Thiruvananthapuram

കര്‍ഷക കരിനിയമം പിന്‍വലിക്കും വരെ പോരാട്ടം:മുല്ലപ്പള്ളി

“Manju”

എസ് സേതുനാഥ്

കര്‍ഷക വിരുദ്ധ കരിനിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ്‌ പോരാട്ടം നടത്തുമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹബില്ലിനെതിരെ കെ.പി.സി.സി ആഹ്വാനപ്രകാരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കേരളത്തിലുടനീളം നടക്കുന്ന പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം അരുവിക്കരയില്‍ നിര്‍വഹിച്ച്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കോര്‍പ്പറേറ്റ്‌ താല്‍പ്പര്യം സംരക്ഷിക്കാനും കുത്തകകളെ താലോലിക്കാനുമാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപാക്കിയത്‌.പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയാണ്‌ നരേന്ദ്ര മോദി ഈ കരിനിയമം പാസാക്കിയത്‌.അധികാരത്തില്‍ എത്തിയത്‌ മുതല്‍ കര്‍ഷക വിരുദ്ധ സമീപനമാണ്‌ മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്‌. അതിന്‌ ഒടുവിലത്തെ ഉദാഹരണമാണ്‌ ഈ കരിനിയമം. ജനാധിപത്യ താല്‍പ്പര്യങ്ങള്‍ക്ക്‌ കടകവിരുദ്ധമാണ്‌ കേന്ദ്ര സര്‍ക്കാര്‍ നടപടി.ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്‌. നമ്മുടെ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ല്‌ കൃഷിയാണ്‌.കോവിഡ്‌ കാലത്തും പോലും നമ്മുടെ രാജ്യത്ത്‌ പട്ടിണി മരണങ്ങള്‍ ഇല്ലാതിരുന്നത്‌ കര്‍ഷകന്റെ കഠിനാധ്വാനം കൊണ്ടാണ്‌.അത്‌ നരേന്ദ്ര മോദി മറന്നിട്ടാണ്‌ കര്‍ഷക താല്‍പ്പര്യം പരിഗണിക്കാതെ ഇത്തരമൊരു കരിനിയമം പാസാക്കിയതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

നരേന്ദ്ര മോദി കോര്‍പ്പറേറ്റുകള്‍ക്ക്‌ രാജ്യത്തെ തീറെഴുതി. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ കര്‍ഷകന്‍ എന്തു ഉത്‌പാദിപ്പിക്കണം,എത്ര ഉത്‌പാദിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനമെടുക്കാനുള്ള അവന്റെ അവകാശം നഷ്ടമായി.റിലയന്‍സ്‌,അദാനി ഉള്‍പ്പെടെയുള്ള രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യത്തിന്‌ അനുസരിച്ച്‌ വിളകള്‍ ഉത്‌പാദിപ്പിക്കേണ്ട ഗതികേടാണ്‌ ഓരോ കര്‍ഷകനും.വിളകള്‍ക്ക്‌ ന്യായ വില,താങ്ങുവില തുടങ്ങിയവ കര്‍ഷകന്‌ അന്യമാകുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട കൊടിയ പട്ടിണിയേയും ദാരിദ്ര്യത്തേയും കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ ധീരമായിട്ടാണ്‌ നേരിട്ടത്‌. കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കുന്ന ഭരണമാണ്‌ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സര്‍ക്കാര്‍ നടപ്പാക്കിയത്‌. മറ്റെന്തിന്‌ വേണ്ടികാത്തിരുന്നാലും കൃഷിക്കുവേണ്ടി സമയം കളയാനാകില്ലെന്ന പ്രഖ്യാപിച്ച ഭരണാധികാരിയാണ്‌ നെഹ്രു.കര്‍ഷിക മേഖലയില്‍ വലിയ മാറ്റം കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടപ്പിലാക്കി. ഹരിത വിപ്ലവം,ധവള വിപ്ലവം എന്നിവ ഉള്‍പ്പെടെ നാം കാര്‍ഷിക രംഗത്ത്‌ സ്വയംപര്യാപ്‌തത കൈവരിച്ചു.ഭക്ഷ്യസുരക്ഷ നടപ്പാക്കി.എന്നാല്‍ ഇവയെല്ലാം ഈ കരിനിയമങ്ങള്‍ കൊണ്ട്‌ തകര്‍ക്കാനാണ്‌ മോദിയുടെ ശ്രമം.പാര്‍ലമെന്റില്‍ നിയമം പാസാക്കിയത്‌ കൊണ്ട്‌ അത്‌ രാജ്യത്ത്‌ നടപ്പാക്കാമെന്ന്‌ പ്രധാനമന്ത്രി കരുതണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ ശരത്‌ചന്ദ്ര പ്രസാദ്‌, ജനറല്‍ സെക്രട്ടറിമാരായ പാലോട്‌ രവി, മണക്കാട്‌ സുരേഷ്‌,ഡി.സി.സി പ്രസിഡന്റ്‌ നെയ്യാറ്റിന്‍കര സനല്‍, കെ.എസ്‌.ശബരീനാഥന്‍ എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറിമാരായ പി.എസ്‌.പ്രശാന്ത്‌,ബി.ആര്‍.എം.ഷഫീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല,കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി,കെ.പി.സി.സി ഭാരവാഹികള്‍,ഡി.സി.സി പ്രസിഡന്റുമാര്‍,എം.പിമാര്‍,എം.എല്‍.എമാര്‍ തുടങ്ങിയവര്‍ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തു.

Related Articles

Back to top button