IndiaLatest

രാജ്യത്തിനായി വീരമൃത്യു വരിച്ച മകന്‍റെ പ്രതിമ വൃത്തിയാക്കുന്ന ഒരമ്മ

“Manju”

 

മുടക്കമില്ലാതെ ഈ അമ്മ വീണ്ടുമെത്തി. മകന്‍റെ പ്രതിമ തുടച്ച് വൃത്തിയാക്കി. സത്യ ചൗധരി എന്ന അമ്മയുടെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജ്യത്തിനായി വീരമൃത്യു വരിച്ച മകന്‍റെ പ്രതിമ അവന്‍റെ പിറന്നാളിന് തലേ ദിവസം തന്നെ വന്ന് വൃത്തിയാക്കുന്നത് ഈ അമ്മയുടെ പതിവാണ്. കീർത്തി ചക്ര ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി 2008ലാണ് രാജ്യത്തിനായി വീരമൃത്യു വരിക്കുന്നത്.

ജൂൺ 22നാണ് സുനിൽ കുമാർ ചൗധരിയുടെ പിറന്നാൾ. 21ന് ഈ അമ്മ മകന്‍റെ സ്മരണക്കായി സ്ഥാപിച്ച പ്രതിമയ്ക്ക് അരികിലെത്തും. അതിനെ തുടച്ച് മിനുക്കി അവന്‍റെ പിറന്നാൾ ആഘോഷിക്കും. ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് 28 വയസുകാരനായ ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി വീരമൃത്യു വരിച്ചത്. നെഞ്ചിൽ വെടിയേറ്റിട്ടും ഭീകരന്റെ ജീവനെടുത്ത ശേഷമാണ് ക്യാപ്റ്റൻ വീണത്. ‘സേനാ മെഡൽ’ കൈപ്പറ്റി 24 മണിക്കൂറിനുള്ളിലാണ് അദ്ദേഹം രാജ്യത്തിനായി ജീവൻ കൊടുത്തത്.

പിന്നീട് രാജ്യം ഈ ധീരന് കീർത്തി ചക്ര നൽകി ആദരിച്ചു. ഇതിനൊപ്പം ജന്മനാടായ കത്വയിൽ ഒരു തെരുവിന് ക്യാപ്റ്റൻ സുനിൽ ചൗധരി ചൗക്ക് എന്ന് പേരുനൽകുകയും അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. എല്ലാവർഷവും മകന്റെ പിറന്നാൾ ദിനത്തിൽ അമ്മ സത്യ ചൗധരി ഇവിടെയത്തി പ്രതിമ തുടച്ച് വൃത്തിയാക്കി മധുരം വിതരണം ചെയ്യും. അമ്മയ്ക്കൊപ്പം സുനിലിന്റെ പിറന്നാൾ മധുരം പങ്കുവയ്ക്കാൻ സഹപ്രവർത്തകരും സ്നേഹിതരും ഇവിടെ എത്തിച്ചേരാറുണ്ട്.

ലഫ്റ്റനന്റ് കേണൽ പി.എൽ.ചൗധരിയുടേയും സത്യ ചൗധരിയുടേയും മൂന്നു മക്കളിൽ മൂത്തവനായിരുന്നു സുനിൽ. കരസേനയിലെ 7/11 ഗൂർഖ റൈഫിൾസിലെ സൈനികനായിരുന്നു. എംബിഎ പഠനകാലത്ത് സഹോദരൻ അങ്കുർ ചൗധരിയെ കാണാൻ നാഷനല്‍ ഡിഫൻസ് അക്കാദമിയിലെത്തിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ഘ‍ഡക്‌വാലയിലെ ഡിഫൻസ് അക്കാദമിയിൽ സ്ഥാപിച്ചിരുന്ന പരം വീർചക്ര ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡെയുടെ പൂർണകായ പ്രതിമ ശ്രദ്ധയിൽപെട്ട സുനിൽ, അദ്ദേഹത്തിന്റെ ജീവിത കഥകേൾക്കുകയും സൈന്യത്തിലേക്ക് ആകൃഷ്ടനാകുകയുമായിരുന്നു.

എംബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സുനിൽ സൈന്യത്തിൽ ചേരാൻ പരിശീലനം തുടങ്ങി. 2003ൽ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ സെലക്ഷൻ ലഭിച്ചു. മനോജ് കുമാർ പാണ്ഡെയുടെ അതേ റെജിമെന്റിൽ 11 ഗൂർഖ റൈഫിൾസിലായിരുന്നു സുനിൽ കമ്മിഷൻ ചെയ്തത്. ഉൾഫ ഭീകരവാദത്തിന്‍റെ ഭീഷണി അത്യുന്നതിയിൽ നിന്നിരുന്ന കാലത്ത് കൽക്കത്തയിലെ ഫോർട്ട് വില്യമിൽ ആദ്യ പോസ്റ്റിങ്. 2006ൽ അസമിലെ തിൻസുഖിയയിൽ പോസ്റ്റു ചെയ്ത സുനിൽ രണ്ടു ഉൾഫ കമാൻഡർമാരെ വധിച്ചു.

2008 ജനുവരി 26ന് കൗണ്ടർ ഇൻസർജൻസി ഓപ്പറേഷനിലെ മികവിന് സേന ക്യാപ്റ്റനായിരുന്നു സുനിലിന് സേനാ മെഡൽ ലഭിച്ചു. ഇതിന്‍റെ സന്തോഷത്തിനായി അടുത്തദിവസം തന്‍റെ ജവാന്മാർക്കും ഓഫിസർമാർക്കും പാർട്ടി നൽകാൻ തീരുമാനിച്ചു. എന്നാൽ രാവിലെ രംഗാഗഡ് ഗ്രാമത്തിൽ 7–8 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. അവർക്കായി ഒരു എൻകൗണ്ടർ ഓപ്പറേഷൻ. സുനിലിന്‍റെ നേതൃത്വത്തൽ സൈന്യം 12.40ന് ഗ്രാമത്തിലെത്തി. ഭീകരർ ഒളിച്ചിരുന്ന വീടിനടുത്തെത്തിയപ്പോൾ കനത്ത ഫയറിങ് ഉണ്ടായി.

ഭീകരരെ വെടിവച്ചിട്ട് മുന്നോട്ടു നീങ്ങിയ ക്യാപ്റ്റൻ സുനിലിനെതിരെ ഭീകരർ വെടിവയ്പ്പു ശക്തമാക്കി. നെഞ്ചില്‍ വെടിയുണ്ട തുളച്ചുകയറിയിട്ടും ധീരമായി പോരാടി ഭീകരനെ വധിച്ചു. വിശിഷ്ട സേവനത്തിനുള്ള സേനാ മെഡൽ വാങ്ങി 24 മണിക്കൂറിനുള്ളിൽ ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി രാജ്യത്തിനു വേണ്ടി സ്വജീവൻ ബലിയർപ്പിക്കുകയും ചെയ്തു. പിന്നീട് മരണാനന്തര ബഹുമതിയായ കീർത്തിചക്ര നൽകി അദ്ദേഹത്തെ രാജ്യം ആദരിക്കുകയും ചെയ്തു.

Related Articles

Back to top button