Kerala

ലൈഫ്‌ മിഷന്‍;ഹൈക്കോടതിയുടെ നിലപാട്‌ സ്വാഗതാര്‍ഹം:മുല്ലപ്പള്ളി

“Manju”

എസ് സേതുനാഥ്

ലൈഫ്‌ മിഷന്‍ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ നിലപാട്‌ സ്വാഗതാര്‍ഹമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി.

ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ്‌ ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വാഗതം ചെയ്യുകയും അവരുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്‌ത മുഖ്യമന്ത്രി ഇപ്പോള്‍ സി.ബി.ഐ ഭയപ്പെടുന്നു.സി.ബി.ഐ അന്വേഷണം മുന്നോട്ട്‌ പോകുമ്പോള്‍ ലൈഫ്‌ മിഷന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌ത്‌ ചിലപ്പോള്‍ അറസ്‌റ്റില്‍ വരെ കാര്യങ്ങള്‍ എത്തുമെന്നും അദ്ദേഹം ഭയപ്പെടുന്നു.വിജിലന്‍സിനെ ഉപയോഗിച്ച്‌ കേസില്‍ ക്ലീന്‍ ചീറ്റ്‌ തരപ്പെടുത്താനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നത്‌. വിജിലന്‍സിന്റെ എഫ്‌.ഐ.ആറില്‍ യുണിടാക്‌ നല്‍കിയ കമ്മീഷനെ കുറിച്ച്‌ പരാമര്‍ശം പോലുമില്ലെന്നത്‌ വിചിത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും പ്രതികളായ സി.ബി.ഐ അന്വേഷണങ്ങള്‍ തടയിടാന്‍ നികുതിദായകന്റെ കോടികളാണ്‌ പൊടിക്കുന്നത്‌. ഇത്‌ ക്രിമിനല്‍ കുറ്റമാണ്‌.ലൈഫ്‌ മിഷന്‍ കേസിലും സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാര്‍ സര്‍ക്കാരിന്‌ വേണ്ടി ഹാജരായത്‌ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസ്‌റ്റര്‍ ജനറലുമാണ്‌.ഷുഹൈബ്‌,പെരിയ ഇരട്ടക്കൊല,ടി.പി.ചന്ദ്രശേഖരന്‍ തുടങ്ങിയ കേസുകളില്‍ സി.ബി.ഐ അന്വേഷണത്തെ പ്രതിരോധിക്കാന്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവാക്കുകയാണ്‌ സുപ്രീംകോടതിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്നത്‌.സര്‍ക്കാര്‍ സംവിധാനങ്ങളെ അവഗണിച്ചാണ്‌ സുപ്രീംകോടതിയില്‍ നിന്ന്‌ അഭിഭാഷകരെ കൊണ്ടുവന്ന്‌ കേസ്‌ വാദിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സാജന്റെ ആത്മഹത്യ;പോലീസ്‌ നീക്കം പ്രതിഷേധാര്‍ഹം:

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്‌ത കേസ്‌ അവസാനിപ്പിക്കാനുള്ള പോലീസിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്‌.കേരള പോലീസില്‍ ജനങ്ങള്‍ക്ക്‌ വിശ്വസം നഷ്ടമായി.സി.പി.എമ്മുകാര്‍ പ്രതിസ്ഥാനത്ത്‌ വന്നാല്‍ അവരെ ഏതുവിധേനയും രക്ഷപ്പെടുത്താനാണ്‌ കേരളാ പോലീസ്‌ ശ്രമിക്കുന്നത്‌. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ്‌ തെളിവുകള്‍ നശിപ്പിക്കുന്നത്‌.അതുകൊണ്ട്‌ തന്നെയാണ്‌ ലൈഫ്‌ മിഷന്‍ ക്രമക്കേടിലെ വിജിലന്‍സ്‌ അന്വേഷണത്തില്‍ കെ.പി.സി.സിക്ക്‌ വിശ്വാസമില്ലാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആള്‍ക്കൂട്ട സമരം അവസാനിപ്പിച്ചത്‌ കോവിഡ്‌ രൂക്ഷമാകുന്നതിനാല്‍:

കോവിഡ്‌ മഹാമാരി പടര്‍ന്ന്‌ പിടിക്കുന്ന സാഹചര്യത്തിലാണ്‌ പ്രത്യക്ഷ സമരവുമായി മുന്നോട്ട്‌ പോകണ്ടെന്ന്‌ കോണ്‍ഗ്രസ്‌ തീരുമാനിച്ചത്‌.ആ തീരുമാനത്തില്‍ തെറ്റില്ല. അതിനെ തെറ്റായി വ്യാഖാനിക്കരുത്‌. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ്‌ അത്തരം ഒരു തീരുമാനം കോണ്‍ഗ്രസ്‌ എടുത്തത്‌. പ്രതിപക്ഷ സമരങ്ങളാണ്‌ കോവിഡ്‌ രോഗവ്യാപനത്തിന്‌ കാരണമെന്ന ദുഷ്‌പ്രചരണം മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തി. സര്‍ക്കാരിന്റെ ക്രമക്കേടുകള്‍ ജനമധ്യത്തില്‍ തുറന്ന്‌ കാട്ടാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിച്ചതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു.

കെ.മുരളീധരന്‍ എം.പിയുമായി തനിക്ക്‌ നല്ല വ്യക്തി ബന്ധമാണുള്ളത്‌.ലീഡര്‍ കരുണാകരന്റെ പ്രതിപുരുഷനായിട്ടാണ്‌ താന്‍ അദ്ദേഹത്തെ കാണുന്നത്‌.തന്നെ കുറിച്ച്‌ അദ്ദേഹത്തിന്‌ വ്യക്തിപരമായ പരാതികള്‍ ഉണ്ടാകുമെന്ന്‌ ഒരിക്കലും വിശ്വസിക്കുന്നില്ല.ആഭ്യന്തര ജനാധിപത്യവും സംഘടനാ വേദികളില്‍ അഭിപ്രായ സ്വാതന്ത്ര്യവും താന്‍ അധ്യക്ഷനായി ചുമതല ഏറ്റെടുത്ത ശേഷം ഉറപ്പുവരുത്തിയിട്ടുണ്ട്‌. അതില്ലെന്ന്‌ ആരും പറയില്ല.പാര്‍ട്ടിയുമായി ചര്‍ച്ച നടത്താന്‍ എം.പിമാര്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്‌. മറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക്‌ അടിസ്ഥാനമില്ല.യു.ഡി.എഫ്‌ ഒറ്റക്കെട്ടായിട്ടാണ്‌ മുന്നോട്ട്‌ പോകുന്നത്‌. അനുകൂല സാഹചര്യമാണുള്ളത്‌.അത്‌ നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്‌.പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന സമീപനം ആരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നത്‌ ഉചിതമാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Related Articles

Back to top button