KeralaLatestThiruvananthapuram

എന്‍.എച്ച്.എം. ജില്ലാ ഓഫീസും ദിശയും ഇനി നവീകരിച്ച മന്ദിരത്തില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നവീകരിച്ച ജില്ലാ ഓഫീസിന്റെയും വിപുലീകരിച്ച ദിശ ടെലിമെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനായ ദിശ 1056 കോള്‍ സെന്ററിന്റെ പുതിയ മന്ദിരത്തിന്റെയും ഓണ്‍ലൈന്‍ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ ദേശീയ ആരോഗ്യ ദൗത്യവും ദിശ 1056 കോള്‍ സെന്ററും മുഖ്യപങ്കുവഹിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇവര്‍ക്ക് സൗകര്യ പ്രദമായ ഓഫീസ് അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. വളരെ പരിമിതമായ സൗകര്യങ്ങളിലും കൃത്യമായി പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് സാധിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലെ മാനവവിഭവശേഷി, ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസം, പകര്‍ച്ചവ്യാധി പ്രതിരോധം തുടങ്ങി ആരോഗ്യ രംഗത്തെ വിവിധ മേഖലകളില്‍ കാര്യക്ഷമമായ മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കോളുകളാണ് ദിശയി 1056ലേയ്ക്ക് എത്തുന്നത്. ഒരു പരാതിയും കൂടാതെ മികച്ച സേവനം നടത്തിയ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

എന്‍.എച്ച്.എം. തിരുവനന്തപുരം ജില്ലാ ഓഫീസ് 2007 ഏപ്രില്‍ 4ന് രൂപീകരിക്കുമ്പോള്‍ 4 ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ 2020ല്‍ 933 ജീവനക്കാര്‍ ജില്ലയുടെ നാനാഭാഗത്തും ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിക്കുന്നു. കഴിഞ്ഞ നാലര വര്‍ഷത്തിനിടയ്ക്ക് 285.15 കോടി രൂപയാണ് പൊതുജനാരോഗ്യ രംഗത്തെ സമൂഹത്തിന്റെ മുന്‍ ധാരയിലെത്തിക്കുവാനും ജനപങ്കാളിത്തം ഊട്ടിയുറപ്പിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഓഫീസ് ചെലവഴിച്ചത്.

തിരുവനന്തപുരം ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സ്വപ്ന പദ്ധതിയാണ് ദിശ 1056. ദേശീയ തലത്തില്‍ തന്നെ തികച്ചും ആരോഗ്യ സേവനത്തിന് മാത്രമായി ഒരു കോള്‍ സെന്റര്‍ കേരളമാണ് ആദ്യമായി മുന്നോട്ട് വച്ചത്. കേരളത്തിന്റെ ചുവടുപിടിച്ചാണ് ബാക്കി സംസ്ഥാനങ്ങള്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനുകള്‍ ആരംഭിച്ചത്. 2019 ജൂലൈ 15ന് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 15 കൗണ്‍സിലര്‍മാരും 6 ഡെസ്‌ക്കുകളും മാത്രമായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദിശയില്‍ കോള്‍ പ്രവാഹം കാരണം ഡെസ്‌ക്കളുടെ എണ്ണം 6 ല്‍ നിന്ന് 30 ആക്കി വര്‍ദ്ധിപ്പിച്ചു. പ്രതിദിനം 4500 മുതല്‍ 5000 വരെ കോളുകള്‍ കൈകാര്യം ചെയ്യാന്‍ ദിശയ്ക്ക് കഴിയും. 55 കൗണ്‍സിലര്‍മാരാണ് 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നത്. നാളിതുവരെ ദിശ വഴി 8 ലക്ഷം കോളുകള്‍ക്ക് സേവനം നല്‍കുകയും അതില്‍ 2.1 ലക്ഷം കോളുകള്‍ ഈ കോവിഡ് കാലഘട്ടത്തില്‍ സേവനം നല്‍കുകയും ചെയ്തു.

ആരോഗ്യവകുപ്പ് ദിശയുടെ സാധ്യത കണ്ട് ഇ സഞ്ജീവനി ടെലി മെഡിസിന്‍, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, ഇ ഹെല്‍ത്ത് എന്നിവയുടെ കോള്‍സെന്റര്‍ കൂടി ദിശയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി 12 ഡോക്ടര്‍മാരുടെ സേവനത്തോടെ ഇസഞ്ജീവനി ടെലി മെഡിസിന്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ ചെറിയ കാലഘട്ടം കൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ ജനശ്രീദ്ധ പിടിച്ചുപറ്റാന്‍ ഇ സഞ്ജീവനിക്ക് സാധിച്ചിട്ടുണ്ട്. ജൂണ്‍ 24 മുതല്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കോള്‍ സെന്റര്‍ പ്രവര്‍ത്തനവും ദിശയില്‍ ആരംഭിച്ചു. കൂടാതെ ഇഹെല്‍ത്തും കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങളുടെ ഹെല്‍പ് ലൈന്‍ സേവനവും ദിശ മുഖേന ഉടന്‍ ആരംഭിക്കും.

മേയര്‍ കെ. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button