ArticleKeralaLatest

ചൊറിയണ്ട ചൈനേ നടക്കില്ല വാന്തല്‍. ഇത് ഭാരതം… മികച്ച ആശയപാതയിലൂടെ നാളെ ലോകത്തെ നയിക്കേണ്ട രാജ്യം

“Manju”

വി.ബി.നന്ദകുമാര്‍

ഇന്ത്യ ശക്തിയില്‍ നിന്നും ശക്തിയിലേക്ക് കുതിക്കുകയാണ്. ശത്രുക്കളുടെ കുടില ശ്രമങ്ങളൊന്നും വിജയിക്കില്ല. ഇന്ത്യയുടെ ശക്തി ഇന്ന് ലോകത്തിന് ബോധ്യമുള്ളതാണ്. ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ്,  പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലേയില്‍ വച്ച് പറഞ്ഞു. എന്തൊക്കെയാണ് ഈ വാക്കുകളില്‍ ഒളിഞ്ഞു കിടക്കുന്നത്. എന്താണ് അതിര്‍ത്തിയില്‍ നടക്കുന്നത്. നോക്കാം.

ഇന്ത്യാ- ചൈന തര്‍ക്കം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ലഡാക്കിലെത്തി. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നടന്ന് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ലെ യിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നിമുവില്‍ എത്തി. കരസേനയുടെയും വ്യോമസേനയുടെയും ഐടിബിപിയുടെയും ജവാന്മാരെ കണ്ടു. അവിടെവച്ച് പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ ഒന്നിലധികം തവണ കേട്ട് വിലയിരുത്തേണ്ടതാണ്. നല്ലതൊക്കെ അങ്ങനെയാണ് ഒറ്റതമണത്തെ കാഴ്ചകൊണ്ടോ കേള്‍വികൊണ്ടോ എല്ലാം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയില്ല. വീണ്ടും വീണ്ടും കേള്‍ക്കുമ്പോഴാണ് അതില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന  വാസ്തവം മനസ്സിലാകുന്നത്. ശക്തിമനസ്സിലാകുന്നത്. ആശയവും സന്ദേശവും മനസ്സിലാകുന്നത്. ഭാരതത്തിന്റെ പ്രധാനമന്ത്രി 11000 അടി ഉയരത്തിലുള്ള സേനാ ബെയ്സില്‍ നിന്നുകൊണ്ട്  സംസാരിച്ചത് തന്റെ മുന്നിലിരുന്ന സ്വന്തം സൈനികരോട് മാത്രമല്ല. അത് നമ്മുടെ മണ്ണിലേക്ക് കടന്നുകയറാന്‍ വരുന്ന എക്സ്പാന്‍ഷനിസ്റ്റുകളായ ശത്രുക്കളോടാണ്. 130 കോടി ഭാരതീയരുടെ ശബ്ദമാണ് അവിടെ മുഴങ്ങിയത്. അവരുടെ പിന്തുണയാണ് ആ ഘനഗാഭീര്യമുള്ള ശബ്ദമായി സന്‍സ്‌കാര്‍ മലനിരകളില്‍ പ്രതിധ്വനിച്ചത്. അവിടെ എത്തുന്നതിന് മുന്‍പ് ദേശസുരക്ഷയ്ക്കെതിരേ ഉയരുന്ന വെല്ലുവിളികളെ നേരിടാനായി അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും ആയുധങ്ങളും വാങ്ങുന്നതിനായി 38,900 കോടി രൂപയുടെ ഇടപാടിന് പ്രതിരോധമന്ത്രാലയം അനുമതി നല്‍കി. ഇതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.  പ്രിയ സൈനികരെ നിങ്ങല്‍ക്കാവശ്യമായതെല്ലാം നല്‍കും എന്ന ധൈര്യപ്പെടുത്തലായിരുന്നു അത്. പിന്നെ രാഷ്ട്രം ഒന്നടങ്കം സൈനികര്‍ക്കൊപ്പവും തന്നോടൊപ്പവുമാണെന്ന് ധ്വനിപ്പിക്കുന്ന പ്രഖ്യാപനവും. വാക്കുകളിലടങ്ങിയിട്ടുള്ളത്, കേള്‍ക്കേണ്ടവര്‍ കേട്ടുകഴിഞ്ഞു. കൊള്ളേണ്ടവര്‍ക്ക് കൊണ്ടും കഴിഞ്ഞു. അതുകൊണ്ടാണല്ലോ മണിക്കൂറുകള്‍ക്കകം ചൈനീസ് വിദേശകാര്യ വിഭാഗത്തില്‍ നിന്നും ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല എന്ന പ്രഖ്യാപനം വന്നത്. ജപ്പാന്‍ ഒരു പടി മുന്നിലേക്കെത്തി. ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു.

