന്റ് മതവിഭാഗമായിരുന്നു പ്രത്യക്ഷ രക്ഷാ ദൈവസഭ എന്നും പറയപ്പെടും.

Related Articles

Back to top button