KeralaLatest

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇബ്രാഹിംകുഞ്ഞിന് എന്‍ഫോഴ്സ്മെന്‍റിന്‍റെ നോട്ടീസ്

“Manju”

ശ്രീജ.എസ്

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും അദ്ദേഹത്തിന്റെ ചുമതലയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഡയറക്ടര്‍ സമീറിനും എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസ്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടന്നും എല്‍ഫോഴ്സ്മെന്റ് നടപടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പരാതിക്കാരാനായ ഗിരീഷ് കുമാറിനെക്കൊണ്ട് പരാതി പിന്‍വലിക്കുന്നതിന് കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെയും മകന്റേയും മറ്റ് ലീഗു നേതാക്കളുടേയും മൊഴികള്‍ വിജിലന്‍സ് കോടതിക്ക് കൈമാറി. ഇബ്രാഹിം കുഞ്ഞ് ഗിരീഷ് കുമാറിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ തുടര്‍നടപടികള്‍ക്കായി ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയതായി പൊലീസും കോടതിയെ അറിയിച്ചു.

നോട്ട് നിരോധന കാലത്ത് ഇബ്രാഹിംകുഞ്ഞിനു ചുമതലയുള്ള മാധ്യമ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ കണക്കില്‍ പെടാത്ത 10 കോടി നിക്ഷേപിച്ചെന്നും പാലാരിവട്ടം പാലം അടക്കമുള്ള കരാറുകളില്‍ നിന്ന് ലഭിച്ച കോഴപ്പണമാണ് ഇതെന്നും അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

അന്വേഷണത്തിന്റെ ഭാഗമായി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂര്‍, ഗിരീഷ് ബാബു, ലീഗ് നേതാക്കള്‍ തുടങ്ങിയവരെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഗിരീഷ് ബാബു തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് ഇബ്രാഹിംകുഞ്ഞിന്റെ മൊഴി.

ഹൈക്കോടതി രഹസ്യ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ഇബ്രാഹിംകുഞ്ഞടക്കമുള്ളവരെ ചോദ്യം ചെയ്തത്. കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിംകുഞ്ഞും മകനും താനുമായി കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും അഞ്ച് ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തെന്നുമാണ് ഗിരീഷ് കുമാറിന്റെ പരാതി. യുഡിഎഫ് കളമശേരി മണ്ഡലം ചെയര്‍മാന്‍ കെ.എസ്.സുജിത് കുമാര്‍ വഴി കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിനുപിന്നില്‍ ഇബ്രാഹിംകുഞ്ഞും മകനുമാണെന്നും ഇവര്‍ തന്നെ ഫോണിലും നേരിട്ടുകണ്ടും സംസാരിച്ചുവെന്നുമായിരുന്നു ഗിരീഷ് കുമാറിന്റെ മൊഴി.

Related Articles

Back to top button