സിന്ധുനദീതടത്തിന് സമീപത്തുള്ള നിമുവെന്ന പ്രവിശ്യ, ഇന്ത്യ – ചൈന അതിര്‍ത്തിയിലെ ഏറ്റവും പരുക്കന്‍ ഭൂമിശാസ്ത്രസവിശേഷതകളുള്ള പ്രദേശം കൂടിയാണ്. നിമുവില്‍ സൈനികര്‍ക്ക് മുന്നില്‍ നിന്നുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഉറച്ചതായിരുന്നു. ഇന്ത്യ ശക്തിയില്‍ നിന്നും ശക്തിയിലേക്ക് കുതിക്കുകയാണ്. ശത്രുക്കളുടെ കുടില ശ്രമങ്ങളൊന്നും വിജയിക്കില്ല. ഇന്ത്യയുടെ ശക്തി ഇന്ന് ലോകത്തിന് ബോധ്യമുള്ളതാണ്.  ഇതില്‍ ശത്രുവിനെതിരായ താക്കീതും സൈനികരുടെ ആത്മധൈര്യവും പഴയ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്ന പ്രഖ്യാപനവും തുളുമ്പി നില്‍ക്കുന്നുണ്ട്. പുല്ലാങ്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണനെ ആരാധിക്കുന്ന ആളുകളാണു നമ്മള്‍. എന്നാല്‍ ‘സുദര്‍ശന ചക്ര’ത്തെ വഹിക്കുന്ന അതേ ശ്രീകൃഷ്ണനെയും നമ്മള്‍ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഈ വാക്കുകളില്‍ എല്ലാമെല്ലാം അടങ്ങിയിട്ടുണ്ട്.  ഇതില്‍ യുദ്ധമുണ്ട് സമാധാനമുണ്ട, സാന്ത്വനത്തിന്റെ സംഗീതമുണ്ട. യുദ്ധമല്ല, ചര്‍ച്ചയാണ് പ്രശ്നപരിഹാരത്തിനുള്ള പ്രധാനമാര്‍ഗമെന്ന നിലപാടിലുറച്ചുനിന്ന് സമാധാനത്തിനായി ശ്രമിക്കുമ്പോള്‍ത്തന്നെ, ഏതു വെല്ലുവിളികളും നേരിടാന്‍. ഇന്ത്യ സുസജ്ജമെന്ന സന്ദേശം രാജ്യത്തിനകത്തും രാജ്യാന്തര തലത്തിലും പകരാന്‍ ഈ വാക്കുകളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞിരിക്കുന്നു. ശ്രീകൃഷ്ണന്‍ മഹാഭാരയുദ്ധത്തിന് മുന്‍പ് സമാധാനത്തിനായി ദൂതുപോയവനാണ്. അതിന്റെ പൊരുളറിയാന്‍ ഇന്നത്തെ ചൈനയെപോലെ സാമൃാജ്യവിപുലീകരണ ആവേശത്താല്‍ കൗരവര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് കൃഷ്ണന്‍ ശരിയുടെ ഭാഗമായ പാണ്ഡവപക്ഷത്ത് ഉറച്ചുനിന്നു. യുദ്ധം വിജയിപ്പിച്ചു. ഇത് ഭാരത ചരിത്ര സാക്ഷ്യപത്രം. ഇതും കൂടിയാണ് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചത്.

