KeralaLatestThiruvananthapuram

ഫീസ് അടച്ചില്ലെങ്കില്‍ പരീക്ഷയെഴുതിക്കില്ല

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തെ ഫീസ് ഉടന്‍ അടച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന ഭീഷണി മുഴക്കി സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍. 2020-21 അധ്യയന വര്‍ഷത്തെ എം.ബി.ബി.എസ് ഫീസ് ആറരലക്ഷം രൂപ ഈ മാസം 31ന് മുന്‍പ് ഒരുമിച്ചടക്കണമെന്നാണ് മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്നത്.

ചില കോളജുകള്‍ ഈ മാസം 15ന് മുന്‍പ് ഫീസടക്കണമെന്നും നിര്‍ബന്ധം പിടിക്കുന്നുണ്ട്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളോട് മൂന്നാം വര്‍ഷത്തെ ഫീസടക്കണമെന്ന് ആവശ്യപ്പെടുന്ന കോളജുകളുമുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഫീസടച്ചില്ലെങ്കില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നത്. 2019-20 വര്‍ഷത്തെ ക്ലാസുകള്‍ തീരും മുന്‍പുതന്നെ മാര്‍ച്ച്‌ 17ന് എല്ലാ കോളജുകളും അടച്ചു.

ലോക്ക് ഡൗണ്‍ ആയതോടെ ഇന്റേണല്‍ പരീക്ഷകളും സര്‍വകലാശാല പരീക്ഷകളും മുടങ്ങി. ഇതിനിടെയാണ് അടുത്ത വര്‍ഷത്തെ ഫീസ് അടക്കാന്‍ സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. ഫീസ് അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കില്ലെന്നും കോളജ് തുറന്നാല്‍ ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്നും നോട്ടിസിലുണ്ട്. എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് പുറമേ ബി ഫാം വിദ്യാര്‍ഥികളോടും പല മാനേജുമെന്റുകളും ഫീസ് അടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ആദ്യം മുതല്‍ തന്നെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യസര്‍വകലാശാലയ്ക്കും കോളജധികാരികള്‍ക്കും ഫിസ് നിര്‍ണയ സമിതിക്കും നിവേദനം നല്‍കിയിരുന്നെന്നും ആവശ്യം അവഗണിക്കുകയാണെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തി.

Related Articles

Back to top button