KeralaLatest

അണ്‍ലോക്ക് 2 ഇന്നുമുതല്‍, സ്കൂളുകളും കോളേജുകളും ബാറുകളും തുറക്കില്ല

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: രണ്ടാംഘട്ട തുറക്കല്‍(അണ്‍ലോക്ക് 2) ഇന്നുമുതല്‍ നിലവില്‍ വന്നു. എന്നാല്‍ സ്കൂളും കോളേജുകളും ബാറുകളും സിനിമാ തീയേറ്ററുകളുമൊക്കെ ഇൗ ഘട്ടത്തിലും അടഞ്ഞുതന്നെ കിടക്കും. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലനകേന്ദ്രങ്ങള്‍ ജൂലായ് 15 മുതല്‍ തുറക്കും. ഇതിനുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അടുത്തുതന്നെ ഇറങ്ങും. ജിം, ബാര്‍, നീന്തല്‍ക്കുളങ്ങള്‍, ഒാഡിറ്റോറിയങ്ങള്‍ എന്നിവയും അടഞ്ഞുതന്നെ കിടക്കും. ഇതിനൊപ്പം മത, രാഷ്ട്രീയ, കലാ-കായിക വിനോദസമ്മേളനങ്ങള്‍, വലിയ കൂട്ടംചേരലുകള്‍ക്കും അനുവാദമില്ല. കേന്ദ്രത്തിന്റെ തീരുമാന പ്രകാരം മാത്രമായിരിക്കും കൂടിച്ചേരലുകളും മറ്റും അനുവദിക്കുക. 65 വയസിന് മുകളിലുള്ളവര്‍, പത്തുവയസിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ തുടങ്ങിയവര്‍ വീടുകളില്‍ തന്നെ കഴിയണം.

രാത്രികാല കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യൂ തുടരും. എന്നാല്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം, ചരക്കുനീക്കം, ഗതാഗതം എന്നിവ അനുവദിക്കും. ആവശ്യമെങ്കില്‍ കര്‍ഫ്യൂ നടപ്പാക്കാന്‍ 144-ാം വകുപ്പ് പ്രഖ്യാപിക്കുന്നതടക്കമുള്ള നിയമനടപടികള്‍ ബന്ധപ്പെട്ടവര്‍ക്ക് സ്വീകരിക്കാം. അന്തര്‍സംസ്ഥാനയാത്രയ്ക്ക് പാസോ പെര്‍മിറ്റോ ആവശ്യമില്ലെങ്കിലും കേരളത്തിലേക്കുള്ള വരവിന് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും.

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം ജൂലായ് 31വരെ കര്‍ശനമായി തുടരാനാണ് തീരുമാനം. ആവശ്യമെങ്കില്‍ ഇൗ പ്രദേശങ്ങളില്‍ രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ കളക്ടര്‍മാര്‍ക്ക് സ്വീകരിക്കാം.

ആരോഗ്യപരമായ കാരണങ്ങള്‍ക്കും അത്യാവശ്യസേവനങ്ങള്‍, സാധങ്ങള്‍ എന്നിവയ്ക്കു വേണ്ടിയല്ലാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാത്ര അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് രോഗം പടരാന്‍ സാധ്യതയുള്ള ബഫര്‍സോണുകള്‍ വിജ്ഞാപനം ചെയ്ത് ജില്ലാഭരണകൂടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും അനുവദിച്ചിട്ടുണ്ട്.

Related Articles

Back to top button