ലോക മഹായുദ്ധമായാലും സമാധാനമായാലും നിര്‍ണായകഘട്ടങ്ങളില്‍ നമ്മുടെ സൈനികരുടെ വിജയവും സമാധാനത്തിലേക്കുള്ള അവരുടെ ശ്രമങ്ങളും ലോകത്തിനറിയാവുന്നതാണ്. മാനവ കുലത്തിന്റെ നന്മയ്ക്കായി ഇന്ത്യ എപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിപുലീകരണത്തിന്റെ കാലം കഴിഞ്ഞുവെന്നും ഇനി വികസനത്തിന്റെ യുഗമാണ്. എന്നാല്‍  വിപൂലീകരണം സാധ്യമാക്കാനുള്ള ചൈനയുടെ ശ്രമം   പരാജയപ്പെടുകയോ പിന്നോട്ടു പോകാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനം നല്‍കിയ ഞെട്ടലിലാണ് ചൈന. ലക്ഷ്യങ്ങള്‍ വ്യാഖ്യാനിക്കാനാകാതെ ഉഴറിനില്‍ക്കുകയാണ്  ചൈനീസ് സര്‍ക്കാരും സൈന്യവും. ഗല്‍വാന്‍ താഴ് വരയിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ പിന്മാറ്റത്തിന് തയ്യാറാണെന്ന് ചൈന, ഇന്ത്യന്‍ സേന കമാണ്ടര്‍മാരുമായുള്ള ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ താഴ് വരയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയിലുള്ളതാണെന്ന് ചൈന ആവര്‍ത്തിക്കുന്നുണ്ട്. പാംഗോങിലും ഡെസ്പാങ്ങിലുമെല്ലാം സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ചൈന വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ഇതേസമയം തന്നെ ചൈനീസ് സര്‍ക്കാരും സൈനികരും കനത്ത ആശയക്കുഴപ്പത്തിലാണ്. നാള്‍ക്കുനാള്‍ ശക്തമായി വരുന്ന ഹോങ്കോംഗ് പ്രക്ഷോഭവും ഉയിഗുര്‍ മുസ്ലീംങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങളും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ചൈനക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഗാല്‍വാന്‍ താഴ് വരയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ പട്ടാളക്കാരുടെ യഥാര്‍ത്ഥ വിവരം പോലും ചൈന ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് പട്ടാളക്കാരുടെ ബന്ധുക്കള്‍ ചൈനയില്‍ പ്രതിക്ഷേധം നടത്തി. ഭരണകൂടത്തിനെതിരെ ചോദ്യം ഉയരുന്നത് അനുവദിക്കാത്ത ഏകാധിപത്യത്തിന്റെ ഇരുമ്പ് മറയ്ക്കുള്ളില്‍ യാഥാര്‍ത്ഥ്യങ്ങളെ മറക്കുകയാണ് ചൈന. ചൈനീസ് ജനത വീര്‍പ്പുമുട്ടുകയാണ്. സ്വന്തം പട്ടാളക്കാര്‍ക്ക് എന്ത് സംഭവിച്ചെന്ന് രാഷ്ട്രത്തോട് പറയാത്ത, ബന്ധുക്കള്‍ക്കുപോലും വിവരം നല്‍കാത്ത, മനുഷ്യാവകാശത്തിന് തരിമ്പും വിലകല്‍പ്പിക്കാത്ത ഒരു ഭരണ സംവിധാനത്തെ എങ്ങനെയാണ് ലോകജനതക്ക് അംഗീകരിക്കാനാവുക. ഇതിനെ മഹത്വവല്‍ക്കരിച്ച് ചങ്കില്‍ കൊണ്ട് നടക്കുന്നവര്‍ നമുക്കടുത്ത് ഉണ്ടായിരിക്കാം. എന്നാല്‍ ഇത്തരക്കാര്‍ അവരുടെ മൈന്റ് സെറ്റ് മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യക്ക് പിന്തുണയറിയിച്ച് അമേരിക്കയും ഫ്രാന്‍സുമടക്കമുള്ള വന്‍ ശക്തികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

