KeralaLatest

പെട്ടിമുടി ദുരന്തമുണ്ടായ സ്ഥലത്ത് മുഖ്യമന്ത്രിയെത്താത്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷവും കേന്ദ്ര സഹമന്ത്രി വി മുരളീധരനും

“Manju”

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തമുണ്ടായ സ്ഥലത്ത് മുഖ്യമന്ത്രിയെത്താത്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷവും കേന്ദ്ര സഹമന്ത്രി വി മുരളീധരനും രംഗത്ത്. കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി രാജമല സന്ദര്‍ശിക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം പക്ഷേ ഇവിടേക്ക് വന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അദ്ദേഹം വരേണ്ടതായിരുന്നു. കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇന്‍ഷ്വറന്‍സ് അടക്കം അവര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കും. എത്ര സഹായം ലഭിച്ചാലും മതിയാവില്ല. പണം ലഭിച്ചതുകൊണ്ട് ഒരുജീവന്‍ നഷ്ടപ്പെട്ടതിന് പകരമാവുന്നില്ല.

രാജമല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്കും പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെയും പത്ത് ലക്ഷം രൂപ പ്രഖ്യാപിക്കണമെന്നും രാജമല സന്ദര്‍ശനത്തിന് പുറപ്പെടും മുമ്ബ് മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. തോട്ടം മേഖലയില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് രാജമലയില്‍ സന്ദര്‍ശനം നടത്തിയശേഷംരമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തോട്ടം മേഖലയിലുള്ളവര്‍ക്ക് കമ്ബനി സഹായം നല്‍കുന്നുണ്ടാവും. എന്നാല്‍, സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നത് കൂടി ചെയ്യണം. നാല് ലയങ്ങളിലെ ആളുകള്‍ക്കാണ് ഈ ദുരന്തമുണ്ടായത്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന പലരും അപകടത്തില്‍ മരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താത്തതിനെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി. സഹായധനം എല്ലായിടത്തും ഒരുപോലെ ലഭ്യമാക്കണം. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അപകടത്തില്‍പ്പെട്ടവരെ വേര്‍തിരിച്ച്‌ കാണരുത്. മുഖ്യമന്ത്രിക്ക് കരിപ്പൂരിലെത്താമെങ്കില്‍ പെട്ടിമുടിയിലും വരാം. അദ്ദേഹം സെലക്ടീവായി പോവുന്നത് ശരിയല്ല. മനുഷ്യജീവന് എല്ലായിടത്തും ഒരേ വിലയാണ്. പ്രധാനമന്ത്രി നിര്‍ദേശിച്ചതുപ്രകാരമാണ് താന്‍ കരിപ്പൂരിലും പെട്ടിമുടിയിലും സന്ദര്‍ശനത്തിനെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്തത്തില്‍ പ്രഖ്യാപിച്ച ധനസഹായത്തിലും വേര്‍തിരിവ് കാണിച്ചുവെന്ന് ഡീന്‍ കുര്യാക്കോസ് എംപിയും മൂന്നാറില്‍ മാധ്യമങ്ങളോട് കുറ്റപ്പെടുത്തി. ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ പ്രഖ്യാപനങ്ങളും സമീപനങ്ങളും അങ്ങേയറ്റം ഈ നാടിനോടുള്ള തരംതിരിവായി കാണുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായ സ്ഥലത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിസഭയിലെ ഏതാണ്ട് മിക്ക മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെയുള്ള ഭരണസംവിധാനത്തിന്റെ മുഴുവന്‍ ആളുകളും സന്ദര്‍ശനം നടത്തുകയുണ്ടായി. കേന്ദ്രമന്ത്രിയും സന്ദര്‍ശനത്തിനെത്തി.

ദുരന്തസമയത്ത് പെട്ടിമുടിയില്‍ 82 ആളുകളുണ്ടായിരുന്നു. ഇത്രയും ഭീകരമായ ഒരു ദുരന്തം ഈ നാട്ടില്‍ നടന്നതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ള സമീപനത്തില്‍ വ്യത്യാസം കാണുന്നതായും അദ്ദേഹം പറയുന്നു. 10 ലക്ഷം രൂപയാണ് മലപ്പുറത്ത് ധനസഹായം പ്രഖ്യാപിച്ചത്. പെട്ടിമുടിയില്‍ മരണമടഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. കരിപ്പൂര്‍ അപകടത്തെ കുറച്ചുകാണുന്നില്ല. അവിടെ 10 ലക്ഷം പ്രഖ്യാപിച്ചെങ്കില്‍ ഇവിടെയും അങ്ങനെ ന്യായമായും ആര്‍ക്കും പ്രതീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Check Also
Close
Back to top button