KeralaLatest

ശിവശങ്കറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്; വീണ്ടും ചോദ്യം ചെയ്‌തേക്കും

“Manju”

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ കസ്റ്റംസ്. ശിവശങ്കറിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. കേസിലെ പ്രതികൾക്ക് ഒളിവിൽ പോകാൻ ശിവശങ്കർ സൗകര്യമൊരുക്കിയെന്ന് സംശയിക്കുന്നുണ്ട്.

സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ ശിവശങ്കർ സൗകര്യമൊരുക്കിയെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. തിരുവനന്തപുരത്ത് ഫ്‌ളാറ്റ് ബുക്ക് ചെയ്ത് പ്രതികളുമായി പലപ്പോഴും കൂടിക്കാഴ്ച നടത്തി. മുറി എടുത്തത് എന്തിനെന്ന കസ്റ്റംസിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടിയല്ല ശിവശങ്കർ നൽകിയത്. സരിത്തും സ്വപ്‌നയും അടുത്ത സുഹൃത്തുക്കളെന്നാണ് ശിവശങ്കർ പറഞ്ഞ മറ്റൊരു കാര്യം. വെറും മൂന്ന് മാസം മാത്രം പരിചയമുള്ള സരിത്തുമായി അടുത്ത ബന്ധം എങ്ങനെ വന്നുവെന്ന ചോദ്യത്തിനും കൃത്യമായ മറുപടിയല്ല നൽകിയത്. മൊഴിയിൽ വ്യക്തത വരുത്താൻ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും.

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റംസ് ഇന്നലെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയ ശേഷം കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇന്ന് പുലർച്ചെ രണ്ടര വരെ നീണ്ടു. ചോദ്യം ചെയ്യലിന് ശേഷം തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്തു.

Related Articles

Back to top button