ഹോങ്കോംഗ് അഭയര്‍ത്ഥികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടണുമായും ചൈനക്ക് പ്രശ്നങ്ങള്‍ നിലവിലുണ്ട്. ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ മ്യാന്മറും കഴിഞ്ഞ ദിവസം പരസ്യമായി രംഗത്ത് വന്നിരുന്നു. 14 രാജ്യങ്ങളുമായിട്ടാണ് ചൈന അതിര്‍ത്തി പങ്കിടുന്നത്.  ഇന്ത്യയുമായുള്ള സൈനിക തര്‍ക്കങ്ങള്‍ നിലനില്‍ക്കെ മറ്റ് അയല്‍രാജ്യങ്ങളുമായി ചൈന  ഇടയുന്നുണ്ട്. വിയറ്റ്‌നാമാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ചൈനയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിയറ്റ്‌നാം അവകാശമുന്നയിക്കുന്ന പരസെല്‍ ദ്വീപിനു സമീപം ചൈന സൈനികാഭ്യാസം നടത്തി. ചൈനയുടെ നടപടി വിയറ്റ്‌നാം പരമാധികാരത്തെ ലംഘിക്കലാണെന്ന് വിയറ്റ്‌നാം വിദേശ കാര്യ മന്ത്രാലയ പ്രതികരിച്ചുകഴിഞ്ഞു. ഇവിടെ ഒന്നറിയണം ലോകത്ത് അവശേഷിക്കുന്ന നല്ല കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം.അവിടെക്കാണ് ഇവിടത്തെ ചിലരുടെ  ചങ്കിലെ ചൈന വിപുലീകരണ ത്വര കാട്ടുന്നത്. പ്രത്യേക സാമ്പത്തിക മേഖലകളുടെ പേരില്‍ ചൈനയ്ക്ക് ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പസിഫിക് സമുദ്രത്തില്‍ ചൈനയ്ക്കും കൊറിയന്‍ ഉപദ്വീപിനുമിടയിലുള്ള യെല്ലോസീയില്‍ ഉത്തര കൊറിയയുമായും ദക്ഷിണ കൊറിയയുമായും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കിഴക്കന്‍ ചൈന കടലിലെ ചില ദ്വീപുകളില്‍ ജപ്പാനുമായും തര്‍ക്കമുണ്ട്. ജപ്പാന്റെ നിയന്ത്രണത്തിലുള്ള ദിയോയു ദ്വീപിനുമേല്‍ ചൈന അവകാശം ഉന്നയിക്കുന്നുണ്ട്. ഈ മേഖലയിലെ ചൈന ജപ്പാന്‍ തര്‍ക്കം ആഗോള വ്യാപരത്തെ വലിയ തോതില്‍ ബാധിക്കുന്നുമുണ്ട്. രണ്ടു മാസം മുമ്പ് ചൈനീസ് കപ്പലുകള്‍ മലേഷ്യയിലെയും വിയറ്റ്നാമിലെയും കടല്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നു. ദക്ഷിണ ചൈനാ കടലിലെ തര്‍ക്ക മേഖലയില്‍ മലേഷ്യയുടെ സ്റ്റേറ്റ് ഓയില്‍ കമ്പനിയായ പെട്രോനാസിലെ കപ്പലിനെ ചൈനയുടെ കപ്പല്‍ പിന്തുടര്‍ന്നിരുന്നു. മെയ് എട്ടിന് രണ്ട് ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ സെന്‍കാക്കു ദ്വീപുകളുടെ അതിര്‍ത്തി കടന്ന് ഒരു ജപ്പാനീസ് ഫിഷിംഗ് ബോട്ടിനെ പിന്തുടര്‍ന്നു. സമീപത്ത് പെട്രോളിംഗ് നടത്തുന്ന നിരവധി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലിനുമുന്നറയിപ്പ് നല്‍കുകയും സ്വന്തം ബോട്ടിനെ സംരക്ഷിക്കാന്‍ നടപടിയെടുക്കുകയും ചെയ്തു. സൗത്ത് ഈസ്റ്റ് ഏഷ്യന്‍  മേഖലയില്‍ സംഘര്‍ഷ ഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ചൈന.

