KeralaLatestThiruvananthapuram

ചിങ്ങനിലാവ്പോലെ ചാകര കൊയ്ത്ത്. ചെല്ലാനത്തുകാർ ഉത്സവ പ്രതീതിയിൽ!.

“Manju”

ചിങ്ങനിലാവ്പോലെ ചാകര കൊയ്ത്ത്. ചെല്ലാനത്തുകാർ ഉത്സവ പ്രതീതിയിൽ!.

ഷൈലേഷ്കുമാർ.കൻമനം
കൊച്ചി: കൊവിഡ് ഭീതിയോടൊപ്പം കടലാക്രമണവും കൂടിയായപ്പോൾ തിരയിരമ്പൽ പോലെ തേങ്ങിയ ചെല്ലാനത്തുകാരുടെ മനസ്സിൽ ഇന്നലത്തെ ദിവസം സമ്മാനിച്ചത് ചാകരത്തിളപ്പിന്റെ അത്യാഹ്ലാദം!
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒന്നര മാസം പ്രവർത്തനം നിർത്തിവെച്ച ചെല്ലാനം ഹാർബറിൽ ചിങ്ങമാസത്തിന്റെ ആരംഭമായ
ഇന്നലെ വളളവും വലയും ഇറക്കിയവർക്ക് കടലമ്മ സമ്മാനിച്ചത് കുന്നോളമുയർന്ന മത്സ്യസമ്പത്ത്. മലയാളിയുടെ പ്രിയങ്കരിയായ മത്തി മുതൽ ചെമ്മീൻ, നത്തോലി, പൂവാലൻ, അയല എന്നിങ്ങനെ നാലഞ്ചുകൂട്ടം കൊതിപ്പിക്കുന്ന സമുദ്രവിഭവങ്ങളാണ് ഇന്നലെ കടലിന്റെ മക്കളുടെ വള്ളങ്ങളിൽ കിടന്ന് പളാ പളാ പിടച്ചത്! കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ രാവിലെ ആറ്മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ ഹാർബർ പ്രവൃത്തിക്കാൻ അധികൃതർ അനുമതി നൽകിയിരുന്നു. അതിനെ തുടർന്ന് നാൽപ്പതോളം വള്ളങ്ങൾ ഇന്നലെ പുലർച്ചെ കടലിൽ ഇറങ്ങി. അവർക്കെല്ലാം കടൽ വാരിക്കോരി വിഭവങ്ങൾ നൽകുക തന്നെ ചെയ്തു. വിവരം അറിഞ്ഞ മത്സ്യവ്യാപരികൾ തങ്ങളുടെ വാഹനങ്ങളുമായി സമയം കളയാതെ ചെല്ലാനത്തേക്ക് കുതിക്കുകയായിരുന്നു

കൊല്ലം ,ആലപ്പുഴ ജില്ലകളിൽ നിന്നുള്ള പതിവു ഇടപാടുകാരാണ് മത്സ്യം വാങ്ങാനെത്തിയിരുന്നത്. നത്തോലി കിലോ 45 രൂപ മുതൽ 90 രൂപയും, പൂവാലൻ കിലോ 180 രൂപയും വരെയായി വില. പക്ഷേ വിശിഷ്ട വിഭങ്ങളുടെ വിസ്മയക്കാഴ്ചകകൾക്കു മുമ്പിൽ മത്സ്യപ്രിയർക്ക് വിലയൊന്നും ഒരു പ്രശ്നമല്ലാതായി തീർന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ലഭിച്ച ചാകരയിൽ ഏറെ സന്തുഷ്ടരാണ് ചെല്ലാനത്തെ മത്സ്യതൊഴിലാളികൾ.
എന്നാൽ കൊവിഡ് സമ്പർക്ക ഭീതി നിലനിൽക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കാതെയാണ് കച്ചവടം നടന്നതെന്ന പരാതിയും ഉയരുന്നുണ്ട്.

Related Articles

Back to top button