IndiaLatest

സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ച് കസ്റ്റംസ്

“Manju”

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ച് കസ്റ്റംസ്. ഗൂഡാലോചന നടന്ന ദിവസം സ്വപ്ന സ്റ്റാച്ചുവിലെ ടവർ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വർണം പിടിച്ച ദിവസവും സ്വപ്ന ഈ ടവർ ലൊക്കേഷനിലുണ്ടായിരുന്നു.

രാവിലെ 9 മുതൽ 11.30 വരെയാണ് സ്വപ്‌ന ഈ ടവർ ലൊക്കേഷനിൽ ചെലവഴിച്ചത്. ജൂലൈ 1, 2 തിയതികളിൽ സരിത്തും സന്ദീപും ഇതേ ടവർ ലൊക്കേഷനിലുണ്ടായിരുന്നതായി കസ്റ്റംസ് പറയുന്നു.

അതേസമയം, സ്വർണക്കടത്ത് ഇടപാടിനായി പ്രതികൾ സമാഹരിച്ചത് 8 കോടി രൂപയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് സ്വർണം ദുബായിൽ നിന്ന് എത്തിച്ചത്.

സ്വർണം ജ്വല്ലറികൾക്ക് വിൽക്കാൻ കരാറുണ്ടിക്കിയത് മൂവാറ്റുപുഴ സ്വദേശി ജലാലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഏഴു ലക്ഷം രൂപയാണ് സരിത്തിനും സ്വപ്‌നക്കും കമ്മീഷനായി നിശ്ചയിച്ചിരുന്നതെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ മൂന്ന് പേരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി, കോഴിക്കോട് എരിഞ്ഞിക്കൽ സ്വദേശിയായ സമജു എന്നിവരാണ് ഇന്ന് പിടിയിലായത്. സ്വർണം വാങ്ങാൻ റമീസിന് പണം നൽകിയ വ്യക്തികളാണ് പിടിയിലായ അൻവറും സെയ്ദ് അലിയുമെന്നാണ് സൂചന. ഹൈദരാബാദിലേക്കുള്ള സ്വർണ നീക്കത്തിൽ സമജു പങ്കാളിയാണെന്നാണ് ഇന്റലിജൻസ് വിവരം.

Related Articles

Back to top button