KeralaLatestThiruvananthapuram

നഗരത്തിലെ കടകൾ 12 മണിവരെ: കടകളിലേക്കുള്ള അവശ്യസാധന വിതരണം 12 മുതൽ 3 മണിവരെ

“Manju”

കൃഷ്ണകുമാർ സി

നഗരത്തിലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനും, മൊത്തവിതരണക്കാരിൽ നിന്നും സറ്റോക്ക് എടുക്കുന്നതിനും പുതിയ സമയക്രമം നിശ്ചയിക്കുവാൻ ധാരണയായി. രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വിൽക്കാം. 12 മണിക്കു ശേഷം വിൽപ്പന പാടില്ല. 12 മണിമുതൽ 3 മണിവരെ മൊത്തവിതരണക്കാരിൽ നിന്നും അവശ്യസാധനങ്ങൾ കടകളിൽ സ്റ്റോക്ക് എടുക്കാം. ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഈ ഒരാഴ്ചകാലം മാത്രമാകും ഇങ്ങനെ തുടരുക. തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീമതി നവജോത് ഖോസയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എസ്. എസ്. മനോജ്, ആൾ കേരള ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. അജിത്. കെ. മാർത്താണ്ഡൻ എന്നിവർ വോയ്സ് കോൺഫറൻസിലൂടെ നടന്ന ചർച്ചയിലാണ് ധാരണയായത്. രോഗവ്യാപന ഭീഷണി നിലവിലുള്ള തലസ്ഥാന നഗരത്തിൽ കൂടുതൽ ഇളവുകൾ നൽകുവാൻ നിർവ്വാഹമില്ലെന്ന് ജില്ലാ കളക്ടർ സംഘടനാ ഭാരവാഹികളെ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുമെന്നും ജില്ലാ കളക്ടർ സംഘടനാ ഭാരവാഹികളെ അറിയിച്ചു. വേഗത്തിൽ കേടാവുന്നതും ചീഞ്ഞു പോകുന്നതുമായ അവശ്യസാധനങ്ങളുടെ പ്രധാന വിപണന കേന്ദ്രമായ പാളയം മാർക്കറ്റിനെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടതിനാൽ അവശ്യ സാധനങ്ങൾ കടകളിൽ കെട്ടി കിടക്കുന്ന വിവരം ഭാരവാഹികൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. മാർക്കറ്റിലെ അവശ്യസാധനങ്ങൾ ജില്ലാ കളക്ടർ നിർദേശിക്കുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പുറത്തെടുത്ത് ഉചിതമായ സ്ഥലത്ത് എത്തിച്ച് വിതരണം നടത്തുവാൻ അനുവാദം നൽകണമെന്നും ഭാരവാഹികളുടെ ആവശ്യം സാഹചര്യങ്ങൾ പരിശോധിച്ച് അനുഭാവപൂർവം പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകി.
നഗരത്തിലെ ലോക്ഡൗൺ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കുവാൻ നഗരത്തിലെ വ്യാപാരികളും ഉപഭോക്താക്കളും വിതരണക്കാരും സഹകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ അറിയിച്ചു.

Related Articles

Back to top button