KeralaLatestMalappuram

പകൽ ഹോട്ടൽ ജോലി, രാത്രി കള്ളനോട്ട് നിർമാണം, പഠനം ലോക്ഡൗൺ കാലത്ത് ഇന്റർനെറ്റിലൂടെ

“Manju”

സിന്ധുമോള്‍ ആര്‍

 

കൊണ്ടോട്ടി : കള്ളനോട്ടുകളും നോട്ടുനിർമാണ വസ്തുക്കളുമായി തമിഴ്നാട് ഗൂഡല്ലൂർ പള്ളിപ്പടി സ്വദേശി സതീഷ് (24) പൊലീസ് പിടിയിലായി. 200 രൂപയുടെ 20 കള്ളനോട്ടുകളാണു പിടികൂടിയത്. മഞ്ചേരി കാരക്കുന്നിലെ താമസ സ്ഥലത്തുനിന്ന് കംപ്യൂട്ടർ, നോട്ട് നിർമാണത്തിനുള്ള പേപ്പറുകൾ തുടങ്ങിയവയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

കേരളത്തിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്ന സതീഷ്, മാസങ്ങൾക്കു മുൻപാണു നോട്ടു നിർമാണം തുടങ്ങിയതെന്നാണു വിവരം. 200 രൂപയുടെയും 500 രൂപയുടെയും നോട്ടുകളാണു നിർമിച്ചിരുന്നതെന്നും ജില്ലയിലെ പെട്രോൾ പമ്പുകൾ, ബാറുകൾ, പലചരക്കുകടകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവ ചെലവാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

സതീഷ് കള്ളനോട്ട് നിർമാണം പഠിച്ചത് ലോക്ഡൗൺ സമയത്ത് ഇന്റർനെറ്റ് വഴിയാണെന്നു കരുതുന്നതായി പൊലീസ്. തുടർന്ന് നിർമാണത്തിനുള്ള കംപ്യൂട്ടറും മറ്റും വാങ്ങി കാരക്കുന്നിലെ താമസ സ്ഥലത്ത് എത്തിച്ചു. അവിടെ 2 മാസത്തോളമായി ഹോട്ടൽ തൊഴിലാളികൾ ഇല്ലാതിരുന്നത് അനുകൂല സാഹചര്യമായി.

മലപ്പുറത്തെ ഹോട്ടൽ ജോലി കഴിഞ്ഞു രാത്രിയിലെത്തി നോട്ടു നിർമിക്കും. പുലർച്ചെ അതുമായി മടങ്ങും. കൂടുതലും 200 രൂപയുടെ നോട്ടുകളായതിനാൽ വേഗത്തിൽ ചെലവാക്കാനായി. ഗൂഡല്ലൂർ സ്വദേശിയായ സതീഷ്, 2011ൽ പിതാവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടു തടവിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.സിഐ കെ.എം.ബിജു, എസ്ഐ വിനോദ് വലിയാട്ടൂർ ജില്ലാ ആന്റി നർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ് കാര്യോട്ട്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി.സഞ്ജീവ്, കൊണ്ടോട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ പി.കെ.അജയൻ, എ.സ്മിജു, എസ്.എ.മുഹമ്മദ് ഷാക്കിർ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. കോടതി റിമാൻഡ് ചെയ്തു.

Related Articles

Back to top button