KeralaLatestPathanamthitta

അടവിയും ആനക്കൂടും മാത്രമല്ല ഇനി കോന്നിക്ക് സ്വന്തമായി മെഡിക്കൽ കോളേജും

“Manju”

കോന്നി • മെഡിക്കൽ വിദ്യാഭ്യാസവും ചികിത്സയും കൈകോർക്കുന്ന ഇടം. കേരളത്തിന്റെ ഭൂപടത്തിൽ ഇനി കോന്നിയുടെ കൊടിയടയാളം അടവിയും ആനക്കൂടും മാത്രമല്ല, മെഡിക്കൽ കോളജുകൂടിയാണ്. കോളജും ചികിത്സയും ചേരുന്നയിടം. പഠിക്കാനായി ഒരു ആശുപത്രി. മരുന്നുമണം മാറാത്ത ക്ലാസ് മുറികൾ. പഠിപ്പിക്കുന്നതിനിയിൽ രോഗികളെ ചികിത്സിക്കാൻ ഓടുന്ന പ്രഫസർമാർ. രോഗികളെ തൊട്ടും തിരിച്ചറിഞ്ഞുമുള്ള പരിശീലനം.

സാധാരണ ജനങ്ങൾക്കു ഏറ്റവും മികച്ച ചികിത്സ; അതിലൂടെ പുതിയ തലമുറയ്ക്ക് മെഡിക്കൽ പഠനത്തിന് അവസരം. ഇതാണ് മെഡിക്കൽ കോളജുകളുടെ സ്ഥാപന ലക്ഷ്യം. ചികിത്സയ്ക്കു മാത്രമല്ല മെഡിക്കൽ കോളജുകളെന്നു ജനങ്ങളും, പഠനത്തിനു മാത്രമല്ല സേവനത്തിനു കൂടിയാണ് ആശുപത്രിയെന്ന് വൈദ്യവിദ്യാർഥികളും ഓർക്കേണ്ട ഇടം.

കോന്നിയിൽ സർക്കാർ മെഡിക്കൽ കോളജ് തുറക്കുമ്പോൾ മലയോര മേഖലയുടെ വികസനം കൂടി ലക്ഷ്യമിടുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ മെഡിക്കൽ കോളജ് എന്നതാണ് സർക്കാർ ലക്ഷ്യം. ഇനി വയനാട്ടിൽ മാത്രമാണ് അനുമതി നൽകാനുള്ളത്. കാസർകോട് കോവിഡ് കാലത്ത് പ്രവർത്തനം ആരംഭിച്ചു. വൈകാതെ പൂർണസജ്ജമാകുമെന്നു കരുതാം. ഇടുക്കിയിലും വൈകാതെ യാഥാർഥ്യമാകും.

50 വിദ്യാർഥികളുമായി ഈ വർഷം തന്നെ എംബിബിഎസ് പഠനം ആരംഭിക്കാനാവുമോ എന്ന കാര്യത്തിൽ സർക്കാർ ശ്രമം ആരംഭിച്ചു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് അനുമതി നൽകേണ്ടത്. ഈ വർഷം അനുമതി ലഭിച്ചാൽ ഏകദേശം 5 വർഷം കഴിയുമ്പോൾ പിജി പഠനവും തുടങ്ങാനാവും. ഇതു കേരളത്തിലെ സമർഥരായ വിദ്യാർഥികൾക്ക് വലിയ അവസരമാണ് ഒരുക്കുന്നത്.

മെഡി. കോളജിന്റെ രണ്ടാം ഘട്ട വികസനവും വൈകാതെ തുടങ്ങാനാവും. ആധുനിക രൂപകൽപനയാണ് ഇതിൽ പ്രധാനം. 21–ാം നൂറ്റാണ്ടിന് അനുയോജ്യമായ കാഴ്ചപ്പാടോടെയാണ് എച്ച്എൽഎൽ കമ്പനി ഇവിടെ കെട്ടിടം നിർമിച്ചത്. മറ്റു സർക്കാർ മെഡിക്കൽ കോളജുകളെ അപേക്ഷിച്ച് ഇതാണു കോന്നിയുടെ മേന്മ.

Related Articles

Back to top button