KeralaLatest

രോഗ ഉറവിടം കണ്ടെത്താനാവുന്നില്ല… ആശങ്കയോടെ കൊച്ചി

“Manju”

ഷൈലേഷ്കുമാർ

കൊച്ചി: ജില്ലയിൽ കോവിഡ് ബാധിതരുടെ ഉറവിടം കണ്ടെത്താനാകാൻ കഴിയാത്ത സാഹചര്യത്തിൽ വ്യാപകമായ പരിശോധനകൾ നടത്തി വരികയാണെന്ന് ജില്ല കലക്ടർ എസ്.സുഹാസ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന തല അവലോകന യോഗത്തിലാണ് കലക്ടർ ജില്ലയിലെ സ്ഥിതിഗതികൾ വിശദീകരിച്ചത്. ഇനിയും 14 രോഗികളുടെ ഉറവിടം കണ്ടെത്താനുണ്ട്. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇവരുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടന്നു വരികയാണ്. ചെല്ലാനത്ത് നിലവിൽ ഒൻപതു പേരുടെ പരിശോധന ഫലം പോസിറ്റീവ് ആയിട്ടുണ്ട്. കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയിട്ടുമുണ്ട്.
അതേ സമയം എറണാകുളം ജില്ലയിൽ ഇന്ന് 20 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് പുതിയ റിപോർട്ടുകൾ. ഇതിൽ 15 പേർക്ക് സമ്പർക്കം മൂലമാണ് പകർന്നത്. ഏറെ ആശങ്ക നിലനിൽക്കുന്ന ആലുവ മുനിസിപ്പാലിറ്റി ഇതോടു കൂടി പൂർണ്ണമായുംഅടച്ചിട്ടിരിക്കുകയാണ്. യാത്രകൾക്ക് പോലീസ് നിയന്ത്രണമേർപ്പെടുത്തി.

കീഴ്മാട് പഞ്ചായത്തും പൂർണ്ണമായും കണ്ടെയ്മെൻ്റ് സോണാക്കി. കൊച്ചി കോർപറേഷൻ 65 ആം ഡിവിഷൻ, ചെങ്ങമനാട് പഞ്ചായത്തിലെ വാർഡ് 14 , കരുമാലൂർ പഞ്ചായത്തിലെ വാർഡ് 6, തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 35, ശ്രീമൂലനഗരം പഞ്ചായത്തിലെ വാർഡ് 4, എടത്തല പഞ്ചായത്തിലെ വാർഡ് 2, വാഴക്കുളം പഞ്ചായത്തിൽ വാർഡ് 19, നീ ലീശ്വരം പഞ്ചായത്തിൽ വാർഡ് 13, വടക്കേക്കര പഞ്ചായത്തിൽ വാർഡ് 15 എന്നിവയാണ് പുതിയ കണ്ടെയ്മെൻ്റ് സോണുകളാക്കി മാറ്റിയത്.

മാസ്ക് കൃത്യമായി ധരിക്കാതെ പുറത്തിറങ്ങുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊതുവഴിയിൽ തുപ്പുക, അനാവശ്യമായി കൂട്ടംകൂടുക എന്നിവ ശ്രദ്ധയിൽ പെട്ടാൽ അവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് എറണാകുളം ജില്ലാ പോലീസ് വൃത്താന്തങ്ങൾ അറിയിച്ചു.

Related Articles

Back to top button