InternationalLatest

ന്യൂനപക്ഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ട് ചൈന

“Manju”

സിന്‍ജിയാംഗ് : ചൈനയിലെ ന്യൂനപക്ഷമായ ഉയ്ഗൂര്‍ മുസ്ലിങ്ങളുടെ എണ്ണം വര്‍ഷം കഴിയുന്തോറും വര്‍ദ്ധിക്കുന്നതായി ചൈനീസ് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ ഉയ്ഗൂര്‍ മുസ്ലിങ്ങളോട് ഭരണകൂടം ക്രൂരമായി പെരുമാറുന്നു എന്ന് വിദേശ മാദ്ധ്യമങ്ങള്‍ നിരന്തരം വാര്‍ത്ത നല്‍കുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ധവളപത്രം പുറത്തിറക്കിയത്. ഉയ്ഗൂര്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന ചൈനയിലെ സിന്‍ജിയാംഗിലെ കൂടുതല്‍ വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്. സിന്‍ജിയാംഗ് പോപ്പുലേഷന്‍ ഡൈനാമിക്സ് ആന്‍ഡ് ഡാറ്റ എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ 1953 ല്‍ ഉയ്ഗൂര്‍ ജനസംഖ്യ 3.61 ദശലക്ഷമായിരുന്നുവെന്നും, എന്നാല്‍ ഇപ്പോഴിത് 11.62 ദശലക്ഷമായി ഉയര്‍ന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
സിന്‍ജിയാംഗിലെ ജനസംഖ്യയിലുണ്ടായ മാറ്റം സംബന്ധിച്ച്‌ 2015 ന് ശേഷം പുറത്തിറക്കിയ ആദ്യ റിപ്പോര്‍ട്ടാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. ഈ പ്രവിശ്യയില്‍ ആകെയുള്ള ജനസംഖ്യ 25.85 ദശലക്ഷമാണെന്നും ഇതില്‍ ഉയ്ഗൂര്‍ മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ എണ്ണം 14.93 ദശലക്ഷമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവിടെ 10.92 ദശലക്ഷമാണ് ഹാന്‍ വംശജരുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഉയ്ഗൂര്‍ മുസ്ലിങ്ങളുടെ ആയുര്‍ദൈര്‍ഘ്യവും വര്‍ദ്ധിച്ചതായി ചൈന അവകാശപ്പെടുന്നു. അതേസമയം ഉയ്ഗൂര്‍ മുസ്ലിങ്ങളെ തടങ്കല്‍പാളയത്തില്‍ താമസിപ്പിക്കുന്നതായും, സ്ത്രീകളെ ചൈനീസ് സൈനികര്‍ ക്രൂരമായി പീഡിപ്പിക്കുന്നതായും പാശ്ചാത്യ മാദ്ധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സിന്‍ജിയാംഗിലെ ഫാക്ടറികളില്‍ ഇവരെ കൊണ്ടുപോയി അടിമപ്പണി ചെയ്യിപ്പിക്കുന്നതായും ആരോപണമുണ്ട്. സിന്‍ജിയാംഗിലെ വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കാത്തതില്‍ യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഒരു ദശലക്ഷത്തോളം ആളുകളെ ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചു എന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കാക്കിയിട്ടുള്ളത്. ഈ പ്രവിശ്യയിലെ ഫാക്ടറികളില്‍ നിന്നും ഉദ്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ യുഎസ് സെനറ്റ് കഴിഞ്ഞ ജൂലായില്‍ നിയമം പാസാക്കിയിരുന്നു. ഇതാവാം ഇപ്പോള്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ ചൈനയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

Related Articles

Back to top button