IndiaLatest

കശ്മീരില്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്നവരുടെ എണ്ണത്തില്‍ കുറവ്

“Manju”

ജമ്മു കശ്മീരില്‍ പ്രാദേശിക തീവ്രവാദികളുടെ എണ്ണം കുറയുന്നുവെന്നാണ് സര്‍ക്കാര്‍ പുറത്ത് വിടുന്ന പുതിയ കണക്ക്. കശ്മീര്‍ താഴ്‌വരയിലെ കുപ്വാര, ഗന്ദര്‍ബല്‍, ബന്ദിപോറ, ബാരാമുള്ള, അനന്തനാഗ് മേഖലകളില്‍ ഈ വര്‍ഷം ഒരാള്‍ പോലും തീവ്രവാദ സംഘടനകളില്‍ പുതിയതായി ചേര്‍ന്നിട്ടില്ല. തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ക്കഥയായിരുന്ന ഈ മേഖലകള്‍ ശാന്തമാകുന്നുവെന്നാണ് ജമ്മു കശ്മീര്‍ ഭരണകൂടം അവകാശപ്പെടുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ജമ്മു കശ്മീരിലാകെ ഉണ്ടായിരുന്ന തീവ്രവാദികളുടെ എണ്ണത്തില്‍ 27% കുറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 700 യുവാക്കളെയാണ് തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തത്. 2018ല്‍ 187 പേരെയും 2019ല്‍ 121 പേരെയും സംഘടനകളില്‍ ചേര്‍ത്തു. 2020ല്‍ 181ഉം 2021ല്‍ 142ഉം ആണ് തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നവരുടെ എണ്ണം. തീവ്രവാദികളെ മഹത്വവല്‍ക്കരിക്കുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് ഗുണം ചെയ്തുവെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ഈ വര്‍ഷം നവംബര്‍ മാസം വരെ കശ്മീരില്‍ 176 തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഇതില്‍, 126 പേര്‍ പ്രദേശവാസികളും 50 പേര്‍ പാകിസ്ഥാന്‍ സ്വദേശികളുമായിരുന്നു. തീവ്രവാദികളില്‍ ഭൂരിഭാഗം പേരും ലഷ്‌കര്‍ഇ തൈബ, ജയ്ഷ്ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദിന്‍ എന്നീ സംഘടനകളില്‍പ്പെട്ടവരായിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം കശ്മീരിലെ സാഹചര്യങ്ങള്‍ വഷളായിരുന്നു. സ്ഥിതി ശാന്തമാകുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഇനി സജീവമാകും. കശ്മീരിലെ മണ്ഡല പുനര്‍നിര്‍ണയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയിരുന്നു.

 

 

Related Articles

Back to top button