KeralaLatestThrissur

കലക്ടര്‍ ദേശീയ പതാക ഉയര്‍ത്തിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കോണ്‍ഗ്രസ്

“Manju”

തൃശൂർ• തൃശൂരില്‍ ജനപ്രതിനിധികളെ മറികടന്ന് കലക്ടര്‍ ദേശീയ പതാക ഉയര്‍ത്തിയതിനെച്ചൊല്ലി വിവാദം. മന്ത്രിയും ചീഫ് വിപ്പും ജില്ലയിലുണ്ടായിട്ടും കലക്ടറെ പതാക ഉയര്‍ത്താന്‍ നിയോഗിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

തൃശൂരില്‍ ജില്ലാ കലക്ടര്‍ എസ്.ഷാനവാസാണ് സ്വാതന്ത്രദിന ചടങ്ങില്‍ ദേശീയപതാക ഉയര്‍ത്തിയത്. സാധാരണ മന്ത്രിമാര്‍ നിര്‍വഹിക്കുന്ന ചടങ്ങാണിത്. മുഖ്യമന്ത്രിയും മന്ത്രിമാരും ക്വാറന്റീനില്‍ പോയതിനാല്‍ കലക്ടര്‍ പതാക ഉയര്‍ത്താനായിരുന്നു പൊതുഭരണ വകുപ്പില്‍നിന്ന് എത്തിയ നിര്‍ദ്ദേശം. ക്വാറന്റീനില്‍ പോകാത്ത മന്ത്രി സി.രവീന്ദ്രനാഥ് ജില്ലയിലുണ്ട്. ചീഫ് വിപ്പ് കെ.രാജനും ജില്ലയിലുണ്ടായിരുന്നു. എന്നിട്ടും, ഇവരെ പതാക ഉയര്‍ത്താന്‍ ക്ഷണിച്ചതുമില്ല.

മന്ത്രിമാര്‍ ഉണ്ടായിരിക്കെ കലക്ടറെ കൊണ്ട് പതാക ഉയര്‍ത്തിയത് ജനാധിപത്യ ധ്വംസനമാണെന്ന് ടി.എന്‍. പ്രതാപന്‍ എംപി കുറ്റപ്പെടുത്തി. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ സ്വാതന്ത്രദിന ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പതാക ഉയര്‍ത്തല്‍ വിവാദത്തോട് ചീഫ് വിപ്പ് കെ.രാജനും പ്രതീകരിച്ചില്ല. കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രപതിയ്ക്കു പരാതി നല്‍കിയിട്ടുണ്ടെന്ന് ടി.എന്‍.പ്രതാപന്‍ എംപി അറിയിച്ചു.

Related Articles

Back to top button