KeralaLatest

പഴയ സാരികളുണ്ടോ; നിങ്ങളെ തേടി സര്‍ക്കാര്‍ വീടുകളിലെത്തും

“Manju”

കൊല്ലം: വീട്ടില്‍ പഴയ സാരിയുണ്ടെങ്കില്‍ മൂലയ്ക്ക് തള്ളുകയോ കത്തിച്ചു കളയുകയോ ചെയ്യരുത്. അവ ഹരിതകേരള മിഷന് വേണം! പ്ളാസ്റ്റിക് ബാഗുകള്‍ക്ക് ബദലായി ‘സാരി സഞ്ചി’കളായി ഇവ വിപണിയിലെത്തും; വെറും അഞ്ചു രൂപയ്ക്ക്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച പ്രദര്‍ശന വിപണന മേളയിലാണ് ഹരിതകേരള മിഷന്റെ സ്റ്റാളില്‍ സാരി സഞ്ചികള്‍ തത്സമയം തയ്ച്ചു കൊടുക്കുന്നത്. രണ്ടു മെഷീനില്‍ രണ്ടു സ്ത്രീകളാണ് തുന്നല്‍ക്കാര്‍. മൂന്നു ദിവസംകൊണ്ട് ഇരുന്നൂറിലധികം സഞ്ചികളാണ് വിറ്റുപോയത്. സാരി സഞ്ചികള്‍ വ്യാപകമാക്കാന്‍ ഹരിതകേരള മിഷന്‍ പ്രത്യേക ക്യാമ്പെയിനു തന്നെ തുടക്കമിട്ടിരിക്കുകയാണ്. ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ വീടുകളിലെത്തി പഴയ സാരികള്‍ ശേഖരിക്കും. ഹരിതകേരളം മിഷന്റെ ബ്രാന്‍ഡിലാണ് സഞ്ചി പുറത്തിറക്കുന്നത്.

കൊല്ലം ഉളിയക്കോവില്‍ സ്വദേശി മോഹന്‍കുമാറും ഭാര്യ ശ്രീലേഖയുമാണ് പഴയ സാരിയില്‍ നിന്ന് സഞ്ചി എന്ന ആശയം നടപ്പാക്കിയത്. പരിസ്ഥിതി പ്രവര്‍ത്തനായ മോഹന്‍കുമാര്‍ സാരിയില്‍ നിന്ന് സഞ്ചി ഉണ്ടാക്കി തന്റെ കടയില്‍ വരുന്നവര്‍ക്ക് സൗജന്യമായി നല്‍കിയാണ് തുടക്കമിട്ടത്. പഴയ സാരിയും 60 രൂപയും നല്‍കിയാല്‍ ഡബിള്‍ ലെയറില്‍ ആറും സിംഗിള്‍ ലെയറില്‍ പത്തും സഞ്ചികള്‍ തിരിച്ചു നല്‍കാമെന്ന ക്യാമ്പെയിന് പിന്നീട് തുടക്കമിട്ടു. മോഹന്‍കുമാര്‍ സെക്രട്ടറിയായ നിത്യപ്രഭ റെസി. അസോസിയേഷനില്‍ 22 സ്ത്രീകളെ നിയോഗിച്ച്‌ തയ്യലും ആരംഭിച്ചു.

വിവിധ കടകളിലും സ്ഥാപനങ്ങളിലും 4 രൂപ നിരക്കില്‍ വില്പനയ്ക്കും സഞ്ചികള്‍ എത്തിച്ചു. അഞ്ചുവര്‍ഷം കൊണ്ട് 1.60 ലക്ഷം തുണിസഞ്ചികള്‍ നിര്‍മ്മിക്കാനായി. ഇതിനിടെ മുഖ്യമന്ത്രിയെ കണ്ട് ഈ ആശയം അവതരിപ്പിച്ചു. തുടര്‍ന്നാണ് സാരി സഞ്ചി എന്ന ആശയവുമായി ഹരിത കേരളമിഷന്‍ രംഗത്ത് വന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളില്‍ സാരി ബാഗ് എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ തുടക്കമാണ് പ്രദര്‍ശന മേളയിലെ ക്യാമ്പെയിന്‍. എസ്. ഐസക്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, നവകേരള കര്‍മ്മ പദ്ധതി.

Related Articles

Back to top button