InternationalLatest

യുഎസിൽ കമലതരംഗം: തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് പണമൊഴുക്ക്

“Manju”

വാഷിങ്ടൻ • കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയതോടെ യുഎസിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് പണം ഒഴുകി. കമലയെ പ്രഖ്യാപിച്ചതിനു ശേഷമുള്ള 24 മണിക്കൂറിൽ പാർട്ടിക്കു ലഭിച്ചത് 2.6 കോടി യുഎസ് ഡോളർ (195 കോടി രൂപയോളം).

ഫണ്ടിലേക്ക് മുൻപ് ഒറ്റ ദിവസം ലഭിച്ച ഏറ്റവും കൂടിയ തുകയുടെ ഇരട്ടിയാണിത്. കമല ഹാരിസിന്റെ വരവോടെ ഡെമോക്രാറ്റ് ടീമിൽ ജനങ്ങളുടെ പ്രതീക്ഷ വർധിച്ചതിന്റെ സൂചനയാണിത്. 55 വയസ്സുള്ള കമലയുടെ ഭാവി രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും ഇപ്പോഴത്തെ നേട്ടം ഗുണം ചെയ്യും.

കമലയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം ആദ്യമായി പ്രസി‍ഡന്റ് സ്ഥാനാർഥി ജോ ബൈഡനും കമലയും ഒരുമിച്ചു വേദിയിലെത്തി. തകർന്ന രാഷ്ട്രത്തെ പുനർനിർമിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡെലവെയറിലെ വിൽമിങ്ടനിൽ നടന്ന ചടങ്ങിൽ ഇരുവരും പ്രഖ്യാപിച്ചു.

കമല ഹാരിസിന്റെ സ്ഥാനാർഥിത്വത്തിന്റെ ആവേശത്തിലാണ് യുഎസിലെ ഇന്ത്യൻ സമൂഹം. ‘കമല ആന്റി ഫോർ വൈസ് പ്രസിഡന്റ്’ എന്ന മുദ്രാവാക്യം യുഎസിലെ ദക്ഷിണേന്ത്യൻ വംശജരുടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഷിക്കാഗോയിൽ റിട്ട. നഴ്സായ ഏലിയാമ്മ കെനി ‘ഞങ്ങളിലൊരാൾ’ എന്നാണ് കമലയെക്കുറിച്ച് വാർത്താ ഏജൻസിയോടു പ്രതികരിച്ചത്. തമിഴ് വംശജയായ യുഎസ് ഹാസ്യതാരം മിൻഡി കേലിങ്ങും കമലയും ചേർന്നു മസാല ദോശയുണ്ടാക്കുന്ന 2019 ലെ വിഡിയോയും ഇപ്പോൾ യുഎസിൽ തരംഗമായിട്ടുണ്ട്.

‘പ്രശ്നങ്ങളെക്കുറിച്ചു പരാതിപ്പെടാനല്ല, അതു മറികടക്കാൻ എന്തു ചെയ്യാനാകും എന്നു ചിന്തിക്കാനാണ് എന്റെ അമ്മ ശ്യാമള എന്നെ പഠിപ്പിച്ചത്’:കമല ഹാരിസ്

‘രാജ്യമെങ്ങും കുഞ്ഞുപെൺകുട്ടികൾ – പ്രത്യേകിച്ച് അവഗണനകളുടെ അനുഭവമുള്ള വെള്ളക്കാരാല്ലാത്ത പെ‍ൺകുട്ടികൾ– അവരവരെത്തന്നെ പുതിയ വെളിച്ചത്തിൽ കാണുകയാണ്; പ്രസിഡന്റും വൈസ് പ്രസിഡന്റുമാകാൻ കെൽപുള്ളവരായി’’:ജോ ബൈഡൻ

Related Articles

Back to top button