IdukkiKeralaLatest

ഇടുക്കി ജലവൈദ്യുതി നിലയത്തെ കെഎസ്‌ഇബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഇന്ന് അനുമോദിക്കും

“Manju”

ശ്രീജ.എസ്

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി ദേശീയ ശ്രദ്ധ പിടിച്ചുപറ്റി ചരിത്ര നേട്ടത്തിലേക്ക്. പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതോത്പാദനം 1 ലക്ഷം മില്യണ്‍ (10,000 കോടി) യൂണിറ്റിലേക്ക് എത്തുന്നു. ഇന്നലെ രാവിലത്തെ കണക്കുപ്രകാരം 99,970.891 മില്യണ്‍ (ദശലക്ഷം) യൂണിറ്റില്‍ ഉത്പാദനം എത്തി. അപൂര്‍വമായാണ് ഒരു ജല വൈദ്യുതി നിലയത്തില്‍ നിന്നും ഇത്രയും ഉത്പാദനം നടക്കുന്നത്.
മാസങ്ങളായി ജനറേറ്റര്‍ തകരാര്‍ മൂലം വാര്‍ത്തകളില്‍ നിറഞ്ഞ ഇടുക്കി പദ്ധതിയ്ക്ക് ഈ നേട്ടം ഇരട്ടി മധുരമാണ്. ഇന്നലെ മുതല്‍ നവീകരണത്തിലായിരുന്ന ഒന്നാം നമ്പര്‍ ജനറേറ്ററും പ്രവര്‍ത്തിപ്പിച്ച്‌ തുടങ്ങി. അതേ സമയം മൊത്തം ഉത്പാദനം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

1976 ഫെബ്രുവരി 12ന് മുഖ്യമന്ത്രി സി. അച്യുതമേനോന്റെ അധ്യക്ഷതയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഇന്ത്യ-കാനഡ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് പദ്ധതിയിലുള്ളത്. രണ്ട് ഘട്ടങ്ങളായാണ് ജനറേറ്ററുകള്‍ സ്ഥാപിച്ചത്. 220 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്. ഇത്തരം ഒരു പദ്ധതി ഇപ്പോള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കുറഞ്ഞത് 3000 കോടി രൂപ വേണ്ടി വരും. ഇടുക്കിയില്‍ നിന്നും ഒരു യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ഇപ്പോള്‍ ചെലവ് യൂണിറ്റിന് 25 പൈസയാണ്. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണ് ഇടുക്കി. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും, 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തില്‍ പെരിയാറിന് കുറുകെയാണ് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്.
ഇടുക്കി ജലവൈദ്യുതി നിലയത്തെ കെഎസ്‌ഇബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഇന്ന് അനുമോദിക്കും. നിലയത്തെ ആദരിച്ചുള്ള ശിലാഫലകം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഇന്ന് രാവിലെ 10ന് അനാശ്ചാദനം ചെയ്യും. ഊര്‍ജവകുപ്പ് സെക്രട്ടറി ദിനേശ് അറോറ പുരസ്‌കാരഫലകം സമര്‍പ്പിക്കും.

കെഎസ്‌ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍.എസ്. പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡയറക്ടര്‍മാരായ പി. കുമാരന്‍, ബിപിന്‍ ജോസഫ്, ആര്‍. സുകു, പി. രാജന്‍, മിനി ജോര്‍ജ്, ചീഫ് എഞ്ചിനീയര്‍ സിജി ജോസ് തുടങ്ങിയവര്‍ സംബന്ധിക്കും.

പൂര്‍ണമായും കൊറോണ പ്രോട്ടോക്കോള്‍ ചട്ടങ്ങള്‍ പാലിച്ചു വീഡിയോ കോണ്‍ഫെറന്‍സ് സംവിധാനം വഴി വെര്‍ച്യുലായാണ് സമ്മേളനം നടത്തുന്നത്.

Related Articles

Back to top button