EntertainmentLatest

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് 100 രൂപ പെറ്റിയടിച്ചു

“Manju”

ശ്രീജ.എസ്

ചെന്നൈ: വെള്ളിത്തിരയില്‍ പൊലീസായും കള്ളനായും നിയമവും ന്യായവും കൃത്യമായി നടപ്പാക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ജീവിതത്തില്‍ നിയമം പാലിക്കാന്‍ മറന്നപ്പോള്‍ പൊലീസ് പെറ്റിയടിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ചതിനാണ് ചെന്നൈ ട്രാഫിക് പൊലീസ് 100 രൂപ ഫൈന്‍ അടിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. 26ന് മുമ്പ് പിഴ അടയ്ക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച രാവിലെ വരെ അടച്ചിട്ടില്ലെന്ന് ചെന്നൈ ട്രാഫിക് പൊലീസ് അറിയിച്ചു.

ജൂലായി 20ന് പുതിയ ലംബോര്‍ഗനി കാറോടിച്ച്‌ രജനീകാന്ത് പോകുന്ന ഫോട്ടോ വയറലായിരുന്നു. 23ന് രജനീകാന്ത് കേളമ്പക്കത്തുള്ള തന്റെ ഫാംഹൗസിലേക്ക് പോയിരുന്നു. കോവിഡ് കാലത്ത് ചെന്നൈയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകാന്‍ രജനീകാന്ത് ഇ പാസ് എടുത്തിട്ടുണ്ടോ എന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ചോദിച്ചിരുന്നു. ഇതേ കുറിച്ച്‌ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആശുപത്രിയില്‍ പോകുന്നതിനാണ് രജനീകാന്ത് കേളമ്പക്കത്തേക്ക് പോയതെന്ന് അധികൃതര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രി, മരണം എന്നിവയ്ക്ക് പോകണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അതിന്റെ രേഖകളും സമര്‍പ്പിക്കണം. ഇത് പരിശോധിച്ച ശേഷം സര്‍ക്കാര്‍ ഇ പാസ് നല്‍കും.

രജനീകാന്തിനെ പോലെയുള്ള വിഐപികള്‍ പാസില്ലാതെ യാത്ര ചെയ്യുമ്പോള്‍ സാധാരണക്കാര്‍ക്ക് വളരെ അത്യാവശ്യങ്ങള്‍ക്ക് പോകാന്‍ സര്‍ക്കാര്‍ പാസ് അനുവദിക്കുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പലരും ചൂണ്ടിക്കാട്ടുന്നു. അതേസമയം കൈക്കൂലി നല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ ഇ പാസ് നല്‍കുമെന്ന ആരോപണവും ഉയരുന്നുണ്ട്. തെറ്റായ വിവരം നല്‍കിയാണ് 68 വയസുള്ള രജനീകാന്ത് ഇ പാസ് കരസ്ഥമാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഫാംഹൗസ് ചെങ്കല്‍പേട്ട് ജില്ലയിലാണ്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്ന് ചെങ്കല്‍പേട്ട് ജില്ലാ കലക്ടര്‍ ജോണ്‍ ലൂയിസ് പറഞ്ഞു.

Related Articles

Back to top button