IndiaLatest

ജി.‌ഐ‌.എസ്. അധിഷ്ഠിത ദേശീയ ലാൻഡ് ബാങ്ക് സംവിധാനം ആരംഭിച്ചു

“Manju”

വാണിജ്യ വ്യവസായ മന്ത്രാലയം
ജി.‌ഐ‌.എസ്. അധിഷ്ഠിത ദേശീയ ലാൻഡ് ബാങ്ക് സംവിധാനം ആരംഭിച്ചു. സംസ്ഥാന വ്യവസായ മന്ത്രിമാർ, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണാധികാരികൾ, മുതിർന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ വെർച്വൽ മീറ്റിംഗ് നടത്തി. രാജ്യത്തെ വ്യാവസായിക ഉൽ‌പാദനം ഉത്തേജിപ്പിക്കുക, നിക്ഷേപം ആകർഷിക്കുക, ‘വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്റ്റ്’ (ഒ.ഡി.ഒ.പി) നയം പ്രോത്സാഹിപ്പിക്കുക, ‘ആത്മ നിർഭർ ഭാരത്’ ലക്ഷ്യമിട്ടുള്ള ദേശീയ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

ജി.ഐ.എസ്. അധിഷ്ഠിത ദേശീയ ലാൻഡ് ബാങ്ക് സംവിധാനം ശ്രീ ഗോയൽ (https://iis.ncog.gov.in/parks) ഇ-ലോഞ്ച് ചെയ്തു. ഇൻഡസ്ട്രിയൽ ഇൻഫർമേഷൻ സിസ്റ്റവും (ഐ.ഐ.എസ്.) സംസ്ഥാനങ്ങളിലെ ജി.ഐ.എസ്. സംവിധാനങ്ങളുമായി യോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 6 സംസ്ഥാനങ്ങളിൽ ഇന്ന് പദ്ധതി ആരംഭിച്ചു. 2020 ഡിസംബറോടെ മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സംവിധാനത്തിന്റെ ഭാഗമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ ഗോയൽ, ഇത് ഒരു മാതൃക മാത്രമാണെന്നും സംസ്ഥാനങ്ങളുടെ പ്രായോഗിക നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഭൂമി ഇടപാടുകൾക്കും തിരിച്ചറിയലിനും ഉള്ള ഫലപ്രദവും സുതാര്യവുമായ ഒരു സംവിധാനമാക്കി ഇതിനെ വികസിപ്പിക്കുമെന്നും വ്യക്തമാക്കി.

സംസ്ഥാനങ്ങളിലെ വ്യാവസായിക മേഖലകളുടെയും ക്ലസ്റ്ററുകളുടെയും ജി‌.ഐ‌.എസ്. അധിഷ്ഠിത ഡാറ്റാബേസാണ് ഐ‌.ഐ.‌എസ്. പോർട്ടൽ. 31 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 3,300 വ്യവസായ പാർക്കുകളും 4,75,000 ഹെക്ടർ ഭൂമിയും പുതിയ സംവിധാനത്തിന്റെ പരിധിയിലുണ്ട്.

കേന്ദ്രം പുറപ്പെടുവിച്ച പബ്ലിക് പ്രൊക്യുർമെന്റ് പോളിസി-മേക്ക് ഇൻ ഇന്ത്യ ഓർഡർ (ഇന്ത്യയിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ സംഭരിക്കുന്നതിനുള്ള പൊതു നയം) സ്വീകരിക്കണമെന്ന് ശ്രീ ഗോയൽ തന്റെ പ്രസംഗത്തിൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആത്മ നിർഭർ ഭാരത് യാഥാർഥ്യമാക്കാൻ ഇത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിനായി ഒരു മുതിർന്ന ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്താൻ മന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മണിപ്പൂർ, നാഗാലാൻഡ്, സിക്കിം സംസ്ഥാന സർക്കാരുകൾ ഇതിനോടകം ഈ ഓർഡർ നടപ്പിലാക്കികഴിഞ്ഞു.

രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ കേന്ദ്ര, സംസ്ഥാന അനുമതികളും നേടുന്നതിനുള്ള ഏകജാലക സംവിധാനം എന്ന നിലയിൽ വൺ-സ്റ്റോപ് ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയെ ഒരു ഉത്പാദന പവർഹൗസാക്കി മാറ്റാൻ ‘വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്റ്റ്’ (ഒ.ഡി.ഒ.പി) സമീപനം സഹായിക്കുമെന്ന് ശ്രീ ഗോയൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വോക്കൽ ഫോർ ലോക്കൽ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചുള്ള ഗവൺമെന്റിന്റെ ഇ-മാർക്കറ്റ് പ്ലെയ്‌സ് (GeM) സംവിധാനം വഴി ആഭ്യന്തര നിർമ്മാതാക്കളിൽ നിന്നുള്ള പൊതു സംഭരണം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ശ്രീ ഗോയൽ വ്യക്തമാക്കി.

കാർഷിക കയറ്റുമതി പ്രോത്സാഹന നയം നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരുകളിൽ നിന്ന് പദ്ധതികൾ ക്ഷണിച്ചതിൽ, 14 സംസ്ഥാനങ്ങൾ മാത്രമാണ് കർമപദ്ധതികൾക്ക് അന്തിമരൂപം നൽകിയിട്ടുള്ളതെന്ന് ശ്രീ ഗോയൽ പറഞ്ഞു. ഇതിനായി നോഡൽ ഏജൻസികളെ/ഓഫീസർമാരെ നിയോഗിക്കാനും സംസ്ഥാനതല നിരീക്ഷണ സമിതികൾ രൂപീകരിക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

കാർഷിക രംഗത്ത് മാത്രമല്ല വ്യാവസായിക ഉത്പന്നങ്ങളിലും മൂല്യവർദ്ധന പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശ്രീ ഗോയൽ സംസ്ഥാനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകി.

രാജ്യത്ത് അതിവേഗം നിക്ഷേപം നടത്തുന്നതിനുള്ള ഘടനാപരമായ സംവിധാനങ്ങളെക്കുറിച്ച് പരാമർശിച്ച ശ്രീ ഗോയൽ, വിവിധ മന്ത്രാലയങ്ങളിൽ എംപവേർഡ് ഗ്രൂപ്പ് സെക്രട്ടറിമാരെയും പ്രോജക്ട് ഡവലപ്മെന്റ് സെല്ലുകളും ഇതിനായി സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സമാന രീതിയിൽ സംവിധാനം ആവിഷ്കരിക്കാൻ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

വാണിജ്യ-വ്യവസായ സഹമന്ത്രി ശ്രീ സോം പ്രകാശ് യോഗത്തിൽ പങ്കെടുത്തു

Related Articles

Back to top button