IndiaInternationalKeralaLatest

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതക ചോര്‍ച്ച

“Manju”

സിന്ധുമോള്‍ . ആര്‍

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതക ചോര്‍ച്ച. ബഹിരാകാശ നിലയത്തിലെ റഷ്യയുടെ ഭാഗത്താണ് ചോര്‍ച്ച ഉണ്ടായത്. നിലയത്തില്‍ ദ്വാരം രൂപപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെ ചോര്‍ച്ച കണ്ടെത്തുന്നതിനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനുമായി നിലവില്‍ ബഹിരാകാശ നിലയത്തിലള്ള രണ്ട് റഷ്യന്‍ ഗവേഷകര്‍ക്കും ഒരു അമേരിക്കന്‍ ഗവേഷകനും തിങ്കളാഴ്ച രാത്രി മുഴുവന്‍ ഉറക്കമൊഴിയേണ്ടി വന്നുവെന്ന് നാസ പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് നിലയത്തില്‍ വാതകച്ചോര്‍ച്ച കണ്ടെത്തുന്നത്. റഷ്യന്‍ ഗവേഷകര്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കമ്പാര്‍ട്ട്മെന്റിലാണ് ചോര്‍ച്ചയുള്ളത്. ചോര്‍ച്ച വലുതാവുകയായിരുന്നുവെന്നും നിലവില്‍ ചെറിയ ചോര്‍ച്ചയാണുള്ളതെന്നും നാസ പറഞ്ഞു. ചോര്‍ച്ച കൂടുതല്‍ വഷളായില്ലെങ്കില്‍ നിലയത്തിന് ഒരു പ്രശ്‌നവും ഉണ്ടാകില്ല എന്ന് സ്‌പേസ് സ്റ്റേഷന്‍ ഡെപ്യൂട്ടി മാനേജരായ കെന്നി ടോഡ് വ്യക്തമാക്കി. ലീക്ക് ഡിറ്റക്ടറുകള്‍ ഉപയോഗിച്ചാണ് പരിശോധന.
അതേസമയം സാഹചര്യം ഗുരുതരമാകാതിരിക്കാന്‍ വാതക ടാങ്കുകള്‍ ബഹിരാകാശത്തേക്ക് അയക്കാന്‍ തയ്യാറെടുക്കുകയാണ് നാസ. വ്യാഴാഴ്ച വിര്‍ജിനിയയില്‍ നിന്ന് ടാങ്കുകള്‍ അയക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ട് റഷ്യക്കാരും രണ്ട് അമേരിക്കക്കാരും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്. ഇതുകൂടാതെ സ്‌പേസ് എക്‌സിന്റെ രണ്ടാമത്തെ ദൗത്യത്തില്‍ ഒരു ജാപ്പനീസ് ബഹിരാകാശ യാത്രക്കാരനും നിലയത്തിലെത്തും.

Related Articles

Back to top button