IndiaKeralaLatest

അറിയാതെ പൂവിറുത്തതിന് ഊരുവിലക്ക്

“Manju”

സിന്ധുമോള്‍ ആര്‍

ഭുവനേശ്വര്‍: പൂവ് കണ്ടാല്‍ മോഹിക്കാത്തവരുണ്ടോ? കുട്ടികളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍, ഒരു പതിനഞ്ചുകാരി അറിയാതെ പൂ പറിച്ചതുകൊണ്ട് 40 കുടുംബങ്ങള്‍ക്കാണ് ഊരുവിലക്ക് കിട്ടിയത്. സംഭവം ഒഡീഷയിലെ ദേനാങ്കലില്‍ കാന്തിയോ കട്ടേനി എന്ന ഗ്രാമത്തിലാണ്. മേല്‍ജാതിക്കാരന്റെ വീട്ടില്‍ നിന്ന പൂവ് താഴ്ന്ന ജാതിക്കാരിയായ പെണ്‍കുട്ടി പറിച്ചെടുത്തു. ഇതറിഞ്ഞ ഗ്രാമത്തിലെ ഉന്നതന്മാര്‍ ചേര്‍ന്ന് അവളുടെ സമുദായത്തെ മുഴുവന്‍ ഊരുവിലക്കി. മകള്‍ പൂ പൊട്ടിച്ചതറിഞ്ഞയുടന്‍ മാതാപിതാക്കള്‍ ചെന്ന് ആ വീട്ടുകാരോട് മാപ്പു പറഞ്ഞതാണ്.

എന്നിട്ടും പഞ്ചായത്ത് വിളിച്ചുകൂട്ടി ഊരുവിലക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇരു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും ഈ സംഭവം കാരണമായി. 800 കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ 40 കുടുംബങ്ങള്‍ പട്ടികജാതിക്കാരാണ്. ഇവര്‍ക്കാണ് ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റുള്ള കുടുംബക്കാര്‍ക്ക് ഇവരോട് സംസാരിക്കാനും അനുവാദമില്ല. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകാനോ പൊതുവഴി ഉപയോഗിക്കാനോ ഒന്നും ഇവര്‍ക്ക് അനുവാദമുണ്ടാകില്ല. ഗ്രാമ അംഗങ്ങളുടെ തീരുമാനം ഗ്രാമമുഖ്യന്‍ അംഗീകരിക്കുകയായിരുന്നുവെന്നും അവര്‍ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ലഭിക്കുന്നതെന്നുമാണ് ഗ്രാമത്തിലെ പ്രമുഖര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇതു സംബന്ധിച്ച്‌ സമുദായക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button