ArticleHealthIndiaInternationalKeralaThiruvananthapuram

സസ്യേതര ഔഷധങ്ങളുടെ വരുംകാല സാധ്യതകള്‍

“Manju”

ഡോ. അനീഷ് എസ്. മുരുകന്‍

അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ)

ശാന്തിഗിരി ആയുര്‍വേദ സിദ്ധ ഹോസ്പിറ്റലില്‍, ഭിവാഡി, രാജസ്ഥാന്‍

ഋഷിപ്രോക്തമായ നമ്മുടെ തനതു ചികിത്സാശാസ്ത്രങ്ങള്‍, അഞ്ഞൂറിലധികം പ്രധാന ഔഷധസസ്യങ്ങളെ മരുന്നുകള്‍ നിര്‍മിയ്ക്കുന്നതിനായി ഉപയോഗിച്ചുവരുന്നു. ഇവ കൂടാതെ ചരിത്രാതീത കാലം മുതല്‍ക്കേ പക്ഷിമൃഗാദികളില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍, ലോഹങ്ങള്‍, ധാതുലവണങ്ങള്‍, പാഷാണങ്ങള്‍ തുടങ്ങിയവ ശുദ്ധീകരിച്ചു ലേഹ്യം, രസായനം, തൈലം, ഭസ്മം/പര്‍പം, ചെന്ദൂരം/സിന്ദൂരം, മെഴുക്, കട്ട്, കളങ്ക് തുടങ്ങി ഒട്ടേറെ  ഔഷധ രൂപങ്ങളാക്കി, തീവ്ര രോഗങ്ങള്‍ക്ക് നല്‍കിയിരുന്നതായി കാണാം. ഈ ഔഷധങ്ങളെ സസ്യേതര ഔഷധങ്ങള്‍ എന്ന് കണക്കാക്കാം.

സസ്യേതര ഔഷധങ്ങള്‍ ഇതര വൈദ്യശാസ്ത്രങ്ങളില്‍

പ്രാചീനമെന്നോ പാരമ്പര്യമെന്നോ ഒക്കെ പറയപ്പെടുന്ന സിദ്ധ, ആയുര്‍വേദ, ചൈനീസ്, പേര്‍ഷ്യന്‍, ഈജിപ്ഷ്യന്‍ ചികിത്സാവിധികളിൽ ഉപരിപ്രതിപാദിച്ച മാതിരിയുള്ള സസ്യേതര ചേരുവകളുടെ സാന്നിധ്യം കാണാം. ഇതുകൂടാതെ ഹോമിയോപ്പതിയിലും ലോഹങ്ങളും സംയുക്തങ്ങളും ഉപയോഗിച്ച് വരുന്നു.

ലോഹങ്ങളും മറ്റ് സംയുക്തങ്ങളും ഉപയോഗിച്ചുള്ള ചികിത്സ, ആധുനിക വൈദ്യശാസ്ത്ര ശാഖയ്ക്കും അന്യമല്ല. നെഞ്ചെരിച്ചില്‍, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കു ഉപയോഗിച്ച് വരുന്ന ഏമ്ശരെീി, ഗമീഹശി തുടങ്ങിയ ഔഷധങ്ങളില്‍ അലുമിനിയം സംയുക്തങ്ങള്‍, ലീഷ്മനായസിസ് (Leishmaniasis) രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്ന Sodium ­Stibogluconate എന്ന ഔഷധത്തില്‍ ആന്റിമണി സംയുക്തങ്ങള്‍, ട്രിപ്പനോസൊമയാസിസ് (Trypanosomiasis) എന്ന രോഗത്തിന്റെ ചികിത്സയ്ക്കുപയോഗിയ്ക്കുന്ന Melarsoprol എന്ന ഔഷധത്തില്‍ ഓര്‍ഗാനിക് ആര്‍സനിക് സംയുക്തങ്ങള്‍, എന്നിങ്ങനെ ലോഹ, ധാതു, ലവണങ്ങള്‍ അടങ്ങിയ ആധുനിക ഔഷധങ്ങളുടെ പട്ടിക നീളുന്നു. അര്‍ബുദം പ്രത്യേകിച്ച് രക്താര്‍ബുദം, തീവ്രമായ സന്ധിഗത വാതം പോലെയുള്ള രോഗങ്ങള്‍ക്ക്  ഉത്തരമെന്നോണം ആധുനിക വൈദ്യശാസ്ത്രം കരുതിപ്പോരുന്നവയാണ് സ്വര്‍ണത്തിന്റെ നാനോ കണങ്ങള്‍ അടങ്ങിയ ഔഷധങ്ങള്‍.

സവിശേഷതകള്‍

  • സസ്യേതര ഔഷധങ്ങളുടെ നിര്‍മാണത്തിന് താരതമ്യേന അധികം സമയം വേണമെന്നിരിയ്ക്കിലും വര്‍ഷങ്ങളോളം കേടുകൂടാതെയും ഗുണസിദ്ധി നഷ്ടപ്പെടാതെയും ഉപയോഗിയ്ക്കുവാനാകും;
  • വളരെ ചെറിയ അളവില്‍ നല്കിയാല്‍ തന്നെ രോഗിയില്‍ അദ്വിതീയമായ ഫലസിദ്ധി പ്രദാനം ചെയ്യുവാനാകുന്നു;
  • ഔഷധം സേവിക്കേണ്ടുന്ന കാലാവധി, അളവ് ഇവ കുറവായതിനാല്‍ തന്നെ ചികിത്സാചിലവും താരതമ്യേന കുറവാണ്;
  • ഉപരി സൂചിപ്പിച്ച അതേ കാരണത്താലും ഔഷധ രൂപത്തിന്റെ പ്രത്യേകതയാലും ഔഷധം കൈവശം കൊണ്ട് നടക്കുവാനും, പൊതുവെ കഴിയ്ക്കുവാന്‍ പ്രയാസമുള്ള രുചിയോ മണമോ ഇല്ലാത്തവയാകയാല്‍ സേവിയ്ക്കുവാനും എളുപ്പമാണ്;
  • രോഗങ്ങള്‍ക്കനുസരിച്ചു അനുപാനങ്ങളില്‍ മാറ്റം വരുത്തി, ഒരു മരുന്നുകൊണ്ടുതന്നെ ഒട്ടേറെ രോഗങ്ങളുടെ ചികിത്സ സാധ്യമാകുന്നു.

