LatestThiruvananthapuram

ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി ഗോപികാറാണി ടീച്ചര്‍ യാത്രയായി

“Manju”

തിരുവനന്തപുരം: മരണത്തിനൊപ്പം യാത്രയായെങ്കിലും ഏഴുപേര്‍ക്ക് പതുജീവനേകി ഗോപികറാണി ടീച്ചര്‍. ഇന്നലെയാണ് വലിയവിള കുണ്ടമണ്‍കടവ് ബാലഭാരതി സ്കൂളിന് സമീപം ശ്രീവല്ലഭയില്‍ എല്‍.ബി.എസ് ഉദ്യോഗസ്ഥന്‍ പ്രവീണിന്റെ ഭാര്യ ജി.ഗോപികറാണി (47) പക്ഷാഘാതം മൂലം മരണമടഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു അന്ത്യം. ആകസ്മികമായ ഭാര്യയുടെ വേര്‍പാട് വിശ്വസിക്കാനാകാതെ നില്‍ക്കുമ്പോഴും ഭര്‍ത്താവ് പ്രവീണ്‍ തന്നെയാണ് ആശുപത്രി അധികൃതരോട് ഗോപികയുടെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി, കിംസ്, ശ്രീചിത്ര എന്നിവിടങ്ങളിലുള്ള ഏഴുപേര്‍ക്ക് ഗോപികറാണിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ധാരണയായി.

കരള്‍, കണ്ണുകള്‍, ഹൃദയത്തിന്റെ രണ്ട് വാല്‍വുകള്‍, വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്. ഇന്നലെ വൈകിട്ട് തന്നെ ശസ്ത്രക്രിയയും നടത്തി. ഗോപികറാണി 12 വര്‍ഷമായി ശാസ്തമംഗലം ആര്‍.കെ.ഡി എന്‍.എസ്.എസ് എച്ച്‌.എസ്.എസിലെ അദ്ധ്യാപികയാണ്. കണ്ണുകള്‍ ദാനം ചെയ്യണമെന്ന് ഭാര്യ പറഞ്ഞിരുന്നതായി പ്രവീണ്‍ പറഞ്ഞു.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30ന് ശാസ്തമംഗലം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് എസ്.പി.സിയുടെ ഗാര്‍ഡ് ഒഫ് ഓണറും നല്‍കും. സ്കൂളില്‍ എസ്.പി.സി ആരംഭിച്ചതുമുതല്‍ അതിന്റെ ഭാരവാഹിയാണ് ഗോപികറാണി. വൈകിട്ട് 4.30ന് ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തും. സംസ്ഥാന സ്ക്വാഷ് താരമായ പ്രാണ്‍ പ്രവീണാണ് മകന്‍. പ്രസിദ്ധ ചിത്രകാരന്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടെയും ഗിരിജകുമാരിയുടെയും (റിട്ട. ഹെഡ്മിസ്ട്രസ്) മകളാണ് ഗോപികറാണി.

Related Articles

Back to top button