KeralaLatest

പോരാട്ടത്തിന് യുവനിര

“Manju”

ശ്രീജ.എസ്

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നണികള്‍ പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവനിരയുടെ സ്ഥാനം വലിയ രീതിയില്‍ കാണാം. കൊല്ലം ജില്ലാ പഞ്ചായത്ത്, പരവൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍ മുനിസിപ്പാലിറ്റികള്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, കൊല്ലം ജില്ലാ പഞ്ചായത്ത്, 68 ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളെയും മുന്നണികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്.

വിദ്യാര്‍ത്ഥി – യുവജന നേതാക്കള്‍ക്ക് വലിയ സ്ഥാനമാണ് സ്ഥാനാര്‍‌ത്ഥി പട്ടികയില്‍ കൊടുത്തിരിക്കുന്നത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി.അനന്തു ജില്ലാ പഞ്ചായത്ത് തലവൂര്‍ ഡിവിഷനിലും സംസ്ഥാന കമ്മിറ്റിയംഗം യു. പവിത്ര കൊല്ലം കോര്‍പ്പറേഷന്‍ തിരുമുല്ലവാരം ഡിവിഷനിലും മത്സരത്തിനുണ്ട്. ഡി.വൈ.എഫ്.ഐ നേതാക്കളും വിവിധ ഇടങ്ങളില്‍ മത്സരത്തിനുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് ബാബു ജില്ലാ പഞ്ചായത്ത് കുന്നത്തൂരില്‍ ഡിവിഷനിലാണ് മത്സരിക്കാനുള്ളത്. യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാതിനിദ്ധ്യം ആവശ്യപ്പെട്ട് ശക്തമായ സമ്മര്‍ദ്ദം കോണ്‍ഗ്രസ് നേതൃത്വത്തിന് മേല്‍ ചെലുത്തുകയുണ്ടായിരുന്നു. എ.ഐ.വൈ.എഫ് – എ.ഐ.എസ്.എഫ് നേതാക്കളും സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

യുവമോര്‍ച്ചയുടെ ജില്ലയിലെ ഏതാണ്ടെല്ലാ നിയോജക മണ്ഡലം പ്രസിഡന്റുമാരും ജില്ലാ നേതാക്കളും ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലുമായി മത്സരത്തിനുണ്ട്. യുവമോര്‍ച്ചയുടെ മുന്‍ ജില്ലാ പ്രസിഡന്റും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ വി.എസ്.ജിതിന്‍ദേവ് ജില്ലാ പഞ്ചായത്ത് കുന്നത്തൂര്‍ ഡിവിഷനില്‍ മത്സരിക്കാന്‍ ഉണ്ട്. വനിതാ സംവരണ വാര്‍ഡുകളിലേക്ക് എല്‍.ഡി.എഫും ബി.ജെ.പിയും പരിഗണിച്ചവരില്‍ ഭൂരിപക്ഷവും യുവതികളാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്‍കുട്ടികളും വിദ്യാര്‍ത്ഥിനികളും മത്സര രംഗത്ത് സജീവമാണ് എന്നതും മത്സരത്തെ ശക്തമാക്കുന്നു.

Related Articles

Back to top button