നിര്‍മാണത്തിലും പ്രയോഗത്തിലും നേരിടുന്ന ബുദ്ധിമുട്ടുകള്‍

ഔഷധ നിര്‍മാണത്തിന് അവശ്യമായ ഔഷധികളുടെ ലഭ്യതക്കുറവ്;

ഔഷധ രൂപീകരണത്തിന് വേണ്ടി വരുന്ന നീണ്ട കാലയളവ്;

ഔഷധങ്ങളുടെ നിര്‍മാണം, പ്രയോഗം എന്നീ മേഖലകളില്‍ ഉള്ള ധാരണക്കുറവ്;

അരിയളവ്, കുന്നിയളവ്, ഉഴുന്നളവ് തുടങ്ങി വളരെ ചെറിയ അളവില്‍ ഔഷധം എടുത്ത് സേവിക്കേണ്ടി വരുമ്പോള്‍ വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍.

പഠന ഗവേഷണ സാധ്യതകള്‍

  • നിര്‍മാണ പ്രക്രിയയില്‍, പാരമ്പര്യ മാര്‍ഗങ്ങള്‍ കൂടാതെ, ആധുനിക ശാസ്ത്രം അംഗീകരിക്കുന്ന മാര്‍ഗങ്ങള്‍ കൂടി അനുവര്‍ത്തിയ്‌ക്കേണ്ടതുണ്ട്. അതിലൂടെ കാലഘട്ടത്തിന്റെ പ്രമാണങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും ഒത്തുനില്ക്കുന്ന ഒന്നാക്കി ഈ ഔഷധങ്ങളെ മാറ്റേണ്ടതുണ്ട്;
  • ഇപ്പോല്‍ ലോകജനതതിയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 പോലെയുള്ള മഹാമാരികള്‍ക്കും, അര്‍ബുദം പോലെയുള്ള മാരക രോഗങ്ങള്‍ക്കും പോലും ഇത്തരം ഔഷധങ്ങളുടെ കൃത്യമായ പ്രയോഗത്തിലൂടെ ആശ്വാസം കണ്ടെത്താം എന്ന നമ്മുടെ വിശ്വാസത്തെ, സാധൂകരിക്കുന്ന ഗവേഷണങ്ങള്‍ ഏകോപിപ്പിച്ച് നടത്തുകയും അത് ആതുരശുശ്രൂഷാമേഖലയ്ക്കാകമാനം ഉപകാരമാകും വിധം പ്രസിദ്ധീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

ആധുനിക യന്ത്ര സംവിധാനങ്ങളോ നിരീക്ഷണ ഗവേഷണ സംവിധാനങ്ങളോ രൂപപ്പെടുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ ഋഷീശ്വരന്മാര്‍, തങ്ങളുടെ തപോബലസുകൃതത്താല്‍, ദര്‍ശന രീത്യാ കണ്ടറിഞ്ഞു, രൂപപ്പെടുത്തി, പ്രയോഗിച്ചു, ഫലമറിഞ്ഞു, വായ്‌മൊഴിയായും രേഖപ്പെടുത്തിയും വച്ചിരുന്ന നമ്മുടെ ഔഷധങ്ങള്‍, പ്രത്യേകിച്ച് സസ്യേതര ചേരുവകളടങ്ങുന്ന മരുന്നുകളുടെ ഫലസിദ്ധിയും സാധ്യതകളും ചിന്തനീയമാണ്.

ശാസ്ത്ര സാങ്കേതിക മേഖല വളരുന്നതോടൊപ്പം ആധുനിക വൈദ്യ ശാസ്ത്രവും പുതിയ പടവുകള്‍ താണ്ടുകയാണ്. ഇന്ന് ഔഷധ ഗവേഷണ മേഖലയില്‍ സര്‍ക്കാര്‍ സര്‍ക്കാരേതര സംവിധാനങ്ങള്‍ ശതകോടികളാണ് ചിലവഴിയ്ക്കുന്നത്. അത്രയേറെ സാധ്യതയും സൂക്ഷ്മതയും ഉള്ള ഈ ഗവേഷണ സംവിധാനത്തിലൂടെ ഉപരി പ്രതിപാദിച്ച തനത് ഔഷധങ്ങളെയും ഗവേഷണങ്ങള്‍ക്ക് വിധേയമാക്കിയാല്‍ ഇന്ന് ലോക ജനത അഭിമുഖീകരിയ്ക്കുന്ന ഒട്ടുമിക്ക രോഗങ്ങള്‍ക്കും പരിഹാരം ഉരുത്തിരിഞ്ഞു വരുമെന്നതില്‍ സംശയമില്ല.

‘ദൈവ കനിവിനാല്‍ സകലവിധ ശാസ്ത്രത്തെയും
ആദരിച്ചും സ്‌നേഹിച്ചും ബഹുമാനിച്ചും
ഒരു നവ ആരോഗ്യധര്‍മ്മ സിദ്ധാന്തത്തിന്
തുടക്കം കുറിയ്ക്കുകയാണ് ശാന്തിഗിരി’

 

Related Articles

Back to top button