IndiaLatest

രാമക്ഷേത്ര നിർമാണത്തിന് ഒരു കോടി; ആവേശത്തിൽ ശിവസേന

“Manju”

മുംബൈ• അയോധ്യയിൽ നാളെ നടക്കുന്ന രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കാനിടയില്ലെങ്കിലും ശിവസേന ആവേശത്തിൽ. ഭരണസഖ്യമായ മഹാ വികാസ് അഘാഡിയിൽ അസ്വാരസ്യങ്ങൾ ഒഴിവാക്കാൻ കൂടിയാണ് ഉദ്ധവ് ചടങ്ങിൽ നിന്നു വിട്ടുനിൽക്കുന്നതെന്ന് സൂചനയുണ്ടങ്കിലും കോവിഡ് ഭീഷണിയാണ് കാരണമായി പറഞ്ഞിരിക്കുന്നത്. ഭൂമിപൂജ വിഡിയോ കോൺഫറൻസിങ് വഴിയാക്കണമെന്ന് ഉദ്ധവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ക്ഷേത്ര നിർമാണത്തിന് അടിത്തറ ഒരുക്കിയത് ശിവസേനയാണെന്ന് ബിജെപിയും വിഎച്ച്പിയും സംഘ് പരിവാറും അംഗീകരിച്ചതാണെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു. ‘പ്രധാനമന്ത്രി പങ്കെടുക്കുന്നു എന്നതാണ് പ്രധാനം. മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും അവിടെ പോകാം’- ചടങ്ങ് നന്നായി നടക്കട്ടെ എന്നാശംസിച്ച് സഞ്ജയ് റാവുത്ത് പറഞ്ഞു. ക്ഷേത്ര നിർമാണത്തിന് പാർട്ടി ഒരു കോടി രൂപ നൽകിയിട്ടുണ്ടെന്ന് റാവുത്ത് അറിയിച്ചു. ‘അയോധ്യയിലെ സ്ഥിതി ഗുരുതരമാണ്. ഒരു മെഡിക്കൽ അടിയന്തരാവസ്ഥയുടെ സാഹചര്യമാണ് അവിടെ നിലനിൽക്കുന്നത്. കഴിവതും കുറഞ്ഞ ആളുകൾ മാത്രം പങ്കെടുക്കുന്നതാണ് ഉചിതം. യുപി മന്ത്രി കമൽ റാണി മരിക്കാനിടയായി. മറ്റു 3 മന്ത്രിമാർ രോഗബാധിതരാണ്. ക്ഷേത്രത്തിന്റെ മുഖ്യപൂജാരിയും സുരക്ഷാ ജീവനക്കാരും ക്വാറന്റീനിൽ ആണ്’- റാവുത്ത് പറഞ്ഞു.

ഉദ്ധവിനെ ചടങ്ങിന് ക്ഷണിച്ചിരുന്നോ എന്ന ചോദ്യത്തിന് ആരും ക്ഷണത്തിനായി കാത്തിരിക്കുന്നില്ല എന്നായിരുന്നു റാവുത്തിന്റെ മറുപടി. ‘നേതാക്കളെ ക്ഷണിക്കുന്ന വിഷയത്തിൽ രാഷ്ട്രീയ വ്യാഖ്യാനങ്ങൾ ശിവസേന ആഗ്രഹിക്കുന്നില്ല. രാമക്ഷേത്ര നിർമാണ പ്രസ്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കൾ പോലും കോവിഡ് സാഹചര്യത്തിൽ ചടങ്ങിൽ പങ്കെടുക്കുന്നില്ല’- റാവുത്ത് ചൂണ്ടിക്കാട്ടി.

Related Articles

Back to top button