ArticleKeralaLatest

മലയാള സാഹിത്യത്തിന്‍റെ ഇതിഹാസകാരന് ഇന്ന് 90-ാം മത് ജന്മദിനം

“Manju”

ആർ ഗുരുദാസ്

മലയാള സാഹിത്യരംഗത്ത് ഉപരി വിപ്ലവത്തിന്‍റെ വിത്തുകൾ പാകികൊണ്ട് ആധുനികമായ അടിത്തറയിട്ട ഒ.വി. വിജയൻ തന്‍റെതായ രചനശൈലി കൊണ്ട് മലയാള സാഹിത്യരംഗത്ത് പകരക്കാരില്ലാത്ത ഇതിഹാസമായി മാറി.

കാർട്ടൂണിസ്റ്റ്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കോളമെഴുത്തുകാരൻ എന്നി നിലകളിൽ വിശ്വപ്രസിദ്ധനായ വിജയൻ പ്രമുഖ എഴുത്തുകാരായ ആനന്ദ്, എം മുകുന്ദന്‍, കാക്കനാടന്‍ എന്നിവരുടെ സമകാലികനായാണ് മലയാള സാഹിത്യരംഗത്തേക്ക് ചുവടുവച്ചത്. ഒരു മികച്ച പത്രപ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം
ഗ്രാമീണതയുടെ സ്പന്ദനങ്ങൾ തേടി, ഗ്രാമങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെന്ന്, നിഷ്കളങ്കരായ മനുഷ്യരുടെ ദൈന്യതകളെയും ജീവിത സാഹചര്യങ്ങളെയും കുറിച്ച് മനസ്സിലാക്കി, അതിന്റെ ആത്മസത്ത ഒരു തരി പോലും നഷ്ടപ്പെടാതെ, തന്റെ രചനകളിലൂടെ ഒപ്പിയെടുത്ത് ആസ്വദകരുടെ മനസ്സിൽ ചിന്തകളുടെ വിത്തുകൾ പാകാൻ അദ്ദേഹത്തിന് സാധിച്ചു.

മലബാര്‍ സ്പെഷ്യൽ പോലിസ് ഉദ്യോഗസ്ഥനായിരുന്ന വേലുക്കുട്ടിയുടേയും കമലാക്ഷിയമ്മയുടേയും മകനായി 1930 ജൂലൈ 2 ന് പാലക്കാട് ജില്ലയിലെ മങ്കരയിൽ ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി.വിജയന്‍ ജനിച്ചത്. പ്രശസ്ത കവയിത്രിയായ ഒ.വി. ഉഷ സഹോദരിയാണ്. ചെറുപ്പകാലത്ത് മലപ്പുറത്ത് എം.എസ്.പി ക്വാട്ടേഴ്സിൽ താമസിച്ചിരുന്ന വിജയൻ ആരോഗ്യപരമായ കാരണങ്ങളാൽ രണ്ടാം തരം മുതലേ സ്കൂളിൽ ചേർന്നു പഠിക്കാൻ സാധിച്ചുള്ളു.

അരീക്കോട് ഹയർ എലിമെന്ററി സ്കൂൾ, കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂൾ, കൊടുവായൂര്‍ ബോർഡ് ഹൈസ്കൂൾ, പാലക്കാട് മോട്ടിലാൽ മുനിസിപ്പൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി ആറാം ക്ലാസു വരെയും തുടർന്ന് മദിരാശിയിലെ താംബരം കോർളി ഹൈസ്കൂളിലും സ്കൂൾ പഠനം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഇന്റർമീഡിയറ്റും ബിരുദവും മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച ആദ്ദേഹം അക്കാലത്ത് കടുത്ത ഇടതുപക്ഷ അനുഭാവിയായിരുന്നു. എഴുത്തിലും കാര്‍ട്ടൂണ്‍ ചിത്രരചനകളിലും ഉള്ള തന്‍റെ അഭിനിവേശത്തെ തുടര്‍ന്ന് അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് 1958 ൽ ശങ്കേഴ്‌സ് വീക്കിലിയിലും 1963 ൽ പേട്രിയറ്റ് ദിനപത്രത്തിലും കാര്‍ട്ടൂണിസ്റ്റായി പ്രവർത്തിച്ചു. 1967 മുതൽ സ്വത്രന്ത്ര പത്രപ്രവർത്തകനായി മാറി.

അദ്ദേഹത്തിന്‍റെ ആദ്യത്തെ നോവലായ ഖസാക്കിന്‍റെ ഇതിഹാസം ഇന്ത്യന്‍ ഭാഷാസാഹിത്യത്തിലെ അപൂർവ്വതയായാണ് വിലയിരുത്തപ്പെടുന്നത്. “ഖസാക്കിന്‍റെ ഇതിഹാസം” എന്ന നോവലിന്‍റെ കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കാതെ പന്ത്രണ്ടുവർഷത്തോളം അദ്ദേഹം കൈയിൽ കൊണ്ടു നടന്നു. ആദ്യമായി ഈ നോവൽ പ്രസിദ്ധീകരിക്കുന്നത് 1968 ജനുവരി 28 മുതൽ ആഗസ്ത് 4 വരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. പീന്നിട് 1969-ൽ സാഹിത്യപ്രവർത്തക സഹകരണസംഘം അത് ഗ്രന്ഥ രൂപത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ 1970-ൽ ഈ നോവലിന് ഓടക്കുഴല്‍ അവാര്‍ഡു ലഭിക്കുകയുണ്ടായി.
ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), ദി ന്യൂയോർക്ക് ടൈംസ് (അമേരിക്ക) പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി തുടങ്ങിയവയ്ക്കുവേണ്ടി കാർട്ടൂൺ വരച്ച അദ്ദേഹം 1975 ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരായുള്ള തന്‍റെ പ്രതിഷേധം എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും പ്രകടമാക്കി. കലാകൗമുദിയിൽ “ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം” എന്ന കാർട്ടൂൺ പരമ്പര ഇതിനു തെളിവാണ്.

