InternationalLatest

ഐസൊലേഷനിലിരിക്കെ മുങ്ങിയ യുവാവിന് മൂന്നു ലക്ഷം രൂപ പിഴ

“Manju”

സിന്ധുമോള്‍ ആര്‍

ഒക്‌ലാന്‍ഡ്: കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയുന്നതിനിടെ ചാടിപ്പോയി മാളുകളില്‍ കറങ്ങിയടിച്ച ഇന്ത്യന്‍ യുവാവിന് തടവും പിഴയും വിധിച്ച്‌ ന്യൂസിലാന്‍ഡ് സര്‍ക്കാര്‍. ആറുമാസം തടവും നാലായിരം ഡോളര്‍ (മൂന്നു ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും ഒടുക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ഇന്നലെ വൈകിട്ടാണ് ഓക്‌ലന്‍ഡിലെ ഒരു നിരീക്ഷണ കേന്ദ്രത്തില്‍ ഏവരെയും ആശങ്കയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. മാളുകളില്‍ കറങ്ങി നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണ് യുവാവ് മടങ്ങിയെത്തിയത്. ജൂലായ് മൂന്നിന് ഇന്ത്യയില്‍ നിന്ന് ന്യൂസിലന്‍ഡിലെത്തിയ യുവാവിനാണ് പരിശോധനയില്‍ കാെവിഡ് ബാധിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാരിന് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയില്ലെങ്കിലും പരിശോധന നടത്തുകയായിരുന്നു. ഇയാള്‍ കയറിയ മാളിലുള്ള ജീവനക്കാര്‍ സെല്‍ഫ് ക്വാറന്റൈനില്‍ പ്രവേശിക്കുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തു. യുവാവിന്റെ പ്രവൃത്തിയെ സ്വാര്‍ത്ഥത എന്നാണ് ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിന്‍സ് ആരോപിച്ചത്. ഇയാള്‍ക്ക് രോഗം ഭേദമായാലുടന്‍ ജയിലില്‍ അടയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

ഇന്ത്യയില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ യുവാവാണെന്ന വിവരം മാത്രമേ അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളൂ. യുവാവ് ചാടിപ്പോയതിനെ തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ യുവാവ് ചാടിപ്പോയത് സര്‍ക്കാരിന്റെ വീഴ്ചയായി ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷം.

Related Articles

Back to top button