KeralaLatestThrissur

ശ്രീ. എസ്. ഷാനവാസ് ഐ.എ.എസ് തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റ് ഒരു വർഷം പൂർത്തിയാക്കി

“Manju”

ബിന്ദുലാല്‍, തൃശ്ശൂര്‍

ശ്രീ. എസ്. ഷാനവാസ് ഐ.എ.എസ് തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റ് ഒരു വർഷം പൂർത്തിയാക്കുകയാണിന്ന്. സംഭവബഹുലമായിരുന്ന ഒരു വർഷം. പ്രതിസന്ധികളെ പ്രത്യാശ കൊണ്ട് തരണം ചെയ്ത കാലം.

ചുമതലയേറ്റയുടനെ, 2019ലെ പ്രളയത്തെ നേരിടേണ്ടി വന്നു. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നാം പ്രളയം അതിജയിച്ചു. തീരപ്രദേശങ്ങളിലും കടലാക്രമണം നേരിടേണ്ടി വന്ന പ്രദേശങ്ങളിലുമുൾപ്പെടെ ജനകീയ കൂട്ടായ്മയിൽ ജില്ലാ ഭരണകൂടം ഫലപ്രദമായ പുനരധിവാസമൊരുക്കി. 2018ലെ പ്രളയ ദുരിതാശ്വാസ സഹായ വിതരണവും ഇതിൻ്റെ തുടർച്ചയിൽ ഏകോപിപ്പിച്ചു. തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച അതിജീവന സംഗമം നമ്മുടെ പോരാട്ടത്തിന് ആത്മവിശ്വാസം പകർന്നു.

പ്രളയം മറികടക്കുന്നതിനൊപ്പം തന്നെ മലയോരപട്ടയമുൾപ്പെടെയള്ള പട്ടയ വിതരണത്തിനുള്ള നടപടികൾ ശരവേഗമാർജ്ജിച്ചിരുന്നു. കേന്ദ്രാനുമതി ആവശ്യമുളളതും ഒട്ടേറെ സങ്കീർണ്ണതകൾ ഉള്ളതുമായ മലയോര പട്ടയ വിതരണം ത്വരിതപ്പെടുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആ പ്രയത്നം ഫലം കാണുകയാണെന്ന സന്തോഷവും പങ്കുവെക്കട്ടെ.
1550 വനഭൂമി പട്ടയങ്ങൾ ഉൾപ്പെടെ 6000ൽ പരം പട്ടയങ്ങൾ ആഗസ്റ്റിൽ സംഘടിപ്പിക്കുന്ന പട്ടയമേളയിൽ വിതരണം ചെയ്യും. 4128 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. പുറമ്പോക്ക്, സുനാമി, കോളനി, മുനിസിപ്പൽ, ഇനാം, ശ്മശാന പുറമ്പോക്ക് എന്നീ വിഭാഗങ്ങളിൽ 238 പട്ടയങ്ങൾ തയ്യാറാണ്. 1550 വനഭൂമി പട്ടയങ്ങളും സർവ്വേ നടപടികൾ പൂർത്തീകരിച്ച് തയ്യാറാക്കി വരുന്നു. കേന്ദ്രാനുമതിക്ക് സമർപ്പിച്ചിരിക്കുന്ന 2245 പട്ടയങ്ങളിലും അവേശഷിക്കുന്ന നടപടികൾ കൂടി ഉടൻ പൂർത്തിയാക്കി വിതരണത്തിന് തയ്യാറാക്കും.

കുതിരാനിലെ ടണലുകൾ ഗതാഗതത്തിന് താമസിയാതെ തുറന്നുകൊടുക്കും. പല തടസങ്ങൾ നേരിട്ടാണ് ഇതിനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോയത്.

2020 ജനുവരി 30ന് അമ്പരപ്പിക്കുന്ന ഒരു വാർത്ത നാം കേട്ടു. രാജ്യത്ത് ആദ്യമായി നമ്മുടെ ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടു. അന്നു മുതലാരംഭിച്ച കോവിഡ് പ്രതിരോധം, അചഞ്ചലമായി നാം മുന്നോട്ടു കൊണ്ടുപോവുകയാണ്. മനുഷ്യൻ്റെ അതിജീവനത്വര ദൃശ്യമാണ് ഈ സമരമുഖത്ത്. ഈ മഹാമാരിയും നാം അതിജീവിക്കും.

സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് തുടക്കം കുറിച്ചു., ഭിന്നശേഷിയുള്ള സഹോദരങ്ങൾക്ക് താങ്ങായി ‘പ്രതീക്ഷ’ പദ്ധതിക്കു രൂപം നൽകി ഇലക്ട്രിക് വീൽ ചെയറുകൾ നൽകാനും കഴിഞ്ഞു. വീടില്ലാത്തവർ, വൈദ്യുതിയില്ലാത്തവർ, തെരുവിലേക്ക് നടതള്ളപ്പെട്ടവർ എന്നിങ്ങനെ സങ്കടമൂറുന്ന ചില മുഖങ്ങൾ മുന്നിലെത്തിയപ്പോൾ, കരുണയുടെ കരം നീട്ടാൻ കഴിഞ്ഞത് ഏറ്റവും സന്തോഷം പകരുന്നു.

സർക്കാരിൻ്റെ നാല് മിഷനുകളും എല്ലാ വകുപ്പുകളുടേയും വികസന പദ്ധതികളും ജില്ല വിജയത്തിലെത്തിക്കും എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണ്.
ജില്ലയിൽ നിന്നുള്ള മന്ത്രിമാരും ഗവ.ചീഫ് വിപ്പും ജനപ്രതിനിധികളും സഹപ്രവർത്തകരും നൽകുന്ന പിന്തുണക്ക് സ്നേഹം. തൃശൂരിലെ ജനത നൽകുന്ന സ്നേഹവായ്പ് ഹൃദയത്തോട് ചേർക്കുന്നു.

Related Articles

Back to top button