KeralaLatestThrissur

കൃഷിമന്ത്രിയുടെ വീട്ടിൽ പൂവിട്ട അപൂർവ ചെടി;ജേഡ് വൈൻ’

“Manju”

തൃശൂർ• കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ വീട്ടുമുറ്റത്തെത്തുന്നവർ ഇപ്പോൾ നേരേ മേലോട്ടാണു നോക്കുക. അവിടെ മരത്തിനുമുകളിൽ വള്ളിപടർന്നു പൂത്തുകിടക്കുന്നൂ ഫിലിപ്പൈൻസിലെ ‘ജേഡ് വൈൻ’ പൂവ്. കണ്ടാൽ തീനാളങ്ങൾ ജ്വലിച്ചു നിൽക്കുന്നതുപോലെ. മന്ത്രിയുടെ നാവിൽ ഇത് വേഴാമ്പൽപ്പൂവ്. അമ്പലവയലിൽ ദേശീയ പുഷ്പോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ജേഡ് വൈൻ പൂക്കൾ മന്ത്രി കാണുന്നത്. തീനാളത്തിന്റെ നിറമുള്ളതും പിന്നെ നീലയും.

ഡോ. രാജേന്ദ്രനിൽ നിന്ന് ഇതിന്റെ ഗ്രാഫ്റ്റ് ചെയ്ത തൈകളുമായാണു മന്ത്രി മടങ്ങിയത്. കഴിഞ്ഞ കൊല്ലം ഒരു പൂവിരിഞ്ഞു. ഇത്തവണ നിറയെ പൂക്കൾ.ഒരു കുലയിൽ ഒരടിയിലേറെ നീളത്തിൽ നിറയെ ഇതളുകളാണു ജേഡ് വൈൻ പൂവിന്.നീല നിറമുള്ള പൂവാണു കൂടുതൽ പ്രിയമെങ്കിലും മന്ത്രിയുടെ മുറ്റത്തു വിരിഞ്ഞത് ചുവപ്പും മഞ്ഞയും കലർന്ന പൂക്കൾ.നീലപ്പൂക്കൾ വിരിയുന്ന തൈകൂടി സംഘടിപ്പിക്കണമെന്നാണു മന്ത്രിയുടെ മോഹം. വായ പിളർന്ന വേഴാമ്പലിന്റെ ചുണ്ടുകൾ പോലെയാണ് പൂവിതളുകൾ. അതിനാലാണു മന്ത്രി ഇതിനു വേഴാമ്പൽ പൂവെന്നു പേരിട്ടത്.

1854ലാണ് പാശ്ചാത്യ ഗവേഷകർ ഫിലിപ്പൈൻസിലെ മഴക്കാടുകളിലെ അരുവികൾക്കരികിൽ നിന്നു ജേഡ് വൈൻ പൂക്കൾ കണ്ടത്തുന്നത്. 18 മീറ്റർ വരെ നീളത്തിൽ വള്ളി പടരുന്ന ഈ പൂവിന് തയാബക് എന്നാണു ഫിലിപ്പൈൻസിലെ പേര്. മരതകപ്പച്ച നിറമുള്ള എമറാൾഡ് വൈൻ, ഇളംപച്ചയും നീലയും ചേർന്ന ടർക്വോയിസ് വൈൻ എന്നീ ഇനങ്ങളുമുണ്ട്. വംശനാശഭീഷണി നേരിടുന്ന പൂവിനങ്ങളുടെ പട്ടികയിലാണു ജേഡ് വൈൻ ഉൾപ്പെട്ടിരിക്കുന്നത്. ആകർഷകമായ നിറം മൂലം അലങ്കാര പുഷ്പങ്ങളിലുൾപ്പെട്ട ഇവയ്ക്ക് രാത്രിയിൽ പ്രകാശിക്കാൻ കഴിവുണ്ട്.

Related Articles

Back to top button