അടിയന്തരാവസ്ഥയുടെ അനന്തരഫലങ്ങൾ ദീര്‍ഘദര്‍ശനം ചെയ്തുകൊണ്ട് ആദ്ദേഹം 1985 തന്‍റെ മറ്റൊരു രാഷ്ട്രീയ ആക്ഷേപഹാസ്യ കൃതിയായ “ധര്‍മ്മപുരാണ”ത്തിലൂടെ ഭരണാധികാരികളുടെ ക്രൂരതയുടേയും നുണകളുടേയും കാപട്യത്തിന്‍റെയും നിഷ്പ്രയോജനകരമായ യുദ്ധത്തിന്റെയും ഒട്ടേറെ മുഖങ്ങൾ സുതാര്യമായി ജനങ്ങൾക്ക് കാണിച്ചുകൊടുത്തു.

പോത്തൻ‌കോട് ശാന്തിഗിരി ആശ്രമത്തിൽ എത്തിച്ചേരുകയും ഗുരുവിന്‍റെ ആശയങ്ങളിൽ ആകൃഷ്ടാനായി രചിച്ച പുസ്തകമാണ് ഗുരുസാഗരം. ആ ഗ്രന്ഥം ആദ്ദേഹം ഗുരുവിന് സമർപ്പിച്ചിരുന്നു. ‘ഖസാക്കിന്‍റെ ഇതിഹാസ’ ത്തിൽ നിരാശയുടെയും ‘ധർമ്മപുരാണ’ത്തിൽ രൗദ്രത്തിന്റെയും ഭാഷ ആയിരുന്നെങ്കിൽ ഗുരുസാഗരത്തിൽ അത് ശാന്തസ്വഭാവം ഉള്ളതായിരുന്നു. ‘ഗുരുസാഗര’ ത്തിന് 1990ൽ കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1991 ൽ വയലാർ അവാർഡും ലഭിക്കുകയുണ്ടായി.

മധുരം ഗായതി (1990), പ്രവാചകന്റെ വഴി (1992), തലമുറകള്‍ (1997) എന്നി നോവലുകളും കടൽത്തീരത്ത്, വിജയന്റെ കഥകള്‍ തുടങ്ങി പന്ത്രണ്ടോളം കഥാസമാഹാരങ്ങളും, ഘോഷയാത്രയിൽ തനിയെ, ഇതിഹാസത്തിന്‍റെ ഇതിഹാസം‍ എന്നിങ്ങനെ പന്ത്രണ്ടോളം ലേഖനങ്ങളും ആദ്ദേഹത്തിന്‍റെ തൂലികയിൽ നിന്നും സൃഷ്ടിക്കപ്പെട്ടു. തന്‍റെ തീവ്രവും വ്യക്തിഗതവുമായ അനുഭവവുമാണ് ‘സമുദ്രത്തിലേക്ക് വഴിതെറ്റി വന്ന പരൽമീൻ’ (1998) എന്ന പുസ്തകത്തിലുടെ അദ്ദേഹം വിവരിച്ചത് ആഫ്ടര്‍ ദ ഹാങ്ങിങ്ങ് ആന്‍ഡ് അദര്‍ സ്റ്റോറീസ്, സാഗ ഓഫ് ധര്‍മപുരി (ധർമപുരാണം), ലജന്‍ഡ് ഒഫ് ഖസാക്ക് (ഖസാക്കിന്‍റെ ഇതിഹാസം), ഇന്‍ഫിനിറ്റി ഓഫ് ഗ്രെയ്‌സ് (ഗുരുസാഗരം) എന്നിവ കൃതികൾ ഇംഗ്ലീഷിലേക്ക് ആദേഹം തന്നെ പരിഭാഷപ്പെടുത്തിയതാണ്.

1992 ൽ ഖസാക്കിന്‍റെ ഇതിഹാസത്തിന് മുട്ടത്തുവര്‍ക്കി അവാര്‍ഡും , തലമുറകൾ എന്ന നോവലിന് എം.പി.പോള്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. 2001 കേരള സര്‍ക്കാരിൽ നിന്ന് ആദ്ദേഹത്തിന് എഴുത്തച്ഛന്‍ പുരസ്കാരം ലഭിക്കുകയുണ്ടായി. സാഹിത്യലോകത്തിന് അനശ്വരമായ അനവധി സംഭാവനകൾ സമ്മാനിച്ച ഒ.വി വിജയനെ രാജ്യം 2001 പത്മശ്രീ പുരസ്കാരവും 2003 ൽ പത്മഭൂഷൻ പുരസ്കാരം നൽകി ആദരിച്ചു. 2005 മാർച്ച് 30ന് ഈ ലോകത്തു നിന്നും അദ്ദേഹം വിടവാങ്ങി ആസ്വാദകരുടെ മനസ്സിലേക്ക് എത്രയോക്കെ കഥാപാത്രങ്ങള്‍ കടന്നുവന്നാലും,കടല്‍തീരത്തിലെ വെള്ളായിയപ്പനെ, ഖസാക്കിലെ രവിയെ,ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിനായരെ ഒരിക്കലും മറക്കാനിടയില്ല, ആ കഥാപാത്രങ്ങൾക്ക് സൃഷ്ടിച്ച എഴുത്തുകാരനേയും…

Related Articles

Back to top button