ലോകരാജ്യങ്ങളുടെ പിന്തുണ അന്താരാഷ്ട്ര സാഹചര്യം ഇന്ത്യക്ക് അനുകൂലമാക്കുകയാണ്. അമേരിക്കയും ആസ്ട്രേലിയയും ജപ്പാനും ഇന്ത്യയും ചേര്‍ന്നുള്ള ക്വാഡ് സഖ്യം നിസാരമല്ലെന്ന് ചൈന തിരിച്ചറിയുന്നുണ്ട്. റഷ്യയും ബ്രിട്ടണും ഒപ്പം നില്‍ക്കുമെന്ന് ഉറപ്പാണ്. ഈ പശ്ചാത്തലത്തില്‍ രാജ്യവും നിങ്ങള്‍ക്കൊപ്പമാണെന്ന് സൈനികര്‍ക്ക് ബോധ്യപ്പെടുത്തുകയാണ് മിന്നല്‍ സന്ദര്‍ശനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്. ശ്രീലങ്കയെയും പാകിസ്ഥാനെയും നേപ്പാളിനെയും കൂട്ടുപിടിച്ച് അധികകാലം മുന്നോട്ടു പോകാന്‍ ഇനി സാദ്ധ്യമല്ലെന്ന ചൈനക്ക് ബോധ്യമായി കഴിഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈന തയ്യാറാണെന്ന് പറയുമ്പോഴും കാര്യങ്ങള്‍ അത്രക്കങ്ങ് വിശ്വസിക്കാന്‍ കഴിയില്ല. ചുറ്റുമുള്ള രാജ്യങ്ങള്‍ പറയുന്നത് ചൈന വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമെന്നാണ്.

യുദ്ധമല്ല ലക്ഷ്യം വെക്കുന്നതെങ്കിലും രാജ്യത്തിന്റെ പരമാധികാരവും പ്രദേശസമ്പൂര്‍ണതയും സംരക്ഷിക്കുന്നതിനുള്ള യുക്തമായ നടപടികള്‍ ഇന്ത്യകൈകൊള്ളുകതന്നെ ചെയ്യും. വാളുകളല്ല വാക്കുകളാണ് വേണ്ടതെന്നതാണ് ഇന്ത്യയുടെ മനസ്സ്. പരമാധികാരം അടിയറവെക്കാതെത്തന്നെ, സമാധാന ചര്‍ച്ചകള്‍ക്ക് മാതൃക തീര്‍ക്കാന്‍ ഇന്ത്യക്ക് കഴിയണം. കഴിയുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രത്യേശ. കാരണം ലോകാസമസ്താ സുഖിനോഭവന്തു എന്നതാണ് ഇന്ത്യയുടെ മന്ത്രം. അതാണ് ഭാരത ദര്‍ശനം. നാളെ ലോകത്തെ ആശയപരമായി നയിക്കാനുള്ള രാജ്യമാകണം ഇന്ത്യ അതിന് പര്യാപ്തമായ ആഴമാര്‍ന്ന ദര്‍ശനമാണ് ഭാരത ദര്‍ശനം.

Related Articles

Back to top button