Uncategorized

ഇന്ന് അത്തം; പൂവിളികളുമായി ഒരോണക്കാലം കൂടിയെത്തുന്നു.

“Manju”

വിജയകുമാര്‍

തിരുവനന്തപുരം: ‘പൂവിളി പൂവിളി പൊന്നോണമായി’ മലയാളിക്കിന്ന് അത്തം. ഇനിയുള്ള പത്ത് നാള്‍ സാധാരണഗതിയില്‍ ആഘോഷത്തിന്റേതും ആരവങ്ങളുടേതുമാണ്. എന്നാല്‍ മഹാമാരിക്കാലത്തെ തിരുവോണം എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. തുണിക്കടകളിലും സ്വര്‍ണ്ണക്കടകളിലും മാത്രമല്ല പച്ചക്കറി പലചരക്ക് കടക്കാരുടെയും ചെറുകിട കച്ചവടക്കാരുടേയുമൊക്കെ മനസ്സ് നിറയ്ക്കുക ഓണക്കാലമാണ്. ഇത്തവണ അത്തരം തിക്കും തിരക്കുകളുണ്ടാകില്ല.  പതിവുപോലത്തെ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇക്കുറി ഓണമെത്തുന്നത്.  കോവിഡ് മഹാമാരി വന്ന് തൊഴില്‍രംഗത്ത് വളരെയധികം മാന്ദ്യതവന്നിരിക്കുന്നതിനാല്‍ വിപണികളില്‍ വലിയ ഓളം ഈ ഓണം ഉണ്ടാക്കില്ല.

ഗൃഹാതുരതയുടെ ഓര്‍മ്മയുണര്‍ത്തുന്ന ഓണക്കാലത്തെക്കുറിച്ച്‌ നാമെല്ലാവരും പറയാറുണ്ട്. ഇത്തവണ പക്ഷെ എല്ലാവരും ഗ‌ൃഹത്തില്‍തന്നെയാണ് എന്ന ഒരു പ്രത്യേകതയും ഉണ്ട്. ജോലിത്തിരക്കും, ഉത്സവത്തിരക്കും ഒന്നും ഇത്തവണ ഓണത്തിന് വലുതായില്ല. വീടുകളിലേക്ക് ഒതുങ്ങുകയാണ് ഓണം. ഓണസദ്യയിലും ഓണക്കളികളിലും ഇത്തവണ ഐക്യമുണ്ടാകും.  ഭക്ഷണവുമായി കുടുംബാംഗങ്ങളെ മുന്‍വര്‍ഷത്തേതുപോലെ കാത്തിരിക്കേണ്ടതില്ല, എല്ലാവരും അടുത്തുള്ളതിനാല്‍ ഉള്ളത് കൊണ്ട് ഓണംപോലെ എന്നചൊല്ല് അന്വര്‍ത്ഥമാവും.

പൂക്കള്‍ തേടി പറമ്പിലും തൊടിയിലും ഉല്ലാസത്തിമര്‍പ്പോടെ കൂട്ടരോടൊപ്പം നടന്നിരുന്ന ഓണം, പൂവിളികളുടെ ഓണം അതൊന്നുമിന്നില്ല എങ്കിലും, ഇന്നത്തെ കുഞ്ഞിളം കൈകള്‍കക്  വീട്ടുമുറ്റത്തെ പൂച്ചട്ടികളില്‍ നിന്ന് ‍ പൂപറിച്ച് അത്തക്കളമിടാം.. പതിവിന് വിപരീതമായി പറമ്പിലിറങ്ങി  തുമ്പയും മുക്കുറ്റിയും കൃഷ്ണകിരീടവും ചെമ്പരത്തിയുമെല്ലാം തേടി പുതുതലമുറ ഈ ഓണത്തിന് അവരെ പരിചയിക്കും. കോവിഡിനെപ്പേടിച്ച് മാര്‍ക്കറ്റിലെ തമിഴ്നാട് പൂവും, കര്‍ണ്ണാടക പൂവും ഇത്തവണത്തെ അത്തക്കളത്തില്‍ അധികമായി തത്തിക്കളിക്കില്ല.

കള്ളവും പൊളിയും രോഗങ്ങളും പീഡകളുമൊന്നുമില്ലാതെ മാലോകരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന മാവേലി മന്നന്‍ വാണിരുന്ന കാലം ഒരു പക്ഷെ സാങ്കല്പികമാവാം. എന്നാലും സമത്വസുന്ദരമായ ആ കാലത്തിന്റെ ഓര്‍മ്മയില്‍ മുറ്റത്തും ഉമ്മറത്തും ഇത്തവണയും പൂക്കളം‍ നിറയട്ടെ. ഏത് മഹാമാരിക്കാലത്തും ഇതെല്ലാമാണ് നാളേക്കുള്ള പ്രതീക്ഷ. ആശങ്കപ്പെടുത്തുന്ന കോവിഡ് രോഗം മുന്നിലുണ്ടെങ്കിലും ഇനിയുള്ള പത്ത് നാളുകള്‍‍ പൂക്കളം പോലെ നല്ല നാളെയെ പ്രതീക്ഷിച്ചുള്ളതാണ്. ഏവര്‍ക്കും ഓണനാളുകളിലേക്ക് മടങ്ങാം..

Related Articles

Back to top button